ആശകള്‍ കടന്നുകൂടുന്നതാണ് ഹൃദയത്തിന്റെ രാത്രി അഥവാ അശുദ്ധി.ആരുടെ ഉള്ളിലാണോ ഈശ്വരനിലയെക്കുറിച്ചുപോലും ആശ ഒഴിവായിക്കിട്ടുന്നത്, ഹൃദയത്തിന്റെ ആ നിലതന്നെയാണ് പരമശാന്തിപദം അഥവാ മോക്ഷാനുഭവം.
ചലിക്കാത്ത സമനില പ്രാപിച്ച ഹൃദയം തന്നെയാണ് ബ്രഹ്മം. അതാണ് ശുദ്ധഹൃദയം.ഹൃദയത്തില്‍ ആശകള്‍ കടന്നുകയറുന്നതോടെ അത് ചഞ്ചലവും അശുദ്ധമായിത്തീരുന്നു. ചഞ്ചലഹൃദയമാണ് സംസാരകാരണം. എല്ലാവരും സ്വതേതന്നെ ഈശ്വരസ്വരൂപികളാണ്. സ്വയം ഈശ്വരസ്വരൂപികളായിരിക്കവേ പിന്നെ ഈശ്വരാനുഭവത്തിനായി ആശിക്കേണ്ട കാര്യമില്ല. അപ്പോള്‍ ഈശ്വരാനുഭവത്തിനായുള്ള ആശപോലും ഹൃദയത്തെ ചഞ്ചലമാക്കി ഈശ്വരാനുഭവത്തെ തടയുമെന്നോര്ക്കണം. അതുകൊണ്ട് എല്ലാ ആശകളേയും ഹൃദയത്തില്‍ നിന്നും പുറം തള്ളുകയാണ് പൂര്ണാനുഭൂതിക്ക് ഉള്ള രാജപാത.
ആത്മാവുതന്നെയാണ് ഈശ്വരനെന്ന് സത്യദര്‍ശികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ഈശ്വരനെ പ്രത്യേകം സ്തുതിച്ച് പ്രസാദിപ്പിക്കേണ്ട കാര്യമില്ല. അവനനവന്റെ ഈശ്വരത്വം ഓര്മിച്ചുറപ്പിക്കുകയേവേണ്ടൂ.
ഈശ്വരന് എല്ലാവരുടേയും ആത്മവാണ്. ഇക്കാര്യം ഉപനിഷത്തുകളില്‍ സത്യദര്‍ശികള്‍ വിളംബരം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അനാദികാലം മുതല്‍ സത്യമന്വേഷിച്ചവരെല്ലാം ആത്മാവായി വിളങ്ങുന്ന ഈശ്വരനെ അറിഞ്ഞ് ജീവിതം ധന്യമാക്കിയിട്ടുമുണ്ട്. അപ്പോള്‍ അവനവന്‍തന്നെ ഈശ്വരനായിരിക്കെ ഈശ്വരനെ സ്തുതിച്ച് പ്രസാദിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അവരവരുടെ ഈശ്വരത്വം ശാസ്ത്രവിചാരത്തിലൂടെ അറിഞ്ഞ് സദാ ഒര്മിക്കുകയേ വേണ്ടൂ. അവരവരുടെ ഈശ്വരതത്വം അറിയുന്നതോടെ സര്‍വവും ഈശ്വരമയമായി അനുഭവപ്പെടുകയും ചെയ്യും. ഇക്കാര്യം ധരിച്ചുകൊണ്ട് മറവി മാറ്റാനായി ഈശ്വരനാമങ്ങള്‍ കീര്ത്തിക്കുന്നതിന് വിരോധമില്ല. പക്ഷേ, ഇതറിയാതെ ഈശ്വരന് അന്യനാണെന്ന് കരുതുകയാണെങ്കില്‍ മതവൈരങ്ങള്ക്ക് വഴിയൊരുക്കും. ലോകത്തുകാണുന്ന മതഭേദങ്ങളെല്ലാം ഇങ്ങനെ രൂപം കൊണ്ടവയാണ്.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: