ഇസ്ലാമബാദ്: കോടതിയലക്ഷ്യക്കേസ് ചുമത്താന്‍ ഫെബ്രുവരി 13ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സുപ്രീംകോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള കേസ് പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ട് സ്വിസ്ബാങ്ക് അധികൃതര്‍ക്ക് കത്തയക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഫെബ്രുവരി 13ന് ഹാജരാകണമെന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 200 പേജുള്ള ഫയല്‍ ഗിലാനിയുടെ അഭിഭാഷകന് ഐത്സാസ് അഹ്സനാണ് ഇന്നലെ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യ, ആസ്ട്രേലിയ, ബ്രിട്ടന്, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ഹര്‍ജികള്‍ ഉന്നത കോടതിമുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കോടതിയലക്ഷ്യം ഗിലാനിക്കുമേല് ചുമത്താനുള്ള തീരുമാനം ഫെബ്രുവരി 13-ല്‍ നിന്നും മറ്റീവ്ക്കണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 2നാണ് ഏഴംഗ ബെഞ്ച് ഗിലാനിയോട് 13ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കോടതിയലക്ഷ്യം ഗിലാനിക്കുമേല് ചുമത്തപ്പെട്ടാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാ പൊതുപരിപാടികളില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് ഗിലാനിക്ക് വിട്ടുനില്‍ക്കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: