പ്രകൃതി രമണീയതകൊണ്ടും ഗ്രാമഭംഗികൊണ്ടും സമ്പന്നമായ മച്ചാടിന്റെ ഹൃദയഭൂമിയില്‍നിന്നും മാമാങ്കക്കുതിരകള്‍ വരവായി. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തുടിക്കുന്ന പ്രതീകങ്ങളായി ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് സമ്പന്നമായ തിരുവാണിക്കാവ് വേലയെന്ന മച്ചാട് മാമാങ്കം ഒരു ദേശത്തിന്റെ സര്‍വ്വസ്വവുമായി എത്തുകയായി. കൊയ്‌ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളിലൂടെ പൊയ്‌ക്കുതിരകളുമായി ദേശക്കാര്‍ സമര്‍പ്പിക്കുന്ന കാണിക്കയാണ് മാമാങ്കം. ഒപ്പം നന്മനിറഞ്ഞ പച്ചപ്പില്‍ പൂതനും തിറയും തെയ്യവും ദാരികനും നായാടിയുമെല്ലാം വിശ്വാസത്തിന്റെ നേരുമായി നിറഞ്ഞാടുമ്പോള്‍ മാമാങ്കത്തിന് ദേശീയ മഹോത്സവത്തിന്റെ മാനം കൈവരുന്നു.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് മച്ചാട് മാമാങ്കം. പട പുറപ്പാടിനെ അനുസ്മരിപ്പിക്കുന്ന പറപുറപ്പാടും പറയെടുക്കുന്നതിന് ഭഗവതിയുടെ പ്രതിനിധിയായ ‘ഇളയതിനെ’ എടുപ്പന്മാര്‍ തോളിലേറ്റി ഓടുന്നതും ആവേശത്തിരയിളക്കിയുള്ള കുതിരവരവും മച്ചാട് മാമാങ്കത്തിന്റെ മാത്രം പ്രത്യേകതയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറിയിരുന്നതാണ് മാമാങ്കം. മാഘമാസത്തിലെ മകം നാളില്‍ അരങ്ങേറിയിരുന്നതുകൊണ്ട് ‘മാഘമകം’ എന്നപേരും ഇതിന് കൈവന്നു. പിന്നീട് ഇത് ലോപിച്ച് മാമാങ്കമായി മാറി എന്നും പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ രക്ഷാധികാരസ്ഥാനത്തിനുവേണ്ടി നാടുവാണ രാജാക്കന്മാര്‍ ചോര ചീന്തിയപ്പോള്‍ തിരുനാവായ മണപ്പുറത്തെ മാമാങ്കം വിസ്മൃതിയിലേക്ക് മറഞ്ഞു.
കാലപ്രവാഹത്തിലും ആചാരാനുഷ്ഠാനങ്ങളിലും തെല്ലും തനിമ നഷ്ടപ്പെടാതെ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് ഗ്രാമത്തില്‍ ഇത് പുനര്‍ജനിക്കുകയായിരുന്നു. ബ്രഹ്മഹത്യ പാപപരിഹാരത്തിനായി ഭിക്ഷാടനം ചെയ്ത പരമശിവന്‍ തന്റെ ഭിക്ഷാപാത്രം നിറഞ്ഞപ്പോള്‍ ‘വെച്ചനാട്’ പിന്നീട് മച്ചാടായി എന്നാണ് ഐതിഹ്യം. കരുമത്ര, തെക്കുംകര, വിരുപ്പാക്ക, മണലിത്തറ, പാര്‍ളിക്കാട് എന്നീ ആറു ദേശങ്ങള്‍ ഉള്‍പ്പെട്ട ഗ്രാമസമുച്ചയമാണ് മച്ചാട്. ഇതില്‍ കഴിഞ്ഞ വര്‍ഷം വരെ പാര്‍ളിക്കാട് ഒഴിച്ചുള്ള അഞ്ചുദേശങ്ങള്‍ മാമാങ്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാര്‍ളിക്കാട് ദേശക്കാരും ഉത്സവത്തിലെ പങ്കാളികളായിരുന്നെങ്കിലും ഒരുതവണ മാമാങ്കക്കുതിരയുടെ തല നഷ്ടപ്പെടുകയും പിന്നീട് ഇത് തിരിച്ചു കിട്ടിയാലേ ഉത്സവത്തില്‍ പങ്കെടുക്കൂ എന്ന് ദേശക്കാര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ജ്യോതിഷപ്രകാരം ഉത്സവത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാമാങ്കത്തില്‍ വീണ്ടും പാര്‍ളിക്കാട് ഭാഗമായി. പനങ്ങാട്ടുകര, പുന്നംപറമ്പ്, തെക്കുംകര എന്നീ ദേശങ്ങള്‍ക്കാണ് ഉത്സവം നടത്തിപ്പിനുള്ള ചുമതല.
പറപുറപ്പാടിനും പറയെടുപ്പിനും കുതിര വേലക്കുമെല്ലാം മറ്റൊരിടത്തും കാണാത്ത ഏറെ സവിശേഷതകളാണ് ഇവിടെയുള്ളത്. മറ്റുക്ഷേത്രങ്ങളില്‍ പറപുറപ്പെട്ട് പോകുന്നത് പകല്‍ സമയത്താണെങ്കില്‍ ഇവിടെ അത്താഴപൂജക്ക് ശേഷമാണ്. ക്ഷേത്രത്തില്‍ കോമരമുണ്ടെങ്കിലും ഭക്തരുടെ പറയെടുക്കാന്‍ ഭഗവതിയുടെ പ്രതിനിധിയായി പോകുന്നത് ഇളയതാണ്. പറക്കൊപ്പമുള്ള വാദ്യമേളങ്ങളിലും മച്ചാട് മാമാങ്കം ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു. മറ്റുക്ഷേത്രങ്ങളില്‍ ചെണ്ടയും ഇലത്താളവുമാണ് പ്രധാന വാദ്യമെങ്കില്‍ ഇവിടെ കൊമ്പും കുഴലുമാണ്. അതുകൊണ്ടുതന്നെ പറപുറപ്പാടല്ല പടപുറപ്പാടാണെന്ന ഐതിഹ്യവും ഇവിടെ നിലനില്‍ക്കുന്നു. ദാരികവധത്തിനായി രണകാഹളം മുഴക്കി ഭഗവതി അശ്വവേതാളത്തിന്റെ പുറത്ത് കയറിപ്പോകുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പറ പുറപ്പാട് ദിവസം ദേവിയുടെ ചൈതന്യം തന്നിലേക്ക് ആവാഹിച്ചെടുക്കുന്ന ഇളയത് നടക്കുകയല്ല ഇതിനായി പ്രത്യേകം അവകാശമുള്ള എടുപ്പന്മാര്‍ തോളില്‍ കയറ്റി ദേശങ്ങളിലെത്തി പറ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന കാലത്തും ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് ഭഗവതിയുടെ പറപുറപ്പാടിലൂടെ കാണാന്‍ സാധിക്കുന്നത്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് പറപുറപ്പാട്. ആദ്യ പറ സ്വീകരിക്കുന്നതാകട്ടെ ഹരിജന്‍ കുടുംബത്തിന്റേതാണ് എന്നതാണ് ഏറെ സവിശേഷത. പറക്ക് കൂടെ പോകുന്ന ദേവിയുടെ (ഇളയത്) കഴുത്തില്‍ ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ള പട്ടുകളുണ്ടായിരിക്കും. ഐശ്വര്യം പ്രദാനം ചെയ്യുന്ന സമയത്ത് തുടുപ്പ് വര്‍ണവും, വിദ്യ പ്രദാനം ചെയ്യുന്ന സമയത്ത് ശുഭ്രവര്‍ണവും, ശത്രുക്കളെ വിജയിക്കുന്ന സമയത്ത് നീലവര്‍ണവു (കറുപ്പ്) മാണ് ദേവിക്കുള്ളത്. പറ പുറപ്പെട്ട് വേലദിവസം വരെയുള്ള ദിവസങ്ങളില്‍ ഏഴായിരത്തിലേറെ പറകളാണ് സ്വീകരിക്കുന്നത്. രാത്രിസമയങ്ങളില്‍ കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ മാത്രമാണ് പറക്ക് പോകുന്നത്.
കുംഭമാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ചയാണ് വേലാഘോഷം. രാവിലെ ഉഷപൂജക്ക് ശേഷം ക്ഷേത്രം കുതിരകളെ കുമരുംകിണറ്റുംകര ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതോടെയാണ് മാമാങ്കാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തിരുവാണിക്കാവ് ഭഗവതിയുടെ ജ്യേഷ്ഠത്തിയാണ് കുമരുംകിണറ്റുംകര ഭഗവതിയെന്നാണ് സങ്കല്‍പം. ജ്യേഷ്ഠത്തിയെ ക്ഷണിക്കുവാനും മറ്റുകുതിരകളെ വരവേല്‍ക്കുവാനുമാണ് ക്ഷേത്രം കുതിരയെ ഇവിടെ എത്തിക്കുന്നത്.
ദേശങ്ങളാകട്ടെ തങ്ങളുടെ സര്‍വൈശ്വര്യങ്ങള്‍ക്കും കാരണഭൂതയായ തിരുവാണിക്കാവിലമ്മയുടെ തിരുമുറ്റത്തെത്താന്‍ കൊയ്‌ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളിലൂടെ ഭക്തിലഹരിയിലാണ് പൊയ്‌ക്കുതിരകളുമായി ഓടിയെത്തുക. മച്ചാടിന്റെ ഗ്രാമവീഥികള്‍ക്ക് പുളകച്ചാര്‍ത്താവുന്ന മഹോത്സവമായി മാമാങ്കം മാറിക്കഴിഞ്ഞു. ഇതിനുപുറമെ നാല്‍ദിവസം ദേവീസ്തുതികള്‍ പാടി ദേശങ്ങള്‍ താണ്ടുന്ന ആണ്ടിയും പൂതനും തിറയും ദാരികനുമെല്ലാം ഒന്നിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരുവാണിക്കാവിലമ്മയുടെ മുന്നിലെത്തുമ്പോള്‍ സാഹോദര്യത്തിന്റേയും കൂട്ടായ്മയുടേയും മഹോത്സവമായി മച്ചാട് മാമാങ്കം മാറുന്നു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: