കൊച്ചി: യാക്കോബായ സഭയിലെ ഇരുവിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടലിലെത്തിയതോടെ പിറവം തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും അഗ്നിപരീക്ഷയാകുന്നു. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷമാണ് സഭാതര്‍ക്കം വീണ്ടും സംഘര്‍ഷത്തിലെത്തിയത്.
പിറവം നിയോജകമണ്ഡലത്തില്‍പ്പെട്ട മാമലശ്ശേരി സെന്റ് ജോര്‍ജ് പള്ളിയിലാണ് ഇന്നലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. യാക്കോബായ വിഭാഗത്തിന്റെ കീഴിലാണ് പള്ളിയെങ്കിലും വികാരി ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ടയാളാണ്. വികാരിക്കൊപ്പം വേറെ ചില പുരോഹിതന്മാരുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇവരെ യാക്കോബായ വിഭാഗം തടയുകയും സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.
സഭാ തര്‍ക്കപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നില്ലെന്ന് യാക്കോബായ വിഭാഗത്തിന് വളരെ നേരത്തെ പരാതിയുണ്ട്. തങ്ങളുടെ കീഴിലുള്ള പള്ളികളില്‍ പോലീസ് കയറി വികാരിമാരെയും ജനങ്ങളെയും പീഡിപ്പിക്കുകയാണെന്നും കള്ളക്കേസില്‍പ്പെടുത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു മാസം മുമ്പ് പിറവം മണ്ഡലത്തില്‍പ്പെട്ട കണ്യാട്ട് നിരപ്പ് പള്ളിയില്‍ പോലീസ് കയറി അക്രമമുണ്ടാക്കുകയും ഇടവകാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാരോപിച്ച് കാതോലിക്ക ബസേലിയോസ് മാര്‍ തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ നിരാഹാരസമരം നടത്തുകയും ചെയ്തിരുന്നു. പിന്നീട് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനിടയില്‍ ഉണ്ടായ ചെറിയ ഇടവേളയില്‍ പിറവത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
സഭാതര്‍ക്കത്തിലുള്ള ഏഴ് പള്ളികള്‍ പിറവം നിയോജകമണ്ഡലത്തില്പ്പെട്ടതാണെന്നതാണ് ഇരുമുന്നണികള്‍ക്കും ഏറ്റവും വലിയ തലവേദനയായിട്ടുള്ളത്.
യാക്കോബായ വിഭാഗത്തിനാണ് വിശ്വാസികള്‍ കൂടുതലുള്ളത്. ഓര്‍ത്തഡോക്സ് വിഭാഗം സാമ്പത്തികമായും ഭരണപരമായും മുന്നില്‍ നില്ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ പല പ്രമുഖരും ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതാണ് യുഡിഎഫിന് പ്രശ്നമായിരിക്കുന്നത്. വിശ്വാസികള്‍ ഏറെയുള്ള യാക്കോബായ വിഭാഗത്തെ പിണക്കിയാല്‍ വലിയ തിരിച്ചടിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. യുഡിഎഫ് ഭരണകാലത്തെല്ലാം തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന ഒരു വികാരം യാക്കോബായ വിഭാഗത്തിനുണ്ട്. കാതോലിക്കാബാവ ഇക്കാര്യം വളരെ നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് നേരത്തെ യാക്കോബായ വിഭാഗം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇന്നലത്തെ സംഭവവികാസങ്ങളോടെ ഇവര്‍ എവിടേക്ക് തിരിയുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. ബിജെപി കേന്ദ്രം ഭരിച്ച സമയത്ത് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ ഒട്ടേറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കാതോലിക്കാ ബാവ സ്മരിക്കാറുണ്ട്. ബിജെപിയുടെ സമയോചിതമായ ഇടപെടല്‍ പലപ്പോഴും ഇവര്‍ക്ക് രക്ഷയായിട്ടുമുണ്ട്.
അതേസമയം ഇടതുപക്ഷത്തെ ഒരുതരത്തിലും വിശ്വസിക്കാനും ബാവക്ക് താല്പര്യമില്ല. ഇപ്പോള്‍ മിണ്ടാതിരുന്ന് കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കാമെന്ന ലക്ഷ്യമാണ് എല്‍ഡിഎഫിനെന്ന് ഇരുസഭകളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പരസ്യമായ അഭിപ്രായ പ്രകടനത്തിന് അവര്‍ തയ്യാറായിട്ടില്ല.
എന്തായാലും സഭാ പ്രശ്നം വീണ്ടും സജീവമായത് ഇരുമുന്നണികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: