കോട്ടയം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടുകല്‍ വ്യക്തതയോടെ പരിവര്‍ത്തനം ചെയ്യപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ച ലത്തീന്‍ കത്തോലിക്കര്‍ തിരിച്ചുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത്. കത്തോലിക്കാ സഭയില്‍ കാലങ്ങളായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ് കര്‍ദ്ദിനാളിന്റെ നിലപാട്. സഭയിലെ ഇത്തരം അവഗണന സഹിക്കാതെ പൂര്‍വ മതത്തിലേക്ക് തിരിച്ചുവരണമെന്നും ഹിന്ദു അരയന്മാരെ മതപരിവര്‍ത്തനം നടത്തി ക്രിസ്തുമത വിശ്വാസികളാക്കുകയായിരുന്നതായും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ഉയര്‍ന്ന ജനരോഷത്തെ പാശ്ചാത്ത്യ വിരുദ്ധ വികാരം ഇളക്കിവിട്ടുള്ള മുതലെടുപ്പ് എന്ന് വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്.
കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞാണ് ഇറ്റലിക്കാരായ കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്. ഭാരതത്തിന്റെ തീരദേശം സുരക്ഷിതമല്ലെന്നുള്ളതിന് തെളിവാണ് നീണ്ടകരയില്‍ നടന്ന സംഭവങ്ങള്‍. കോണ്‍ഗ്രസ് പ്രസിഡന്റ് ഇറ്റലിക്കാരിയാണെന്ന പരിഗണന ആ രാജ്യത്തോടുള്ള സമീപനത്തില്‍ മുന്‍പും കോണ്‍ഗ്രസ് സര്‍ക്കാരുകളെ സ്വാധീനിച്ചിട്ടുണ്ട്. ഒട്ടാവിയോ ക്വത്തറോച്ചി ബോഫോഴ്സ് കേസ്സില്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടത് ഇതിനുദാഹരണമാണ്. നീണ്ടകര സംഭവത്തില്‍ പഴയ കൊളോണിയല്‍ മനോഭാവത്തോടെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
ഇറ്റാലിയന്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് നാലു ദിവസം നങ്കൂരമിട്ടു കിടന്നതിനാല്‍ പോര്‍ട്ട് ട്രസ്റ്റിന് വന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം കപ്പല്‍ ഉടമകളില്‍നിന്നും ഈടാക്കുവാന്‍ നടപടിയുണ്ടാകണം. നീണ്ടകര സംഭവത്തില്‍ ഇപ്പോള്‍ വത്തിക്കാനിലുള്ള കേന്ദ്രമന്ത്രി കെ.വി. തോമസ് നിലപാട് വ്യക്തമാക്കണം.
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ സ്വാധീനിച്ചു എന്ന വാര്‍ത്ത ശരിയെങ്കില്‍ അതിനെ ജനാധിപത്യ സംവിധാനത്തോടുള്ള തുറന്ന വെല്ലുവിളിയായി കാണണം. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരിക്കെ മതമേലദ്ധ്യക്ഷന്മാര് അതിലിടപെടുന്നത് ശരിയല്ല. നീണ്ടകര സംഭവത്തില്‍ കേരള സര്‍ക്കാരിന്റെ നടപടികളിലെ ദുരൂഹതകള്‍ നീക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കെ.എസ്. ഓമനക്കുട്ടന്, കുമ്മനം രവീന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: