ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബ്-ഉത്-തഹരിര്‍ ഉള്‍പ്പെടെയുള്ള നിരോധിത ഭീകരസംഘടനകള്‍ക്ക് പ്രാദേശിക, വിദേശ ബാങ്കുകളില്‍ അക്കൗണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ അക്കൗണ്ടുകളില്‍നിന്നും ഫണ്ട് സ്വീകരിച്ച ജിഹാദിഗ്രൂപ്പുകളുടെ പേരുവിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. ബിബിസി ഉര്‍ദുവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തുറന്നുപറഞ്ഞത്.
ഈ ജിഹാദിഗ്രൂപ്പുകളെ സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബ്-ഉത്-തഹരിര്‍, ഗാസി ഫോഴ്സ്, ജമിയത്ത് ഉല് ഷര്ഖ്വാന്, തഹ്രിക്-ഇ-ഇസ്ലാമി, മിലാത്-ഇ ഇസ്ലാമിയ പാക്കിസ്ഥാന്, ഖൈരുന്നിസ എന്നീ നിരോധിത സംഘടനകള്‍ വ്യത്യസ്ത ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുള്ളതായി അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അന്വേഷണ വിഭാഗത്തിന്റെ പട്ടികയില്‍ ചില സാമൂഹിക സംഘടനകളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഘടനകളെല്ലാം ഭീകരസംഘടനകളായി കരുതുമെന്നും കരിമ്പട്ടികയില്‍ പെടുത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിരോധിത സംഘടനകള്‍ വിവിധ ബാങ്കുകളില്‍നിന്നും കൈപ്പറ്റിയീട്ടുള്ള അക്കൗണ്ടുകളെക്കുറിച്ചും വിദേശകറന്സിയെക്കുറിച്ചും അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പട്ടികയിലുള്ള ഏഴ് ഭീകരസംഘടനകളുടെയടക്കം 24 നിരോധിത ഭീകരസംഘടനകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: