കൊച്ചി: ബ്രേക്കിങ് ന്യൂസിനായുള്ള മത്സരം വരുത്തിയിരിക്കുന്ന മൂല്യച്യുതി മാധ്യമലോകം വിലയിരുത്തണമെന്ന് നിയമസഭാ മുന്‍ സ്പീക്കര്‍ വി.എം. സുധീരന് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ ആശാസ്യമല്ല. അതേസമയം സ്വയംനിയന്ത്രണവും ആത്മവിമര്‍ശനവും മാധ്യമലോകത്തു നിന്നു തന്നെയുണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കേരള പ്രസ് അക്കാദമിയില്‍ എന്‍.എന്‍. സത്യവ്രതന് സ്മാരക പുരസ്കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ രജി.ആര്. നായര്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ് കൗണ്‍സിലിനു സമാനമായതും എന്നാല്‍ കൂടുതല്‍ കാര്യക്ഷമവുമായ സ്റ്റേറ്റ് പ്രസ് കമ്മീഷന് രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സുധീരന് പറഞ്ഞു. പത്രപ്രവര്‍ത്തകരുടെയും പത്രമാനേജ്മെന്റുകളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കണം കമ്മീഷന്. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അപാകതയുള്ളതായി ആക്ഷേപമുയര്‍ന്നാല്‍ അത് നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുന്നതിനുള്ള സ്വതന്ത്രസംവിധാനമാണ് താന്‍ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന്റെ വിപുലീകൃതരൂപമെന്നാണ് ജവഹര്‍ലാല്‍നെഹ്റു പത്രങ്ങളെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം മറ്റൊരു രീതിയില്‍ നിര്‍വഹിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത് മാധ്യമവാര്‍ത്തകളാണ്. സഭാനടപടികളുടെ സ്തംഭനം സഭകളുടെ പരാജയമാണ്. നിയമനിര്‍മാണസഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത്. പാര്‍ലമെന്റിന്റെ പ്രസക്തി കുറയുന്നതിന് പ്രധാന ഉത്തരവാദികള്‍ പാര്ലമെന്റേറിയന്മാര് തന്നെയാണെന്നും സുധീരന് അഭിപ്രായപ്പെട്ടു.
പൊതുപ്രവര്‍ത്തകരുമായി പത്രപ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ പുലര്‍ത്തിയിരുന്ന ബന്ധം ഇന്നുണ്ടോയെന്ന് സംശയമാണ്. വഴക്കടിക്കാനും ഉപദേശിക്കാനുമുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രസ് ക്ലബ്ബ് എറണാകുളത്ത് സ്ഥാപിക്കാനിടയാക്കിയത് എന്‍.എന്‍. സത്യവ്രതന്റെ ദീര്‍ഘദര്‍ശിത്വത്തിന് തെളിവാണ്. പത്രപ്രവര്‍ത്തകരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേദിയായാണ് പ്രസ് ക്ലബ്ബുകള്‍ വിഭാവനം ചെയ്യപ്പെട്ടതെന്നും സുധീരന് ചൂണ്ടിക്കാട്ടി.
പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് അധ്യക്ഷനായിരുന്നു. മാതൃഭൂമി കോഴ്സ് ഡയറക്ടര്‍ എന്‍. ബാലകൃഷ്ണന് എന്‍.എന്‍. സത്യവ്രതനെ അനുസ്മരിച്ചു. കെ.കെ. ജയന്, രജി.ആര്.നായര്‍, പ്രസ് അക്കാദമി സെക്രട്ടറി വി.ജി. രേണുക, അസിസ്റ്റന്റ് സെക്രട്ടറി സി. അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: