ആലപ്പുഴ: കയര്‍ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക പരിഗണനകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കയര്‍മേഖലയിലെ കുറഞ്ഞ കൂലിയും അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവും ഇന്ന് കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കയര്‍കേരള 2012 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2006ന് മുന്‍പ് വിരമിച്ച തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കുന്ന കാര്യം ധനകാര്യ വകുപ്പുമായി ആലോചിച്ച ശേഷം നടപ്പിലാക്കും. കയര്‍ ടൂറിസം പദ്ധതി ആവിഷ്ക്കരിക്കും. കയര്‍ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കണം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കും. ഇതിനായി എല്ലാവിധ സഹകരണവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.
കയര്‍ വ്യവസായം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം ചകിരി ക്ഷാമമാണ്. ഇത് കേരളത്തിന് തന്നെ നാണക്കേടാണ്. കേരളത്തിലെ തേങ്ങയുടെ തൊണ്ടിന്റെ മൂന്നിലൊന്ന് ശേഖരിച്ചാല്‍ തന്നെ ചകിരി ക്ഷാമം പരിഹരിക്കപ്പെടും. ഇത് വെല്ലുവിളിയായെടുത്ത് മുന്നോട്ടുപോയാല്‍ മാത്രമേ ചകിരി ക്ഷാമം പരിഹരിക്കാനാകൂ.
തൊണ്ട് ശേഖരിക്കുന്നതിന് കുടുംബശ്രീയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായം പ്രയോജനപ്പെടുത്തും. ഇതിലൂടെ വിപുലമായി തൊണ്ട് ശേഖരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉല്‍പാദന രംഗത്ത് കയറ്റുമതിക്കാരും ചെറുകിടക്കാരുമായി സഹകരിച്ച് എല്ലാവര്‍ക്കും സ്വീകാര്യവും ഗുണകരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. വിദേശ വിപണനത്തോടൊപ്പം തന്നെ ആഭ്യന്തര വിപണിയും കൂടുതല്‍ പ്രയോജനപ്പെടുത്തണം. ഇതിനായി ഇതുപോലുള്ള കയര്‍മേളകള്‍ പ്രയോജനപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കയര്‍മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: