കൊച്ചി: വര്‍ണമത്സ്യ മേഖലയിലും തീരദേശ തുറമുഖ വികസനങ്ങളിലും ശാസ്ത്രീയമായ സമീപനം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യാ ഇന്റര്‍ നാഷണല്‍ അക്വാ ഷോയുടെ ഭാഗമായി സംഘടിപ്പിച്ച വര്‍ണമത്സ്യ പാലനം, കൃഷിത്തൊഴിലും വാണിജ്യവും എന്ന വിഷയത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള മാര്‍ക്കറ്റില്‍ വര്‍ണമത്സ്യ മേഖലയുടെ വളര്‍ച്ച ഇന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഉദ്യോഗസ്ഥര്‍ കര്‍ക്കശ മനേഭാവത്തോടെ പ്രവര്‍ത്തിക്കാതെ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കൂട്ടായി പരിശ്രമിക്കണം. മറ്റു മേഖലകളെക്കാള്‍ കൂടുതലായി ശാസ്ത്രീയ ഇടപെടലുകള്‍ ഈ മേഖലയ്ക്ക് ആവശ്യമാണ്. മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസമൂഹത്തിന്റെ ആശയങ്ങളും അറിവുകളും ശാസ്ത്ര സ്ഥാപനങ്ങളുടെ സഹായങ്ങളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയ സമീപനത്തോടെ ദൈനംദിന മാറ്റങ്ങളുള്ക്കൊണ്ടാവണം മുന്നോട്ടു പോവേണ്ടത്. കേരളത്തിന് ഈ മേഖലയില്‍ വലിയ വളര്‍ച്ച നേടാന്‍ സാധിക്കും.
തീരദേശ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങള്‍ ഇത്തരം മേഖലകളില്‍ കൂടി ശ്രദ്ധയൂന്നണം. ഇതിലൂടെ കൂടുതല്‍ സ്ത്രീകള്‍ക്കു ജോലി നേടാനാകും. ഈ മേഖലയുടെ വളര്‍ച്ച കൂടുതല്‍ ആളുകള്‍ക്ക് സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായകമാകും. മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര പ്ലാനിംഗ് കമ്മീഷന് പ്രത്യേക പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വിധ സഹായങ്ങളും തീരദേശ വികസനത്തിന് ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്ണമത്സ്യമേഖലയിലുള്പെടെ മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ ആളുകള്‍ കടന്നുവന്നാല്‍ മാത്രമേ ആഗോള മാര്‍ക്കറ്റില്‍ കേരളത്തിന് നിര്‍ണായക സ്ഥാനം നേടാനാകൂവെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. ഈ മേഖലയുടെ ഉന്നമനത്തിലൂടെ തീരദേശ വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോട്ടല്‍ റിനയസെന്സില് നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി സുവനീര്‍ പ്രകാശനം ചെയ്തു. ഡൊമിനിക്ക് പ്രസന്റേഷന് എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി, പനങ്ങാട് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബി.മധുസൂദന കുറുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സൈറബാനു എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം വര്‍ണമത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: