മോസ്കോ: റഷ്യയില്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിനെതിരെ പ്രതിഷേധം തുടരുന്നു. പുടിന്റെ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിനാളുകള്‍ തലസ്ഥാനമായ മോസ്കോയിലേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. പുടിനില്ലാത്ത റഷ്യയാണ് തങ്ങള്‍ക്കാവശ്യമെന്നും അതാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അനിവാര്യമെന്നുമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് വെള്ള റിബണുകള്‍ ധരിച്ചാണ് പ്രക്ഷോഭകാരികളെത്തിയത്. മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുടിന് മറ്റൊരവസരം കൂടി നല്‍കാനുള്ള സാധ്യത തള്ളിക്കളയുന്നതായാണ് പ്രക്ഷോഭങ്ങളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്.
20 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായിട്ടാണ് ഇത്രയും ജനപങ്കാളിത്തമുള്ള പ്രക്ഷോഭത്തിന് റഷ്യ സാക്ഷ്യം വഹിച്ചതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പ്രക്ഷോഭങ്ങള്‍ക്ക് ഫലം കാണുന്നതായും രാജ്യം ജനാധിപത്യത്തിലേയ്ക്ക് നടന്നടുക്കുന്നതായും ഇത് സുഗമമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നും പ്രക്ഷോഭകാരികളിലൊരാളായ അലക്സാണ്ടര്‍ സെലന്‍സ്കി വ്യക്തമാക്കി. രാജ്യത്തെ ഭരണത്തില്‍ മനംമടുത്ത് കാനഡയിലേക്ക് പോകാനൊരുങ്ങിയതാണ് സെലന്‍സ്കിയും കുടുംബവും. എന്നാല്‍ രാജ്യത്തെ ഗുണകരമായ മാറ്റങ്ങള്‍ തങ്ങളെ ആ തീരുമാനത്തില്‍നിന്നും പിന്തിരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ദേശീയവാദികളും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: