മോസ്കോ: റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡിമര്‍ പുടിനെ വധിക്കാനുള്ള പദ്ധതി തകര്‍ത്തു. റഷ്യന്‍- ഉക്രെയ്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ സംയുക്ത നീക്കമാണു വധശ്രമം തകര്‍ത്തത്. ഇതിനായി രഹസ്യ നീക്കം നടത്തിയ രണ്ടു പേരെ ഉക്രെയ്നില് നിന്ന് അറസ്റ്റ് ചെയ്തു.
റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനാണു വാര്‍ത്ത പുറത്തുവിട്ടത്. പുടിന് സഞ്ചരിക്കുന്ന ഔദ്യോഗിക വാഹന വ്യൂഹത്തില്‍ ബോംബ് വച്ചു കൊല്ലാനായിരുന്നു പദ്ധതി. കരിങ്കടലിനു സമീപമുള്ള ഒഡേഷ നഗരത്തിലെ ഫ്ളാറ്റില്‍ വച്ചു ബോംബ് നിര്‍മിക്കാനായിരുന്നു സംഘം തീരുമാനിച്ചത്. എന്നാല്‍ ഫ്ളാറ്റില്‍ സ്ഫോടനം നടന്നതു പ്രതികള്‍ക്കു വിനയായി.
സ്ഫോടനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. യു.എ.ഇയില്‍ നിന്നു തുര്‍ക്കി വഴിയാണ് ഉക്രെയ്നിലെത്തിയതെന്നു ചോദ്യംചെയ്യലില്‍ പ്രതികള്‍ മൊഴി നല്കി. മാര്‍ച്ച് നാലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വരെയാണു പുടിനെ വധിക്കാനുള്ള അവസാന സമയമായി അക്രമികള്‍ നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: