ബാഗ്ദാദ്: ബാഗ്ദാദ് നഗരത്തിലുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളിലും വെടിവെപ്പിലും 35 മരണം. പോലീസിനെ ലക്ഷ്യമിട്ടാണ് ഇറാഖ് തലസ്ഥാനത്ത് ആക്രമണം നടന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു.
കരദ്ധ ജില്ലയിലെ സുരക്ഷാ കേന്ദ്രത്തിനടുത്ത് നഗരമധ്യത്തില്‍ നടന്ന ഒരു കാര്‍ബോംബ് സ്ഫോടനത്തില്‍ ഒന്‍പത്പേര്‍ കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ ഉള്‍പ്പെടെ ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റു. രക്തത്തില്‍ കുളിച്ച നിരവധി പേരെ കണ്ടതായി ഒരു വാര്‍ത്താ ഏജന്‍സി അറിയിച്ചു. സമീപത്തെ നിരവധി സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. സമീപത്താകെ കറുത്ത പുകപടലങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ബാഗ്ദാദ് നഗരത്തില്‍ രാവിലെ നടന്ന എട്ടോളം സ്ഫോടനത്തില്‍ പതിനെട്ട് പേര് കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയില്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിക്ക് അറുപത് കിലോമീറ്റ അകലെ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന മാര്‍ക്കറ്റില്‍ നടത്തിയ ഒരു ചാവേര്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും എട്ട്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാഗ്ദാദില്‍ നിന്ന് 290 കി.മീ. മാറി കിര്‍കുക്ക് നഗരത്തില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഇരുപത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് തെക്ക് ഭാഗത്ത് മഡായില് പ്രദേശത്ത് റോഡരികില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ആഭ്യന്തരയുദ്ധത്തിന് ശേഷം വ്യാപകമായ അക്രമങ്ങള്‍ കുറഞ്ഞിരുന്നുവെങ്കിലും സ്ഫോടനങ്ങളും വെടിവെപ്പും ഇന്ന് നിത്യസംഭവമായിരിക്കുകയാണ്. ഇറാഖിന്റെ സുരക്ഷാ വിഭാഗത്തില്‍ ഏറ്റവും ദുര്‍ബല വിഭാഗമായാണ് പോലീസിനെ കാണുന്നത്. നേരത്തെ ബാഗ്ദാദ് പോലീസ് അക്കാദമിക്ക് സമീപം നടന്ന ഒരു സ്ഫോടനത്തില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയമായ കുടിപ്പകയാണ് ഇറാഖിനെ നിയന്ത്രിക്കുന്നതെന്നാണ് തദ്ദേശവാസികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: