കൊച്ചി: വ്യാപാര, വ്യവസായ രംഗത്ത് ഫിക്കിയുടെ അറിവും വൈദഗ്ധ്യവും വിഭവശേഷിയും കേരളത്തിനായി പ്രയോജനപ്പെടുത്താന്‍ തയാറാണെന്ന് പ്രസിഡന്റ് ആര്.വി. കനോറിയ. സംസ്ഥാന സര്‍ക്കാരുമായും വ്യവസായ വാണിജ്യ മണ്ഡലങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനും കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കാനും ഫിക്കിക്ക് കഴിയും. ഇതിനുള്ള ശ്രമം കേരളത്തില്‍ നിന്നാണുണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്ഡ്സട്രിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്.വി. കനോറിയയ്ക്ക് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഹാളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് കേരളത്തിലെ വികസനരംഗം നേരിടുന്ന വെല്ലുവിളി. പ്രവാസി മലയാളികളില്‍ നിന്നുള്ള വരുമാനവും ഐടി, ടൂറിസം രംഗങ്ങളിലെ വികസനസാധ്യതകളും കേരളത്തിന്റെ ഭാവി ഏറെ ശോഭനമാക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ പിന്നോക്കാവസ്ഥയും പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യാന്തര വ്യാപാര രംഗത്ത് ഉയര്‍ന്ന നികുതി നിരക്കുകള്‍ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് ഫിക്കി പ്രസിഡന്റ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന് നേരിടുന്ന പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്നും ഇന്ത്യ പിടിച്ചുനില്ക്കണമെങ്കില് കരുതലോടെയുള്ള നടപടികള്‍ ആവശ്യമാണ്. അടുത്ത കേന്ദ്ര ബജറ്റിനായി ഫിക്കിയുടെ നിര്‍ദേശങ്ങള്‍ ധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാതിരിക്കുക, ആദായനികുതിയില്‍ നിന്നും സെസ് എടുത്തു കളയുക, ആദായനികുതി കിഴിവുകള്‍ യുക്തിസഹമാക്കുക തുടങ്ങിയവ ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. നികുതി നിരക്കുകള്‍ സംബന്ധിച്ച ഫിക്കിയുടെ അഭിപ്രായം റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും കനോറിയ വ്യക്തമാക്കി. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള പണം നാട്ടിലെത്തിക്കാന്‍ ആംനസ്റ്റി സ്കീം നടപ്പാക്കണമെന്ന് കനോറിയ നിര്‍ദേശിച്ചു.
സമരങ്ങളും ഹര്‍ത്താലുകളും ഉല്പാദനം തടസപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കനോറിയ ഈ വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു.
ഫിക്കിയുടെ ഉപകേന്ദ്രം കേരളത്തില്‍ തുടങ്ങണമെന്ന് കനോറിയയെ സ്വാഗതം ചെയ്ത കേരള ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് പറഞ്ഞു. കൊച്ചിയില്‍ കേന്ദ്രം തുടങ്ങുന്നതിന് നിര്‍മാണം പൂര്‍ത്തിയായി വരുന്ന കേരള ട്രേഡ് സെന്ററില്‍ സ്ഥലമടക്കം എല്ലാ സൗകര്യങ്ങളും നല്കാന് കേരള ചേംബര്‍ സന്നദ്ധമാണ്. ബിസിനസ് ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കേരള ചേംബറെന്നും മര്‍സൂഖ് അറിയിച്ചു.
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എല്‍. പ്രകാശ് ജയിംസ്, ഫിക്കി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.പി. ജയിന്, കേരള ചേംബര്‍ വൈസ് ചെയര്മാന് ദീപക് കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: