കോട്ടയം : മതത്തെ അറിയാത്ത മതവിശ്വാസികള്‍ വര്‍ദ്ധിക്കുന്നത് മതത്തിനും സമൂഹത്തിനും ഒന്നുപോലെ ദോഷം ചെയ്യുമെന്ന് ഏകലോക മാനവസഭയുടെ ആചാര്യന് ഡോ. എം.ആര് യശോധരന് പറഞ്ഞു. മനുഷ്യരില്‍ ആത്മബോധം വളര്‍ത്തുകയാണ് മതങ്ങളുടെ മൗലികമായ ധര്‍മ്മം. ആത്മബോധമുള്ക്കൊണ്ടു ജീവിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ ഇതര ജീവികളില്‍ നിന്ന് സവിശേഷമാകുകയുള്ളു. ജന്തുത്വത്തില് നിന്ന് മനുഷ്യത്വത്തിലേക്കും അതില്‍ നിന്ന് ദിവ്യത്വത്തിലേക്കും മനുഷ്യനെ വളര്‍ത്തുവാന്‍ മതങ്ങള്‍ക്ക് കഴിയേണ്ടതാണ്. എന്നാല്‍ മതങ്ങളില്‍ നിന്ന് സാമൂഹിക പ്രസ്ഥാനങ്ങളായി അധപ്പതിച്ച് രാഷ്ട്രീയമായ വിലപേശല്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകലോക മാനവസഭയുടെയും ശ്രീനാരായണ സാംസ്കാരിക സമിതി, കോട്ടയത്തിണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ ജനനീനവരത്നമഞ്ജരി എന്ന ഗുരുദേവകൃതി അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി കോട്ടയം ജില്ലാ ഭാരവാഹികളും വിവിധ ജാതി മത വിഭാഗത്തില്പെട്ടവരും പഠനക്ളാസില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: