തൃശൂര്‍ : വടക്കുന്നാഥ ക്ഷേത്രമൈതാനം വൃന്ദാവനമായി. കൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കൃഷ്ണലീലകള്‍ ദര്‍ശിച്ച് സാംസ്കാരിക നഗരി പുണ്യം നേടി. വിശ്വഗുരു വേദവ്യാസന്‍ രചിച്ച ഭാഗവതം നൃത്തരൂപേണ ശ്രീകൃഷ്ണകഥാമൃതമായി പുനരാവിഷ്കരിച്ച് കോലഴി ചിന്മയ മിഷന്‍ കോളേജിലെ 160ഓളം വിദ്യാര്‍ത്ഥികള്‍ സാംസ്കാരിക നഗരിക്ക് വേറിട്ട കാഴ്ചയായി.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കഥകളി,കൃഷ്ണനാട്ടം, മണിപ്പുരി, കഥക്, ഒഡീസി, കാശ്മീരി, ഗുജറാത്തി, സത്രിയ, ഗര്‍ഭ, ബാലെ എന്നീ നൃത്തരൂപങ്ങളിലൂടെയാണ് കൃഷ്ണാവതാരവും ഗീതോപദേശവും രാധാമാധവവും അനന്തശയനവുമെല്ലാം അരങ്ങിലെത്തിയത്. പൂര്‍ണ ചന്ദ്രോദയ സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനം മോഹിനിയാട്ടത്തിലൂടെയാണ് അവതരിപ്പിച്ചത്. ജന്മോത്സവം കാശ്മീരി നൃത്തത്തിന്റേയും ബാലയുടേയും നൃത്തച്ചുവടുകളിലൂടെ ആസ്വാദക സദസ്സിന് ആനന്ദം പകര്‍ന്നപ്പോള്‍ കുറിഞ്ചി രാഗത്തിലുള്ള മൃദുഗാരെ യശോദ കീര്‍ത്തന പശ്ചാത്തലത്തിലായിരുന്നു ലളിതാവേഷം കെട്ടി അമ്പാടിയിലെത്തുന്ന പൂതനയുടെ മോക്ഷം അരങ്ങിലെത്തിയത്.
കണ്ണന്റെ വികൃതികള്‍ എന്ന കഥാസാരം നൃത്തരൂപത്തില്‍ ഭരതനാട്യത്തിലൂടെയാണ് അവതരിപ്പിച്ചത്. കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം കല്ലുകളെ പോലും അലിയിക്കുന്ന വേണുഗാനം എന്നിവ മണിപ്പുരി നൃത്തത്തിലൂടെ ആസ്വാദക മനസ്സുകളില്‍ ഇടം നേടിയപ്പോള്‍ രാസക്രീഡ ഒഡീസിയിലും ഭക്തമീര സത്രിയയുടെ നൃത്തച്ചുവടുകളിലൂടെയും എത്തി. മഥുരാപുരയാത്ര, രുഗ്മിണി സ്വയംവരം, കുചേലനൃത്തം, തുളസീ മാഹാത്മ്യം, ഗീതോപദേശം എന്നിവയും രംഗത്ത് അവതരിപ്പിച്ചപ്പോള്‍ വിവിധ നൃത്തച്ചുവടുകളില്‍ അരങ്ങിലെത്തി.
ഗുരു ചിന്മയാനന്ദസ്വാമിക്ക് പ്രണാമമര്‍പ്പിച്ചായിരുന്നു നൃത്തസന്ധ്യക്ക് തുടക്കമായത്. തുടര്‍ന്ന് ശ്രീവിഘ്നേശ്വരഭജേ കീര്‍ത്തനം ചൊല്ലിയാടി, തുടര്‍ന്ന് പര്‍വ്വത നന്ദിനിയായ ദേവിയേയും സ്വയംഭൂവായ പരമശിവനേയും വന്ദിച്ചു. പ്രശസ്ത നര്‍ത്തകരായ മാല്‍ബി ചൗധരി, ഗീതാഞ്ജലി ആചാര്യ, ലീന മലേക്കര്‍, കലാമണ്ഡലം അരവിന്ദ് എന്നിവരാണ് കൃഷ്ണാവതാരത്തിന്റെ ഈ നൃത്തച്ചുവടുകള്‍ക്ക് പരിശീലനം നല്‍കിയത്. വിദ്യാര്‍ത്ഥികളായ ഗ്രീഷ്മ ശ്രീജിത്ത്, ശ്രീലക്ഷ്മി രാജു എന്നിവരാണ് ശ്രീകൃഷ്ണകഥാമൃതത്തിന്റെ നൃത്തസംവിധാനം നിര്‍വ്വഹിച്ചത്.
നേരത്തെ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എംസിഎസ് മേനോന്‍, മേയര്‍ ഐ.പി.പോള്‍, ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി ഗഭീരാനന്ദ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ആയിരങ്ങളാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരത്തിന്റെയും ലീലകളുടേയും വിവിധ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ പൂരനഗരിയില്‍ എത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: