കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത ദ്വാദശ ജ്ഞാനയജ്ഞം ഒമ്പതാം ദിവസമായ ഇന്നലെ കര്‍ഹിചിത്, സ്യമന്തകോപാഖ്യാനം, ബാണയുദ്ധം, നൃഗമോക്ഷം, രാജസൂയം, ഭഗവാന്റെ ദിനചര്യ, സുദാമാ ചരിതം സുഭദ്രാഹരണം, ശ്രുതിഗീത എന്നീ വിഷയങ്ങളില്‍ മാടശ്ശേരി നീലകണ്ഠന് നമ്പൂതിരി, വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാട് എന്‍.വി.നമ്പ്യാതിരി എന്നീ യജ്ഞാചാര്യന്മാര് പ്രഭാഷണം നടത്തി.
ഋഷിപ്രോക്തങ്ങളായ കഥകളെ വ്യാഖ്യാനിക്കുമ്പോള്‍ അതിന്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. രുഗ്മിണീ സ്വയംവരം ഒരു വിവാഹകഥ ആണെന്നുള്ളത് ഒരു സത്യമാണ്. പക്ഷെ, ഒരു സാധാരണ വിവാഹം ആയിട്ട് അതിനെ കണക്കാക്കരുത്. ഒരു സാധകന്റെ ഈശ്വരപ്രാപ്തിയാണ് അതിലെ പ്രധാന പ്രമേയം. രുഗ്മിണി കൃഷ്ണന് കൊടുത്തയച്ച സന്ദേശവും ബലരാമന് രുഗ്മിണിക്ക് കൊടുത്ത ഉപദേശവും ഈ വാദത്തെ സാധൂകരിക്കുന്നു.
രുഗ്മിണി തന്നെ കൃഷ്ണനോട് പറയുന്നുണ്ട് മോക്ഷം ഉള്‍പ്പെടെയുള്ള സമസ്ത പുരുഷാര്‍ത്ഥങ്ങളെയും തരുവാന്‍ കഴിവുള്ള അവിടുത്തെയാണ് വരിച്ചത്. ഇന്നത്തെ സാമൂഹ്യജീവിതത്തില്‍ പല വിവാഹബന്ധങ്ങളും തകരുന്നതായി കാണുന്നു. അതിന് പ്രധാന കാരണം ഈ ധര്‍മചിന്തയുടെ അഭാവമാണ്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന് തടസ്സം വരുമ്പോള്‍ ആണ് വിവാഹം വിവാദമായി മാറുന്നത്.
നാളെ രാവിലെ 6 മുതല്‍ ഗുരുവായൂര്‍ മണിസ്വാമിയുടെ ഭാഗവത പാരായണത്തോടെ യജ്ഞം ആരംഭിക്കും തുടര്‍ന്ന് വിവിധ ആചാര്യന്മാര് വൈകുന്നേരം 6.30 വരെ യജ്ഞവേദിയില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: