കൊച്ചി: നാളെയുടെ താരങ്ങളായ റോബോട്ടുകളുടെ വിസ്മയകാഴ്ചകള്ക്ക് കോതമംഗലം എംഎ കോളേജ് വേദിയാകുന്നു. ലോകത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തുന്നതിനും റോബോട്ടിക്സ് മേഖലയിലെ അനന്തസാധ്യതകള്‍ മനസിലാക്കിതരുന്നതിനുമാണ് നാഷണല്‍ റോബോ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. നര്കോണ് 2012 എന്നു പേരിട്ടിരിക്കുന്ന മേള കോതമംഗലം എംഎ കോളേജിന്റെയും സ്വദേശി സയന്‍സ് മൂവ്മെന്റിന്റെയും സഹകരണത്തോടെ 27,28 തീയതികളിലാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എംഎ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായാണ് മേള ഒരുക്കിയിരിക്കുന്നത്. റോബോട്ടിക് മേഖലയില്‍ അതികായനും നാഷണല്‍ യൂണിവേഴ്സിറ്റി ഒാഫ് സിങ്കപ്പൂര്‍ സീനിയര്‍ പ്രൊഫസറുമായ ഡോ. പ്രഹള്ഡ് വടക്കേപ്പാട്ട് റോബോ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. വിവിധ തരത്തിലുള്ള റോബോട്ടുകളുടെ എക്സിബിഷനുകള്‍,റോബോട്ടിക് സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തല്‍,റോബോട്ടുകളുടെ നിര്‍മാണം,ഇവയുടെ ഉപയോഗങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി വിശദീകരിക്കും. കൂടാതെ റോബോട്ടിക് മേഖലയിലെ വിദഗ്ധരുമായി സംവാദത്തിന് വേദിയൊരുക്കിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായുള്ള റോബോട്ടിക് റിസര്‍ച്ച് അക്കാദമിയുടെ പ്രൊജക്റ്റ് എക്സ്പോയും മേളയുടെ ഭാഗമായി അരങ്ങേറും. ചെലവുകുറഞ്ഞ റോബോട്ട് നിര്‍മാണത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്. യുവതലമുറകളെ റോബോട്ടിക് മേഖലയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ ഇതുപോലെയുള്ള മേളകള്‍ക്ക് കഴിയുമെന്നും ഇതിലൂടെ മാത്രമേ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും സംഘാടകര്‍ പറഞ്ഞു. നര്കോണ് കോ -ഓര്‍ഡിനേറ്റര്‍ മാധവ് ശങ്കര്‍, പ്രൊഫ.രാജന്.പി.തോമസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: