കൊച്ചി: രാജസ്ഥാന് കോളിംഗ് ഫെസ്റ്റിവല്‍, ഗിരിനഗര്‍ കമ്യൂണിറ്റി ഹാളില്‍ രാജസ്ഥാന് ടൂറിസം വകുപ്പ് അഡി. ഡയറക്ടര്‍ സോമനാഥ് മിശ്ര ഉദ്ഘാടനം ചെയ്തു. ത്രിദിനമേള 12ന് സമാപിക്കും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി, രാജസ്ഥാന് ടൂറിസം വകുപ്പ് ഇന്ത്യയിലെ 22 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന രാജസ്ഥാന് കോളിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാണ് കൊച്ചിയിലെ പരിപാടി.
രാജസ്ഥാന്റെ പരമ്പരാഗത സംസ്കാരം മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് മേളയുടെ ഉദ്ദേശ്യമെന്ന് മിശ്ര പറഞ്ഞു. രാജസ്ഥാന്റെ തനത് കലാരൂപങ്ങള്‍, കരകൗശല ഉല്പന്നങ്ങള്, കൊതിയൂറുന്ന രാജസ്ഥാനി ഭക്ഷ്യവിഭവങ്ങള്‍ എന്നിവയെല്ലാം മേളയിലുണ്ട്. പരമ്പരാഗത രാജസ്ഥാനി ഫുഡ്കോര്‍ട്ടുകളില്‍ അവരുടെ നാടന്‍ കലാകാരന്മാര് ദൃശ്യവിസ്മയം ഒരുക്കുന്നുണ്ട്.
രാജസ്ഥാന്റെ പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളായ ദാല്ബാഡി ചൂര്‍മ, കച്ചോരി, മിര്ച്ചിബഡ, മധുരപലഹാരങ്ങള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളുകള്‍ ഫുഡ്കോര്ട്ടില് ലഭ്യമാണ്. ലന്ഗ്രാസ്, കല്‍ബേലിയ, ട്രീതോളി തുടങ്ങിയ നൃത്തനൃത്യങ്ങള്‍ നാടന്‍പാട്ടുകളുടെ അകമ്പടിയോടെ അരങ്ങേറിയപ്പോള്‍ മേളയ്ക്ക് ഉത്സവ ഛായയായി.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് കരകൗശല വസ്തുക്കള്ക്കുമാത്രമായി 20 സ്റ്റാളുകള്‍ ഉണ്ട്. ബിക്കാനീര്‍ നിന്നുള്ള കമ്പിളി ഷാളുകള്‍, ടോങ്കില്‍ നിന്നുള്ള നംദകള്, ബാര്‍മറിന്റെ എംബ്രോയ്ഡറി ഇനങ്ങള്‍, ജയ്പൂരിന്റെ ബ്രാസ് നഹാഷി, ബ്ലൂപോട്ടറി, ഉദയപൂരിന് നിന്നുള്ള കളിമണ്‍പാത്രങ്ങളും ശില്പങ്ങളും, ജയ്പൂര്‍, പാലി, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടൈ ആന്‍ഡ് ഡൈ, ജോധ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലതര്‍
ഉല്‍പ്പന്നങ്ങള്‍, ബാഗുകള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ പ്രദര്ശനത്തിനെത്തിയിട്ടുണ്ടെന്ന് മിശ്ര പറഞ്ഞു.
2010 ല്‍ 13.78 ലക്ഷം വിദേശ ടൂറിസ്റ്റുകളും 255 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളും രാജസ്ഥാന് സന്ദര്‍ശിച്ചതായി രാജസ്ഥാന് ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഓഫീസര്‍ ഭന്‍വാര്‍ സിങ് പറഞ്ഞു. വിസ്മയകരമായ ടൂറിസം ഉല്‍പ്പന്നങ്ങള്‍, സമ്പന്നമായ പൂര്‍വികത, കോട്ടകള്‍, കൊട്ടാരങ്ങള്‍, തടാകങ്ങള്‍ പകിട്ടാര്‍ന്ന ഉത്സവങ്ങളും
മേളകളും, വന്യജീവി സങ്കേതങ്ങള്‍, അഡ്വഞ്ചറസ് സ്പോര്‍സ്, വെല്‍നസ് ടൂറിസം, കരകൗശല ഉല്‍പ്പന്നങ്ങള്‍, ഷോപ്പിംഗ് എന്നിവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഹെറിട്ടേജ് ഹോട്ടലുകള്‍, ആഡംബര ട്രെയിനുകളായ പാലസ് ഓണ്‍ വീല്‍സ്, റോയല്‍ രാജസ്ഥാന്, ലോകപ്രശസ്ത നഗരങ്ങളായ ജയ്പൂര്‍, ജയ്സാല്‍മര്‍,
ഉദയ്പൂര്‍, ജോധ്പൂര്‍, പ്രമുഖ ടൂറിസ്റ്റ് സര്‍ക്യൂട്ടായ ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: