മുസ്ലീം മതവിശ്വാസികളെ പരമാവധി പ്രകോപിപ്പിച്ച് പാര്ശ്വവത്കരിക്കുന്നതിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ സന്നാഹങ്ങളാണ് കപട മതേതരക്കാരായ രാഷ്ട്രീയക്കാരും മുസ്ലീം മത യാഥാസ്ഥിതികവാദികളും കാലമേറെയായി നടത്തിവരുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെപ്പോലും ഇക്കൂട്ടര്‍ ‘പോരാളി’കളെന്ന് നാമകരണം ചെയ്ത് മഹത്വവത്കരിക്കുകയും മതതീവ്രവാദം പ്രചരിപ്പിക്കുന്നതില്‍ അപ്പോസ്തലനായ അബ്ദുള്‍നാസര്‍ മദനി അടക്കമുള്ളവര്‍ ഇവര്‍ക്ക് കാണപ്പെട്ട ദൈവമായി മാറിയതും ഇതുകൊണ്ടാണ്.
കപട മതേതരക്കാരായ രാഷ്ട്രീയക്കാരുടെ കണ്ണുകളെന്നും മുസ്ലീം വോട്ട് ബാങ്കില്‍ മാത്രമാണ്. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം മുതല്‍ പാര്ലമെന്റംഗസ്ഥാനംവരെ കൈപിടിയിലാക്കാനാണ് ഇവര്‍ ദേശസുരക്ഷയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന തരത്തില്‍ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത്. ഏറെക്കാലമായി തുടരുന്ന ഇത്തരം നടപടികളുടെ പരിണിതഫലമാണ് കേരളം കാശ്മീരിനെ പോലും വെല്ലുന്ന രീതിയില്‍ മുസ്ലീം തീവ്രവാദികളുടെ പറുദീസയായി മാറിയതിന് കാരണം.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെന്ന് പാക്കിസ്ഥാനില്‍ ചെന്ന് വിലപിച്ച സുലൈമാന്‍സേട്ട് രൂപീകരിച്ച ഐഎന്‍എല്‍ നെ സിപിഎം നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിയില്‍ ഘടകകക്ഷിയാക്കിയതും ഇത്തരമൊരവസ്ഥയിലാണ്. സ്വന്തം കാലിനടിയില്‍നിന്ന് മണ്ണൊഴുകുന്നത് തിരിച്ചറിഞ്ഞ മുസ്ലീംലീഗാകട്ടെ രാഷ്ട്രീയ പ്രക്രിയയില്‍ ഇതേവരെ നടത്തിവന്നിരുന്ന മതധ്രൂവീകരണത്തിന് ശക്തി വര്‍ധിപ്പിച്ചിട്ട് കാലമേറെയായി. കാരണം മുസ്ലീം മത സംഘടനകളുടെ പുതിയതായുള്ള രാഷ്ട്രീയ പ്രവേശങ്ങളും ഐഎന്‍എല്‍, പിഡിപി, എസ്ഡിപിഐ തുടങ്ങി മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളുടെ രംഗപ്രവേശവും മുസ്ലീംലീഗിനെ ഒട്ടൊന്നുമല്ല വിയര്‍പ്പിക്കുന്നത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കോട്ടയെന്ന് അവകാശപ്പെട്ടിരുന്ന കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ പരാജയപ്പെട്ടത് 2006 ല്‍ ലീഗിനെ ഇരുത്തി ചിന്തിപ്പിച്ച വിഷയമാണ്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള മുസ്ലീം വിഭാഗത്തിന്റെ വിശ്വാസ്യത വര്‍ധിച്ചതിന്റെ തെളിവാണ് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പരാജയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മാത്രമല്ല ഇരുത്തം വന്നവരെന്ന് പറയുന്ന ചില രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ അടിവരയിടുകയും അവകാശപ്പെടുകയുണ്ടായി. അതേസമയം കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് നിരോധിത സംഘടനയായ മുസ്ലീം തീവ്രവാദിഗ്രൂപ്പ് സിമിയുടെ മുന്‍ നേതാവാണെന്ന കാര്യം ഇക്കൂട്ടര്‍ മറക്കുകയോ ബോധപൂര്‍വം മറച്ച് വെക്കുകയോ ചെയ്തു. കുറ്റിപ്പുറത്ത് ജയിച്ച കെ.ടി.ജലീല്‍ എന്ന ഇടത് സ്വതന്ത്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിശദമായ ചര്‍ച്ചപോലും സംഘടിപ്പിക്കപ്പെട്ടില്ല. കുഞ്ഞാലിക്കുട്ടിയോടും ലീഗ് നേതൃത്വത്തോടുമുള്ള അല്പ്പമായ സൗന്ദര്യപ്പിണക്കമാണ് ഈ മുന്‍ സിമി നേതാവിനെ ഇടത് സ്വതന്ത്രനാക്കി മാറ്റിയത്. കെ.ടി.ജലീലില്‍ ഇടത് ആശയം പെട്ടെന്നൊരു സുപ്രഭാതത്തില്‍ നുരച്ച് പൊങ്ങിയെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ മാത്രമായിരിക്കും. മുസ്ലീംലീഗിനെ മൂലയ്ക്കിരുത്തി മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാക്കി മാറ്റാന്‍ ഇടത് പക്ഷം പ്രത്യേകിച്ച് സിപിഎം നേതൃത്വം ഏതറ്റംവരെയും പോകാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്.
അളവറ്റ മുസ്ലീം പ്രീണനംകൊണ്ട് രൂപപ്പെട്ടുവരുന്ന സമൂഹമനസ്സിലെ അസന്തുലിതാവസ്ഥ ഇത്തരക്കാര്‍ക്ക് പ്രശ്നമേയാകുന്നില്ല. അധികാരത്തിന്റെ സോപാനത്തില്‍ കയറിപ്പറ്റാനുള്ള എളുപ്പവഴി ചെലവേതുമില്ലാതെ മൊത്തമായി ലഭിച്ചേക്കാവുന്ന മുസ്ലീം വോട്ട് ബാങ്കാണ്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഏറെക്കാലമായി കുത്തകയാക്കി വെച്ചിരിക്കുകയുമാണ്. ഇത് സ്വന്തമാക്കാനുള്ള പ്രീണനമത്സരമാണ് ഇടത്-വലത് കക്ഷികള്‍ കേരളത്തില്‍ പരസ്പ്പരം നടത്തുന്നത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ല്‍ 100 സീറ്റുകള്‍ കരസ്ഥമാക്കി അധികാരത്തിലേറിയപ്പോള്‍ ഇടത് നേതൃത്വം ഒട്ടൊന്നുമല്ല അഹങ്കരിച്ചത്. കാരണം ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ് (പോപ്പുലര്‍ ഫ്രണ്ടിന്റെ പഴയ രൂപം) പിഡിപി തുടങ്ങിയവരുടെ പിന്തുണ ഇടതര്ക്കായിരുന്നു. ഇടത് മുന്നണിയില്‍ ഘടകകക്ഷിയായി മാറിയ ഐഎന്‍എല്‍ ന് ആകട്ടെ ഒരു നിയമസഭാംഗത്തേയും ലഭിച്ചു. കിട്ടിയ ഭരണം നിലനിര്‍ത്തണമെങ്കില്‍ മുസ്ലീം പ്രീണനം അളവറ്റതാക്കണമെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് കേരളത്തില്‍ വേഗം നടപ്പിലാക്കാന്‍ വേണ്ടി മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ പാലൊളി മുഹമ്മദ്കുട്ടിയെതന്നെ തലപ്പത്തിരുത്തി കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കമ്മറ്റിയുണ്ടാക്കിയത്. തീവ്രവാദ കേസില്‍ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ ഇവയില്‍ മോചിതനായ അബ്ദുള്‍നാസര്‍ മദനിക്ക് കരുനാഗപ്പള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുത്തതും ഇതിന്റെ ഭാഗമാണ്.
ഇടതരുടെ മുസ്ലീം പ്രീണനം മറികടക്കാന്‍ മുസ്ലീംലീഗും കോണ്‍ഗ്രസ്സും ചില പരമ്പരാഗത പൊടിക്കൈകള്‍ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് ഇക്കഴിഞ്ഞ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചത്. പൊതുസമൂഹത്തെ അവഗണിച്ചുകൊണ്ടുള്ള പ്രീണനത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള ഇടത്-വലത് കക്ഷികളുടെ ഗതിവിട്ട നീക്കങ്ങള്‍ക്കിടയിലാണ് ജമാഅത്തെ ഇസ്ലാമിപോലുള്ള മുസ്ലീംമത യാഥാസ്ഥിതിക വാദികള്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലീം വിഭാഗത്തിലുള്ള സ്വാധീനം ഇതേവരെ ആളെണ്ണത്തില്‍ ഉണ്ടായിട്ടില്ല. ‘മാധ്യമം’ എന്ന പേരില്‍ സ്വന്തമായി പത്രം അച്ചടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സംഘടനാ തലത്തില്‍ കാര്യമായ നേട്ടമൊന്നും ജമാഅത്തെ ഇസ്ലാമിക് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ‘വെല്‍ഫെയര്‍ പാര്‍ട്ടി’ രൂപീകരിച്ച് ക്ലച്ച് പിടിക്കാനുള്ള അടവുകളിലൊന്നാണ് ഇപ്പോഴത്തെ ഇ-മെയില്‍ വിവാദം. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഹിന്ദുനാമധാരിയുടെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഉന്നതശ്രേണിയിലുള്ള 258 മുസ്ലീങ്ങളുടെ ഇ-മെയില്‍ പരിശോധിക്കാനും ചോര്‍ത്താനും കേരള ആഭ്യന്തരവകുപ്പ് പദ്ധതിയിട്ടിരിക്കുന്നു എന്നാണ് ‘സ്കൂപ്പ്’ എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വം അവതരിപ്പിച്ചത്. മുസ്ലീംലീഗ് നേതാക്കള്‍പോലും ഇതില്‍പെടുമെന്ന് പറയുമ്പോള്‍ മുസ്ലീങ്ങള്‍ ആകെ വേട്ടയാടപ്പെടലിന്റെ ദുരന്തത്തിലാണെന്നുള്ള പൊയ്വെടിയാണ് മാധ്യമം ഉയര്‍ത്തിയത്. പുകമറയില്‍ മൂടിയ ഈ വേട്ടയാടലിന്റെ കഥ മെനഞ്ഞ് സമുദായ രക്ഷകരായി രംഗത്ത് വരാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ അതിബുദ്ധിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
എന്നാല്‍ ഇ-മെയില്‍ വിവാദ പൊയ്വെടിയില് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടിക്ക് ഇരിക്കപ്പൊറുതി മുട്ടി എന്നത് മറ്റൊരു കാര്യം. ഛിന്നഭിന്നമാകുന്ന മുസ്ലീം വോട്ട് ബാങ്കിനെ കുറിച്ച് (പ്രത്യേകിച്ച് പിറവം ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോള്‍) ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിമാര്‍ക്കും ആലോചിക്കാന്‍ തന്നെ കഴിയാത്തതാണ്. ഇ-മെയിലുകളുടെ പരിശോധനയ്ക്കല്ല അതിന്റെ ഉടമസ്ഥരാരെന്ന് തിരയുകമാത്രമായിരുന്നു ഉദ്ദേശ്യമെന്നും മറിച്ചുള്ളതൊക്കെ പോലീസ് ഉദ്യോഗസ്ഥന് പിണഞ്ഞ അമളിയാണെന്നും പറഞ്ഞ് പ്രശ്നത്തില്‍നിന്ന് തടിയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമമുണ്ടായത്. ലിസ്റ്റില്‍ 268 പേരുകളുണ്ടെന്നും അതില്‍ 10 പേരെ ബോധപൂര്‍വം ഒഴിവാക്കി മാധ്യമം അസത്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി തന്റെ നിരപരാധിത്വം മുഖ്യമന്ത്രി വെളിവാക്കുകയും ചെയ്തു!!
പോലീസ് പിടിയിലായ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകന്റെ ഇ-മെയിലില്‍ വന്ന സന്ദേശങ്ങള്‍ ആരുടേതൊക്കെയാണെന്ന് അന്വേഷിക്കാനാണ് രഹസ്യാന്വേഷണ വിഭാഗം കേരള ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 268 പേരുടെ ഇ-മെയില്‍ പരിശോധിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ രഹസ്യസ്വഭാവമുള്ള ഈ നിര്‍ദ്ദേശം ചോര്‍ത്തി പരസ്യമാക്കാന്‍ പ്രവര്‍ത്തിച്ച ഉന്നതങ്ങളിലെ ബുദ്ധി നിഷ്ക്കളങ്കമല്ല. ഭരണസിരാകേന്ദ്രങ്ങളിലും പോലീസ് ഉന്നതങ്ങളിലും ഇത്തരം നിഷ്ക്കളങ്കമല്ലാത്ത കുബുദ്ധികള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് നിര്‍ബന്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പക്ഷെ പലരുടേയും മുന്നില്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാരിന് ശക്തമായ നടപടി എടുക്കാനുള്ള ഇച്ഛാശക്തിയുണ്ടോ എന്നതാണ് പ്രധാന വിഷയം.
ചോര്‍ത്തപ്പെട്ട് ലഭിച്ച രഹസ്യാന്വേഷണ വകുപ്പിന്റെ നിര്‍ദ്ദേശം ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങള്‍ക്ക് നേരെയുള്ള വേട്ടയാടലാക്കി സ്വന്തം പത്രത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍ ഇ-മെയില്‍ പരിശോധന തന്നെ നിര്‍ത്തിവെച്ച് കൈകഴുകാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ഭരണകൂടം.
അധികാരക്കസേര മുന്‍നിര്‍ത്തിയുള്ള വിലപേശലുകളാണ് അരങ്ങ് തകര്‍ക്കുന്നത്. ഇടതന്മാര് ഭരിച്ചാലും വലതന്മാര് ഭരിച്ചാലും വിലപേശല്കാരന്റെ വിരല്‍ത്തുമ്പിലാണ് ഭരണചക്രം തിരിയുന്നത്. ഇ-മെയില്‍ വിവാദത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത് പക്ഷത്തിന്റെ ഇടപെടല്‍ കഥയറിയാതെയുള്ള ആട്ടംകാണലായിട്ടാണ് മാറിയത്. ജമാഅത്തെ ഇസ്ലാമിക്കാരന്റെ അതിബുദ്ധിയില്‍ അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടര്‍ വീഴുകയായിരുന്നു. നടപടിയെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കെതിരായ കടന്നുകയറ്റമായും വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കത്തിവെക്കലായിട്ടുമാണ് ഇടത് നേതാക്കള്‍ വിലയിരുത്തിയത്. മൂന്ന് സീറ്റുകള്‍ക്ക് കേരള ഭരണം നഷ്ടമായതിന്റെ ഞെട്ടലില്‍നിന്ന് അച്യുതാനന്ദനാദികള് അടുത്തകാലത്തൊന്നും മോചിതരാകുമെന്ന് പറയാന്‍ കഴിയില്ല. കേവലം മൂന്ന് സീറ്റുകളുടെ ബലത്തില്‍ യുഡിഎഫ്കാര്‍ ഭരണയന്ത്രം തിരിക്കുന്നത് കാണുമ്പോള്‍ ഇടതരുടെ ഉള്ളിലുയരുന്ന ആര്‍ത്തി ഹിമാലയത്തോളം തന്നെ വരും.
പി.പി.ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: