കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപിനെ മന്ത്രിയാക്കുമെന്ന പ്രസ്താവനയിലൂടെ മന്ത്രി ആര്യാടന് പിന്നാലെ മന്ത്രി കെ. ബാബുവും വിവാദത്തില്‍.പിറവത്ത് 200-ല്‍ താഴെ വോട്ടുകള്‍ക്ക് ജയിച്ച ടി.എം. ജേക്കബിന് മന്ത്രിയാകാമെങ്കില്‍ പതിനായിരത്തില്‍ താഴെ വോട്ടിന് ജയിച്ചാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിനും മന്ത്രിയാകാമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി ആര്യാടന് മുഹമ്മദ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ എല്‍ഡിഎഫിന്റെ പരാതി നിലനില്ക്കവേയാണ് വീണ്ടും മറ്റൊരു മന്ത്രി കൂടി ചട്ടലംഘനം നടത്തിയിട്ടുള്ളത്. എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് അനൂപിനെ മന്ത്രിയാക്കുമെന്ന് ബാബുവും പ്രഖ്യാപിച്ചത്.
പതിനായിരം വോട്ടിന് ജയിച്ചാല്‍ അനൂപിനെ മന്ത്രിയാക്കുമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഇതില്‍ കുറഞ്ഞ വോട്ടുകള്‍ക്ക് ജയിച്ചാല്‍ മന്ത്രിയാക്കിയില്ലേയെന്ന പത്രലേഖകന്റെ ചോദ്യത്തിന് മറുപടിയായാണ് കുറഞ്ഞ വോട്ടിന് ജയിച്ചാലും അനൂപ് മന്ത്രിയാകുമെന്ന് ബാബു പ്രഖ്യാപിച്ചത്. ജയിച്ചാല്‍ അനൂപ് മന്ത്രിയാകുമെന്ന് എല്ലാവര്ക്കും പ്രത്യേകിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അറിയാം. ഇത് കണക്കിലെടുത്താണ് ആര്യാടന് പ്രസ്താവന നടത്തിയത്. ഇതിനെതിരായ പരാതി കമ്മീഷന് പരിഗണിച്ചോട്ടെയെന്നും ബാബു പറഞ്ഞു.
സര്‍ക്കാരിന്റെ നിവൃത്തികേട് കൊണ്ടാണ് കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ കോടതിവിധി നടപ്പിലാക്കാതെ വന്നത്. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലും ഇതാണ് സംഭവിച്ചത്. പള്ളിപ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് വാക്ക്പാലിക്കാനായില്ല. പ്രശ്നത്തില്‍ ഇരുവിഭാഗങ്ങളിലും പരാതിയുണ്ട്. എന്നാല്‍ ഈ പരിഭവം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തണമെന്ന വാശിയും വൈരാഗ്യവുമായി മാറില്ല.
പിറവത്ത് തങ്ങളുടെ പ്രചരണം വി.എസ്. അച്യുതാനന്ദന് നയിക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം മറ്റ് നേതാക്കന്മാരില്ലെന്ന തുറന്നു പറച്ചിലാണ്. യുഡിഎഫിന് കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞതിന്റെ പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. ടി എം ജേക്കബിനെതിരായ അഴിമതി ആരോപണവും ധാരണാപിശക് മൂലം കഴിഞ്ഞ തവണ ശക്തിമുഴുവന്‍ പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിയാതിരുന്നതുമാണ് കഴിഞ്ഞതവണ ഭൂരിപക്ഷം കുറച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണെന്നും ബാബു പറഞ്ഞു.
വോട്ടര്‍മാരെ തടയുമെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന പിറവത്ത് കണ്ണൂര്‍ ആവര്‍ത്തിക്കാനുള്ള നീക്കമാണെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: