മാധ്യമങ്ങളും കോടതികളും നടത്തിയ ഇടപെടലുകളുടെ ശക്തികൊണ്ടാണ് വര്‍ത്തമാന ഇന്ത്യയില്‍ അഴിമതിക്കേസുകള്‍ ഗുരുതര ക്രിമിനല്കുറ്റങ്ങളായി നിരവധി നേതാക്കന്മാരെ വെട്ടയാടുന്നത്. രാജനൈതികരംഗത്തെ ജനാധിപത്യ ശൈലിയിലുള്ള സാധാരണ പ്രക്ഷോഭങ്ങള്‍കൊണ്ടൊന്നും പകല്കൊള്ളക്കാരായ ഉന്നതന്മാരെ വരിഞ്ഞുമുറുക്കി ജയിലിലാക്കാന്‍ കഴിയുമായിരുന്നില്ല. രാജ്യത്തു ചുരുള്‍ നിവര്‍ത്തപ്പെട്ട അഴിമതിക്കഥകളിലൊക്കെ വില്ലന്ന്മാരായി പരിലസിച്ചുനില്‍ക്കുന്നത് ഉന്നത രാഷ്ട്രീയ നേതാക്കന്മാരും ബ്യൂറോക്രാറ്റുകളും വ്യവസായ അധിപന്മാരുമാണ്. പ്രതിപക്ഷത്തിന്റെ അഴിമതിവിരുദ്ധ നടപടികള്‍ക്കൊപ്പം അന്നാഹസാരെയും മറ്റും പൊതുസമൂഹത്തെ അഴിമതിക്കെതിരെ അണി നിരത്തിയതും പോരാട്ടത്തിന് ശക്തിപകര്‍ന്ന ഘടകങ്ങളാണ്.
എന്നാല്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഭരണം നിയന്ത്രിക്കുന്ന സംവിധാനത്തെ സംബന്ധിച്ചിടത്തോളം അഴിമിതിപ്രശ്നത്തില് ആത്മാര്‍ത്ഥത കൈമോശംവന്നിരിക്കുന്ന എന്ന സത്യം ദിവസം കഴിയുന്തോറും കൂടുതല്‍ തെളിയുകയാണ്. 2 ജി സ്പെക്ട്രം കേസ്സില്‍ പതിനാറ് മാസക്കാലം കുറ്റകരമായ മൗനം പാലിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പ്രോസിക്യൂഷന് അനുമതിക്കുവേണ്ടി നല്കിയ ഡോ.സുബ്രഹ്മണ്യന്‍സ്വാമിയുടെ ഹര്ജിക്കാര്യത്തിലും കുറ്റകരമായ വീഴ്ചയും കാലതാമസവുമാണ് പ്രധാനമന്ത്രി കാട്ടിയത്. ഫലപ്രദമായ അന്വേഷണത്തിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ച ഡോ.സുബ്രഹ്മണ്യന്‍സ്വാമി തന്റെ ഹര്‍ജിയില്‍ അഴിമതിയുടെ വിത്തും വേരും വരെ വിശദീകരിച്ചിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഫയലാക്കിയ മറുപടി അഫിഡവിറ്റില്‍ ഇതെല്ലാം നിഷേധിച്ച് കുറ്റക്കാരെ വെള്ളപൂശുകയാണുണ്ടായത്. ടുജി ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നതിനാല്‍ കേസ്സ് പാടില്ലെന്നും എ.രാജ കുറ്റക്കാരനല്ലെന്നുമൊക്കെയാണ് അഫിഡവിറ്റില്‍ പറഞ്ഞിരുന്നത്.
അഴിമതിക്കും അനീതിക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ശ്രദ്ധേയമായ പങ്കുള്ളത് ജനങ്ങള്‍ക്കാണ്. 1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്യത്തിന്റെ ലഹരിയില്‍ അഭിരമിക്കുമ്പോള്‍ ഗാന്ധിജി തെരുവില്‍ ജനങ്ങള്‍ക്കിടയില്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ചെന്നുകണ്ട ബംഗാളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് അഴിമതിയില്‍ നിന്നും മോചിതരായി നിലകൊള്ളുക എന്ന സന്ദേശമായിരുന്നു കൈമാറിയത്. അഴിമതികാട്ടിയ സ്വന്തം മകനെ തള്ളിപ്പറഞ്ഞ ഗാന്ധിജിയ്ക്ക് തന്റെ കുടുംബം തന്നെ നഷ്ടപ്പെട്ടുവെന്നു പറയാവുന്നതാണ്. എന്നാല്‍ അഴിമതിക്കാരനായ പഞ്ചാബ് മുഖ്യമന്ത്രി കീ്റോണ്സിംഗിനെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി ജവഹര്‍ലാലിനോട് ഗാന്ധിജിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ മാധ്യമപ്രതിനിധികളോട് എല്ലാവര്ക്കും ഗാന്ധിജിയാകാന്‍ സാധിക്കുമോ ? എന്ന മറുചോദ്യമായിരുന്നു നെഹറുജി ഉയര്‍ത്തിയത്. ഗാന്ധിജിയ്ക്ക് കുടുംബഭദ്രത നഷ്ടപ്പെട്ടുവെങ്കില്‍ നെഹ്റുജീയുടെ പിന്‍ഗാമികള്‍ക്ക് സായുധരാകാന്‍ ഗാന്ധിയെന്ന മാന്ത്രികവാക്കുതന്നെ അവര്‍ കവര്ന്നെടുത്തുപയോഗിച്ചുവരികയാണ്.
“സീത ലക്ഷമണരേഖ ലംഘിച്ചില്ലായിരുന്നുവെങ്കില്‍ രാവണന് കൊല്ലപ്പെടില്ലായിരുന്നു. ലക്ഷ്മണരേഖ അത്രയ്ക്കു പവിത്രമോ അലംഘ്യമോ അല്ല. പരിമിതമാണ് അതിന്റെ വ്യാപ്തി. 2011 സെപ്തംബറില്‍ ജ:ഗാംഗുലി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ ഒരു പ്രയോഗമാണ് മേലുദ്ധരിച്ചത്. 2 ജി സെപ്ക്ട്രം കേസ് നിരീക്ഷണ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ് മേലുദ്ധരിച്ച വാക്കുകള്‍ പറഞ്ഞത്. അതേ ജഡ്ജി വിരമിക്കുന്നതിന് തൊട്ടുമുമ്പ് 122 ടു ജി ലൈസന്‍സുകള്‍ റദ്ദ് ചെയ്യുകയും കമ്പനികള്‍ക്ക് പിഴ വിധിക്കുകയും ചെയ്തു. നീതിയുടെ കാവല്‍ക്കാരാകേണ്ട കേന്ദ്ര ഭരണത്തിലെ വമ്പന്മാര് തന്നെയാണിവിടെ ലക്ഷ്മണ രേഖകള്‍ ലംഘിക്കുന്നത്. അവര്‍ പിന്നീട് ലക്ഷ്മണരേഖ തന്നെ ആവശ്യമില്ലെന്നിവിടെ വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഏതാനും നേതാക്കളെ കല്തുറങ്കിലടച്ചതുകൊണ്ട് തീരുന്ന ഒന്നല്ല ഇന്ത്യയിലെ അഴിമതി. 16 മാസം ടുജി കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിക്ക് കാത്തിരുന്നു തളര്‍ന്ന് പൗരന്റെ മുമ്പില്‍ വൈകി സുപ്രീംകോടതിയില്‍ നിന്നു കിട്ടിയ നീതി പൂര്‍ണ്ണ നീതിയെന്നവകാശപ്പെടാനാവില്ല. പ്രധാനമന്ത്രിയും ടെലികോം മന്ത്രിയും അറിയാതെ ടു ജി സ്പെക്ട്രം നല്കല് ഉണ്ടാകില്ലെന്നറിയാന് സാമാന്യബുദ്ധിക്കപ്പുറം മറ്റൊന്നും ആവശ്യമില്ല. ചിദംബരം ശ്രമിച്ചിരുന്നെങ്കില്‍ ലേലമൊഴിവാക്കല് തടയാന്‍ കഴിയുമായിരുന്നു. പക്ഷേ സിബിഐ ഇതൊന്നുമന്വേഷിക്കാന് തയ്യാറല്ല. അവസാനം ട്രയല്‍ കോടതിയായ പട്യാല ഹൗസ് കോടതിയും കുറ്റവാളികള്‍ക്ക് ക്ലീന്‍ ചിറ്റുനല്കുമെന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
പട്യാല ഹൗസ് കോടതിയില്‍ ചിദംബരത്തെ കക്ഷി ചേര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ കോണ്ഗ്രസ്സിപ്പോള് ആഹ്ലാദത്തിലാണ്. ഇതിനെ ചോദ്യം ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഡോ.സുബ്രഹ്മണ്യന്‍സ്വാമി. നീണ്ട നിയമയുദ്ധങ്ങളിലൂടെ അഴിമതികള്‍ വിചാരണചെയ്ത് നീതിനടപ്പാക്കാന്‍ ഒരു മനുഷ്യായുസ്സ് പോരെന്ന നിലയിലേക്ക് കാര്യങ്ങളിപ്പോള്‍ വഴുതിപ്പോകയാണ്. ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളല്ലാതെ അഴിമതിക്കെതിരെ ഫലപ്രദമായ മറ്റ് പോംവഴികള്‍ ഇല്ലെന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ എത്തിനില്‍ക്കുന്നു.
ഭൗതിക നേട്ടങ്ങള്‍ക്കും കൊള്ളലാഭങ്ങള്ക്കും വേണ്ടി മനുഷ്യന് ലക്കും ലഗാനുമില്ലാതെ നെട്ടോട്ടമോടുകയാണ്. ഏറ്റക്കുറച്ചിലുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും അഴിമതിയുടെ പ്രഭവകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനു കൂട്ടുനിന്ന് മുതലെടുക്കുന്ന ഉദ്യോഗസ്ഥ ബിസിനസ് ലോബികളാണ് മറ്റൊരുശാപം. ഇവരെല്ലാം ചേര്‍ന്ന് നമ്മുടെ പൊതുരംഗവും ഭരണരംഗവും കൊള്ളയടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ ജനശക്തി ഉയര്‍ന്നുവരിക എന്നതാണ് ഫലപ്രദമായ രക്ഷാകവചം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: