ബാങ്കോക്ക്: ഇന്ത്യ, തായ്ലന്റ്, ജോര്‍ജിയ എന്നീ രാജ്യങ്ങളില്‍ ബോംബാക്രമണം നടത്തിയതിന് പിന്നില്‍ ഇറാനാണെന്ന് സംശയിക്കുന്നതായി ഇസ്രായേല്‍. ഈ മൂന്നിടങ്ങളിലും 24 മണിക്കൂറിനുള്ളില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാന സ്വഭാവമാണുള്ളതെന്ന് ഇസ്രായേല്‍ അംബാസഡര്‍ ഇറര്ഷക് ഷോഹം പറഞ്ഞു. തായ്ലന്റില് നടന്ന ബോംബാക്രമണവും ഇസ്രായേല്‍ നയതന്ത്രഞ്ജരെ ലക്ഷ്യം വച്ചായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തായ്ലന്റില് നടന്ന ബോംബാക്രമണം പരാജയപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഷോഹം പറഞ്ഞു. എന്നാല്‍ എല്ലാം ഇവിടെ വച്ച് അവസാനിച്ചുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ തായ്ലന്റില് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബോംബാക്രമണത്തിന് പദ്ധതിയിട്ട ലബനീസ് പൗരനെ കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് ഇറാനിലേയും സിറിയയിലേയും മുസ്ലീം ഷിയ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നീളുന്നത് ഒരു ലബനീസ് യുവാവിലാണ്. ദല്‍ഹിയിലുള്ള ലബനോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുസ്ലീം തീവ്രവാദ സംഘടനയായ ഹിസ്ബുളുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥികളെന്ന വ്യാജേന ദല്‍ഹിയില്‍ കഴിയുന്ന 50 ഇറാന്കാരെക്കുറിച്ചും ലബനന്കാരെക്കുറിച്ചും ഇസ്രായേല്‍ നല്കുന്ന വിവരങ്ങള്‍ക്കായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. ഇവര്‍ തങ്ങാനിടയുള്ള ഹോട്ടലുകളും മറ്റും സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: