കാലടി: ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ സാങ്കേതിക-സാംസ്കാരിക കലാമേളയായ ബ്രഹ്മ-12 സമാപിച്ചു. മൂന്ന് ദിവസമായി 34 കോളേജുകളില്‍ നിന്നായി 1239 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മത്സരിച്ചു.
മൂന്നാംദിവസം ഹ്രസ്വചലച്ചിത്ര മത്സരം ശരാശരി നിലവാരം മാത്രമേ പുലര്‍ത്തിയുള്ളൂ. നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ എന്നതായിരുന്നു പ്രമേയം. അതേസമയം നിഴലുകള്‍ എന്ന പ്രമേയാവതരണത്തിന്റെ ഫോട്ടോഗ്രാഫി മികച്ചതായി. കെഎംഇഎയ്ക്കാണ് ഒന്നാംസമ്മാനം. യന്ത്രമനുഷ്യ യുദ്ധത്തില്‍ മോഡേണ്‍ എനര്‍ജി കോളേജ് കുട്ടികളുടെ യന്ത്ര മനുഷ്യന് കോയമ്പത്തൂര്‍ കാരുണ്യ എഞ്ചിനീയറിംഗ് കോളേജ് കുട്ടികളുടെ റോബോര്‍ട്ടിനെ തകര്‍ത്ത് ഒന്നാംസ്ഥാനം നേടി.
ലീഡ് ഇന്ത്യ പ്രോഗ്രാം നമ്മുടെ നാട്ടിലെ വൈവിധ്യമുള്ള വിഷയങ്ങള്‍ എടുത്ത് വിശകലനം ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കുന്ന നൂതന പരിപാടിയാണ്. ഇതില്‍ ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി. ബെസ്റ്റ് മാനേജരായി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിഷ്ണുദാസ് തെരഞ്ഞെടുക്കപ്പെട്ടു.
മേളയിലെ ഏറ്റവും ആകര്‍ഷകമായത് മൂന്നാംദിവസം നടന്ന ആട്ടോ എക്സ്പോയാണ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാറാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഭാവവും രൂപവും ഗതിയും മാറ്റിയ വിവിധതരം കാറുകളും അതോടൊപ്പം യുവാക്കള്‍ക്ക് ഹരം പകരുന്ന വര്‍ണ്ണങ്ങളുള്ള ബൈക്കുകളും ഏറെ ആകര്‍ഷിച്ചു. വൈകിട്ട് ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളയോടെ ബ്രഹ്മക്ക് തിരശ്ശീല വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: