കൊച്ചി: പാക്കിസ്ഥാനില്‍ അച്ചടിച്ച കോടിക്കണക്കിനു രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ കൊച്ചിയിലേക്കു കടത്തിക്കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കി. ഭൂമി വാങ്ങിക്കൂട്ടുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പാക് നിര്‍മ്മിത ഇന്ത്യന്‍ നോട്ടുകള്‍ വന്‍തോതില്‍ കേരളത്തിലെത്തിച്ചതെന്നാണ് നിഗമനം. ഇത്തരം വ്യാജകറന്‍സികള്‍ ഉപയോഗിച്ച് തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍ നിരവധി സ്ഥലങ്ങളില്‍ ഭൂമിവാങ്ങിക്കൂട്ടിയതായും, പലര്‍ക്കും ഭൂമിക്കായി അഡ്വാന്‍സ് നല്‍കിയതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്ത ഒരു മുന്‍ പോലീസുകാരന് ഉള്‍പ്പടെ നിരവധിപേര്‍ കള്ളനോട്ടു സംഘത്തില്‍ കണ്ണികളായിരുന്നതായും, ഇവരില്‍ പലര്‍ക്കും ഭീകര സംഘടനകളുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ടെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനലഭിച്ചിരുന്നു. കള്ളനോട്ടുകള്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് കൊച്ചിയിലേക്കെത്തുന്നത് വീണ്ടും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുമ്പു നടന്ന സമാന സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവയും, അതില്‍ സംശയിക്കപ്പെടുന്നവരേയും കുറിച്ച് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഒരു മുന്‍ പോലീസുകാരന് കള്ളനോട്ട് ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് അന്നുതന്നെ വാര്‍ത്തപരന്നിരുന്നു. ഇയാള്‍ ഡല്‍ഹിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്ന സമയത്താണ് അവിടെ ബോംബുസ്ഫോടനവും നടന്നത്. ഇയാളുടെ അടിക്കടിയുള്ള ദല്‍ഹിയാത്രകള്‍ ഉള്‍പ്പടെയുള്ളവയുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചില ജീവകാരുണ്യ സംഘടനകളുടെ മറവിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ പുറത്തുനിന്നും പണം ഒഴുകിയെത്തിയതായും ഇത്തരം സംഘടനകള്‍ ഇപ്പോഴും ഇവിടെ സജീവമാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എഡിജിപി ഇന്റലിജെന്‍സ് മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: