പെരുമ്പാവൂര്‍: ശിവരാത്രി ആഘോഷങ്ങളുടെയും വ്രതാനുഷ്ഠാനത്തിന്റെയും ഭാഗമായി പെരുമ്പാവൂരിന്റെ പരിസരത്തുള്ള ശിവക്ഷേത്രങ്ങള്‍ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. മിക്കയിടങ്ങളിലും തിങ്കളാഴ്ച സന്ധ്യയോടെ തിരക്കനുഭവപ്പെട്ടുതുടങ്ങിയിരുന്നു. പിതൃതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്ന ക്ഷേത്രങ്ങളിലെല്ലാം ചൊവ്വാഴ്ച ഉച്ചവരെ വന്‍ തിരക്കുണ്ടായിരുന്നു. പിതൃതര്‍പ്പണത്തിന് ഏറ്റവും പേരുകേട്ട ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പെരിയാറിന്റെ തീരത്തെ ബലിത്തറകളിലും ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാത്രി 12 മുതല്‍ ആരംഭിച്ച ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധി ബലിത്തറകളാണ് ഒരുക്കിയിരുന്നത്. ഓരോ സമുദായത്തില്‍പ്പെട്ടവര്‍ക്കും ആചാരങ്ങള്‍ക്കനുസരിച്ച് തര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യവും ചേലാമറ്റത്ത് ഒരുക്കിയിരുന്നു.
മഞ്ഞപ്പെട്ടി മേജര്‍ ചിറ്റീശ്വരം മഹാദേവ ക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങള്‍ പിതൃതര്പ്പണംനടത്തി. 5 മണിമുതല്‍ ആരംഭിച്ച ചടങ്ങുകള്‍ക്ക് വി.എന്‍. നീലകണ്ഠന് ഇളയത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂലേലി ശങ്കരനാരായണക്ഷേത്രം, ഇരവിച്ചിറ മഹാദേവക്ഷേത്രം, ചേരാനല്ലൂര്‍ ശങ്കരനാരായണക്ഷേത്രം എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ചു. രായമംഗലം കൂട്ടുമഠം പെരയ്ക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ വെളുപ്പിന് നാല് മുതല്‍ പിതൃതര്‍പ്പണം ആരംഭിച്ചു. നിരവധി ഭക്തജനങ്ങള്‍ ഇവിടെയെത്തി തര്‍പ്പണപുണ്യം നേടി. പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് കേശവന് ഇളയത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒക്കല്‍ തുരുത്തില് മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാത്രി 12 മുതല്‍ ആരംഭിച്ച ബലിയിടല്‍ ചടങ്ങുകള്‍ക്ക് ടി.വി. ഷിബുശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കാലടി: ആദിമൂര്ത്തിയായ ശ്രീനരസിംഹസ്വാമിയും പിതൃമൂര്ത്തിയായ ശ്രീകൃഷ്ണഭഗവാനും കുടികൊള്ളുന്നതും പൂര്‍ണാനദി വലതുഭാഗത്തുകൂടി ഒഴുകുന്നതുമായ തിരുവലംചുഴി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. മഠസ്സി മനക്കല് വിക്രമന് നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന് എമ്പ്രാന്തിരിയും ക്ഷേത്രച്ചടങ്ങുകള്‍ക്കും, സാബുശാന്തി, നീലകണ്ഠന് ഇളയത് എന്നിവര്‍ ബലിതര്പ്പണാദി ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.
കാലടി: നായത്തോട് വേഴപ്പറമ്പ് ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. ശിവരാത്രി ദിനത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് താന്നിപ്പിള്ളി വിഷ്ണുനാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. നിറമാല, വിളക്കുവയ്പ്, നടയ്ക്കല്‍ പറ, പ്രസാദവിതരണം എന്നിവ നടന്നു.
കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: