കോട്ടയം: മഴക്കാലത്തിനു മുന്നോടിയായി പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ ശ്രദ്ധയോടെ നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി നിര്‍ദേശിച്ചു. പകര്‍ച്ച വ്യാധി നിയന്ത്രണ പദ്ധതി യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഈ വര്‍ഷം ജനുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ ഒന്നാം ഘട്ടമായും മെയ് 15 മുതല്‍ ജൂലൈ 31 വരെ രണ്ടാം ഘട്ടമായും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31വരെ മൂന്നാം ഘട്ടമായും വേര്‍തിരിച്ചായിരിക്കും പ്രവര്‍ത്തനം. ഒന്നാം ഘട്ടത്തില്‍ കൊതുക്-കൂത്താടി നശീകരണം, മാലിന്യനിര്‍മാര്‍ജ്ജനം, ആരോഗ്യ ബോധവത്കരണം, പൊതുജനപങ്കാളിത്തത്തോടെയുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. രണ്ടാം ഘട്ടത്തില്‍ രോഗബാധിതരുടെ ശുശ്രൂഷ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണവും നിരീക്ഷണവും, കുടിവെള്ള സ്രോതസ്സുകളുടെ ക്ളോറിനേഷനും സൂപ്പര്‍ ക്ളോറിനേഷനും എന്നിവയുണ്ടാകും. മൂന്നാം ഘട്ടത്തില്‍ മരുന്ന് നല്‍കിയുള്ള പ്രതിരോധചികിത്സ വ്യാപിപ്പിക്കും. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, എലി, കൊതുക് നശീകരണം എന്നിവ ഊര്‍ജ്ജിതമാക്കും. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ പോക്സ്, ടൈഫോയ്ഡ്, മലേറിയ, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പിത്തം-ബി എന്നീ രോഗങ്ങള്‍ക്കെതിരെ മഴക്കാലത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുകയുംവേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ-കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഡി.എം.ഒ. ഡോ. എന്‍.എം. ഐഷാബായ്, എന്‍.ആര്.എച്ച്.എം ജില്ലാ മാനേജര്‍ ഡോ. നിസാര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. എന്‍. പ്രിയ, ആര്.സി.എച്ച്. ഓഫീസര്‍ ഡോ. എന്‍. തങ്കമ്മ, മാസ് മീഡിയ ഓഫീസര്‍ കെ. ദേവ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി, മറ്റ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: