ആലുവ: എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം യാത്ര തടസ്സപ്പെട്ടവര്‍ കുവൈറ്റിലെത്തി. കുവൈറ്റിലെ സര്‍ക്കാര്‍ സ്ഥാപനമായ പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയുടെ 45 ദിവസത്തെ ഷട്ട്ഡൗണ്‍ ജോലിക്ക് കോഴിക്കോട് വിമാനത്താവളം വഴി ബഹറിന്‍ എയറിന്റെ ബിഎന്‍ 516 എന്ന വിമാനത്തില്‍ കഴിഞ്ഞ ദിവസം 27ന് രാവിലെ 5.15ന് കുവൈറ്റിലേക്ക് പോകേണ്ടിയിരുന്ന 20 യാത്രക്കാരുടെ യാത്രയാണ് കോഴിക്കോട് എമിഗ്രേഷന്‍ വിഭാഗത്തിന്റെ അനാസ്ഥമൂലം തടസ്സപ്പെട്ടത്.
വിസിറ്റിംഗ് വിസക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെങ്കിലും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ സമര്‍പ്പിച്ച് എല്ലാ തൊഴിലാളികള്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സ് എടുത്തിട്ടും കോഴിക്കോട് എമിഗ്രേഷന്‍ വിഭാഗത്തിന്റെ അറിവില്ലായ്മകൊണ്ടോ അറിഞ്ഞുകൊണ്ടോ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. പാസ്പോര്ട്ടില് കൊച്ചിന് എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുള്ള ക്ലിയറന്‍സില്‍ എല്ലാ വിവരങ്ങളും വ്യക്തമായി എഴുതിയിട്ടുണ്ട്. 90 ദിവസത്തിനുശേഷം വിസിറ്റിംഗ് വിസ തൊഴില്‍ വിസയാക്കുന്നതിന് ഗവണ്ടി മാത്രമാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമെന്ന് എമിഗ്രേഷന്‍ വിഭാഗത്തിന് ഇപ്പോഴും അറിയില്ലെന്ന് ഓള് കേരള മാന്‍പവര്‍ അസോസിയേഷന് ഓവര്‍ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കെ. മക്കാര്‍, പ്രസിഡന്റ് ശ്രീനിവാസ്, സെക്രട്ടറി ചാക്കോ പി. വര്‍ഗ്ഗീസ് എന്നിവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
യാത്രമുടങ്ങിയ 20 പേര് ഭക്ഷണവും വെള്ളവും പണവും ഇല്ലാതെ വലഞ്ഞ് ഏജന്‍സിയെ അറിയിച്ചപ്പോള്‍ ഏജന്‍സിയാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ പോകുന്ന എല്ലാവര്ക്കും ബന്ധപ്പെട്ട് തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ് ഉണ്ടായിട്ടും കോഴിക്കോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വഴങ്ങാതെ മനുഷ്യത്വമില്ലാതെയും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. അസോസിയേഷന്റെയും കൊച്ചി എമിഗ്രേഷന്‍ ഓഫീസിന്റെയും ഇടപെടല്‍ മൂലമാണ് കോഴിക്കോട് എമിഗ്രേഷന്‍ വിഭാഗം കുവൈറ്റിലേക്ക് എല്ലാവരേയും കയറ്റിവിട്ടത്. തികച്ചും സൗജന്യമായി റിക്രൂട്ടിംഗ് ചെയ്ത ഈ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ വന്നതുകൊണ്ട് റിക്രൂട്ടിംഗ് ഏജന്‍സിക്ക് വന്നിട്ടുള്ള സാമ്പത്തിക നഷ്ടത്തിനും മാനസികപീഡനത്തിനും പരിഹാരം കണ്ടില്ലെങ്കില്‍ കേരള മാന്‍പവര്‍ അസോസിയേഷന് കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് കെ. ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: