സമ്മേളനങ്ങള്‍ പാര്‍ട്ടികള്‍ക്ക് മഹോത്സവങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്. പാര്‍ട്ടി കോണ്‍ഗ്രസെന്ന മഹോത്സവത്തെ വരവേല്‍ക്കാന്‍ എല്ലാ അര്‍ഥത്തിലും അവര്‍ തയ്യാറെടുത്തിരിക്കുന്നു. അതിനു മുമ്പുള്ള സമ്മേളനങ്ങള്‍ ഓരോന്നും പൂര്‍ത്തിയാക്കി. സംസ്ഥാന സമ്മേളനമെന്ന ചെറുപൂരത്തിന്റെ കേളികൊട്ടായി. കൊടിക്കൂറകള്‍ നിരന്നു. സിപിഎമ്മിന്റെ പൂരം തിരുവനന്തപുരത്താണ്. സിപിഐയുടെത് കൊല്ലത്തും. രണ്ടും എന്തേ ‘തെക്കോട്ടായി’ എന്ന ചോദ്യത്തിന് ദുഷ്ടലാക്കുണ്ടാകും. അതിനാല്‍ ആ ചോദ്യം ഉപേക്ഷിക്കുന്നു. അധികാരമില്ലെങ്കില്‍ ചില കക്ഷികള്‍ അങ്ങിനെയാണ്. ‘തെക്കോട്ടെടുത്ത’ അവസ്ഥ. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് അതില്ല. അധികാരത്തിലിരുന്നാലും ഇല്ലെങ്കിലും ആര്‍ഭാടത്തിനൊരു കുറവുമില്ല. പ്രത്യേകിച്ചും സിപിഎമ്മിന്.
കുറച്ചു വര്‍ഷം മുമ്പു വരെ പ്രസ്ഥാനമെന്ന നിലയില്‍ കത്തോലിക്കാ സഭയായിരുന്നത്രെ സമ്പന്നര്‍. ഇന്ന് അവരെയും കടത്തി വെട്ടിയിരിക്കുന്നു സിപിഎം. നൂറുകണക്കിന് കോടി രൂപയുടെ ആസ്തിയുള്ള പ്രസ്ഥാനമാണത്. ശീതീകരിച്ച പാര്‍ട്ടി ആഫീസുകള്‍. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്ഥാപനങ്ങള്‍, ആഡംബരവാഹനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, നേതാക്കള്‍ക്കു പാര്‍ക്കാന്‍ ഫ്ലാറ്റു സമുച്ചയങ്ങള്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സൗകര്യങ്ങളുണ്ടാക്കിയ സിപിഎം മറ്റു കക്ഷികളില്‍ അസൂയ ജനിപ്പിച്ചെങ്കില്‍ ആശ്ചര്യപ്പെട്ടിട്ട് കാര്യമില്ല.
സംസ്ഥാന സമ്മേളനം മാത്രമല്ല സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസും ഇത്തവണ കേരളത്തിലായതിനാല്‍ അവരുടെ ആവേശം ആകാശം മുട്ടെ ഉയര്ന്നതിനാലാകാം പ്രചരണത്തിന് കാശിന്റെ പഞ്ഞം കാണാനേയില്ല. തിരുവനന്തപുരത്ത് മൂന്നര ലക്ഷം വീടുകളില്‍ കൊടി ഉയര്‍ത്തി എന്നാണ് സ്വാഗതസംഘം അവകാശപ്പെട്ടത്. തെരുവോരത്തെ കൊടിതോരണങ്ങള്‍ തൂങ്ങാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്നര ലക്ഷം കൊടിക്ക് എത്ര തുണി വേണം ? ശരാശരി അരമീറ്റര്‍ എന്ന് കണക്കാക്കിയാല്‍ ഒന്നേമുക്കാല്‍ ലക്ഷം മീറ്റര്‍. കൊടി കെട്ടാനുള്ള വടി, ചരട് എല്ലാ കൂടി അമ്പതു രൂപ വച്ച് നോക്കിയാല്‍ തന്നെ തൊണ്ണൂറു ലക്ഷത്തിനടുത്തെത്തും. ഫ്ലക്സുകളും കമാനങ്ങളും അലങ്കാരങ്ങളുമൊക്കെ ഇതിന്റെ പത്തിരട്ടിയാകും. അറുപതില്‍ പരം ചത്വരങ്ങള്‍ തിരുവനന്തപുരത്ത് മാത്രം കെട്ടിപ്പൊക്കി. കമാനങ്ങള്‍ ഇരുന്നൂറ്റമ്പതിലേറെ. ഇതിനെല്ലാം പുറമെ കാല്‍ലക്ഷം ‘ചെമ്പട’യെ ഒരുക്കുന്നു. രണ്ടു മാസത്തിലധികമായി അവര്‍ പരിശീലനത്തിലാണ്. അനന്തപുരിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനാണത്രെ ഈ ഒരുക്കം. പുരുഷന്മാര്ക്ക് കാക്കി പാന്റ്സും ചുവന്ന ഷര്‍ട്ടും തൊപ്പിയും കാലുറയും. സ്ത്രീകള്‍ക്ക് ചുവപ്പു കുര്‍ത്തയും വെള്ള ഷാളും. എല്ലാം പാര്‍ട്ടി നല്‍കും. ഒരാള്‍ക്ക് ആയിരം രൂപ കണക്കാക്കിയാല്‍ തുക എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവര്‍ കാശുണ്ടാക്കും ചെലവാക്കും. അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാവും ശുദ്ധാത്മാക്കളുടെ പ്രതികരണം. അങ്ങനെ തന്നെ ഇരിക്കട്ടെ.
ഇത്തവണ സമ്മേളനത്തോടനുബന്ധിച്ച് ഒരു അവകാശവാദം ഉയര്‍ത്തിക്കാട്ടുകയാണ്. ‘മാര്‍ക്സാണ് ശരി’ എന്നാണത്. മാര്‍ക്സാണ് ശരി എന്നവകാശപ്പെടാന്‍ അവര്‍ക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടു കാര്യമില്ല. പക്ഷേ മാര്‍ക്സ് പോലും താനൊരു മാര്ക്സിസ്റ്റാണെന്നവകാശപ്പെട്ടിട്ടില്ല. ആടും ആടലോടകവും പോലെയാണ് മാര്‍ക്സും മാര്‍ക്സിസ്റ്റും എന്നായി തീര്‍ന്നിരിക്കുന്നു. മാര്‍ക്സിസത്തിന്റെ ‘റോം’ ആയിരുന്ന സോവ്യറ്റ് റഷ്യ താറുമാറായിട്ട് പതിറ്റാണ്ടുകളായി. സിപിഎം കമ്മ്യൂണിസ്റ്റുകാരുടെ വത്തിക്കാനായി കരുതിപ്പോന്ന ചൈനയും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കൊണ്ടു നടന്നാല്‍ കരപറ്റില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മാര്‍ക്സാണ് ശരിയെങ്കില്‍ മാര്‍ക്സ് തള്ളിപ്പറഞ്ഞ മതത്തെയും മതസങ്കല്പങ്ങളെയും മാറോടണയ്ക്കാന്‍ തിരക്കു കൂട്ടുന്നതെന്തിനെന്ന് ആരും ചോദിച്ചു പോകരുത്. “ഞ്ഞാന്‍ എല്ലാ ദൈവങ്ങളെയും അവജ്ഞയോടെ വീക്ഷിക്കുന്നു” എന്നു പറഞ്ഞ മാര്‍ക്സാണ് ശരിയെങ്കില്‍ ആരാധ്യപുരുഷനായി യേശുക്രിസ്തു മാറിയതെങ്ങനെ എന്ന സംശയം സ്വാഭാവികം. കുരിശിലേറ്റപ്പെട്ട യേശുവിന്റെ നെറ്റിയില്‍ നിന്നു വീണ ചോരയില്‍ മുക്കിയെടുത്തതിനാലാണ് സിപിഎം കൊടി ചുവന്നതെന്നു കൂടി പറയുന്ന കാലം വരാന്‍ ഇനിയെത്ര കാലം കാക്കണം !
കുരിശില്‍കിടന്ന് പിടയുമ്പോള്‍ യേശുക്രിസ്തു പറഞ്ഞത് ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. പിതാവേ ഇവര്‍ക്ക് മാപ്പുകൊടുക്കേണമേ എന്നായിരുന്നു. തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി യേശു ഇങ്ങനെ പ്രാര്‍ഥിച്ചെങ്കില്‍ ഇതേ പ്രാര്‍ഥന മാര്‍ക്സിന്റെ ആത്മാവ് ഉച്ചരിക്കുന്നുണ്ടാകണം.
മാര്‍ക്സിന്റെ ജീവിതം ദുരന്തപൂര്‍ണമായിരുന്നു. ലണ്ടനില്‍ ആദ്യം താമസിച്ച വീട് വാടകബാക്കിയായതിനെ തുടര്‍ന്ന് ഒഴിപ്പിക്കുകയായിരുന്നു. ഒടുവില്‍ വാടകയ്ക്കെടുത്ത ഇരുമുറി വാസസ്ഥലം കാലിത്തൊഴുത്തിനെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുഞ്ഞിന്റെ ശവം മടിയില്‍ വച്ച് ശവപ്പെട്ടി വാങ്ങാന്‍ കാശില്ലാതെ വിലപിക്കുന്ന കാഴ്ചപോലും വിവരിച്ചുവച്ചിട്ടുണ്ട്. പ്രവാചകന് മണ്മറയുമ്പോള് അപ്പോസ്തലന്മാര് രംഗപ്രവേശം ചെയ്യും. ആശയാദര്‍ശങ്ങള്‍ക്കു ചുറ്റും അവര്‍ കൂടുകൂട്ടും. ഔദ്യോഗിക വക്താക്കളായി അവര്‍ രംഗത്തുവരും. ക്രിസ്തുവിനെപ്പറ്റി നീഷേയുടെ ഒരു ചൊല്ല് പ്രചാരത്തിലുണ്ട്. ആകെയൊരു ക്രിസ്ത്യാനിയെ ലോകത്തിലുണ്ടായിരുന്നുള്ളു. അത് യേശുക്രിസ്തു. അദ്ദേഹം കുരിശിലേറ്റപ്പെട്ടു. മാര്‍ക്സിനെപ്പറ്റിയും അങ്ങനെ പറയാന്‍ നിരീക്ഷകന്മാര്ക്ക് വഴിയൊരുക്കിക്കൊടുക്കുകയാണ് അപ്പോസ്തലന്മാര്.
മനുഷ്യരുള്ളിടത്തെല്ലാം മാര്‍ക്സിന്റെ പേരുണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അടിസ്ഥാനവര്‍ഗത്തിന്റെ ഉയര്‍ച്ചയ്ക്കു വരുന്ന പ്രത്യയശാസ്ത്രത്തിന്റെ പിതാവെന്ന നിലയില്‍ അംഗീകാരം നേടിയ മാര്ക്സിന് മറ്റൊരു മുഖവും ജീവിതവും ഉണ്ടെന്ന് അറിയുന്നവര്‍ പോലും അതിനേറെ പ്രചരണം നല്‍കുന്നില്ല. പതിനേഴാം വയസില്‍ കോളേജ് പഠനത്തിന് തുടക്കമിട്ട മാര്‍ക്സ് അന്ന് പഠനത്തെക്കാള്‍ അനാശാസ്യപ്രവര്ത്തനങ്ങള്ക്കാണ് ഔത്സുക്യം കാട്ടിയതെന്ന് ആരോപണമുണ്ട്. മാക്സ് ബോണ്‍ യൂണിവേഴ്സിറ്റിയിലെ ടാവേന് ക്ലബ്ബിലെ മുപ്പതംഗങ്ങളില് ഒരാളായി ചേര്‍ന്ന മാര്‍ക്സ് അതിന്റെ അഞ്ചു പ്രസിഡന്റുമാരില്‍ ഒരാളായി. ക്ലബ്ബിന്റെ പ്രധാന ജോലി മദ്യപാനമായിരുന്നു. കുടിച്ചു ലക്കില്ലാതെ ബഹളമുണ്ടാക്കിയതിനാല്‍ ഒരു തവണ 24 മണിക്കൂറോളം സര്‍വകലാശാലയുടെ തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. യൂണിവേഴ്സിറ്റിയിലെ കയ്യാങ്കളിയില്‍ ഇടം കണ്ണിനു മുകളില്‍ ഏറ്റ മുറിവിന്റെ പാട് പിന്നെ മാഞ്ഞതേയില്ല. അവിഹിതമായി ആയുധം കയ്യില്‍ വച്ചതിനും നടപടിക്കു വിധേയനായി. ശല്യം സഹിക്കാതെയാണ് ആ സര്‍വകലാശാലയില്‍ നിന്നും ബര്‍ലിന്‍ സര്‍വകലാശാലയിലേക്ക് പറിച്ചു നടപ്പെട്ടത്. ഏഴ് കൊല്ലത്തെ പ്രണയത്തിനുശേഷമാണ് ജന്നിയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. നാലുവര്‍ഷം മൂപ്പുള്ള ജന്നി സുന്ദരിയും സമ്പന്നയുമായിരുന്നു. കല്യാണത്തിന് അവര്‍ക്ക് കിട്ടിയ വിലപ്പെട്ട സാധനസാമഗ്രികളെല്ലാം ജീവിത പ്രാരാബ്ധത്തിനിടയില്‍ അന്യാധീനപ്പെട്ടു പോയി.
ഒരു മാര്‍ക്സിസ്റ്റാകാന്‍ എനിക്ക് കഴിയാതെ പോയി എന്ന് തിരിച്ചറിഞ്ഞ മാര്ക്സിന് ആശ്വസിക്കാന്‍ വക നല്കുന്നതാണോ അഭിനവ ‘മാര്ക്സുകാര്’ ചെയ്തു കൂട്ടുന്ന വിക്രിയകള്‍. ഉപ്പിനെക്കാള്‍ ഉപ്പ് ഉപ്പിലിട്ടതിനെന്നു പറയുന്നതു പോലെയാണ് മാര്‍ക്സിനെ വ്യാഖ്യാനിക്കുന്ന മാര്‍ക്സിസ്റ്റുകാര്‍. ഇന്നലെയവര്‍ക്ക് വിവേകാനന്ദനായിരുന്നു വിപ്ലവകാരി. അതിനു ശേഷം സദ്ദാംഹുസൈന് വീരനായകനായി. അതു കൊണ്ട് കിട്ടാവുന്നതൊക്കെ പോക്കറ്റിലാക്കിയ ശേഷം യാസര്‍ അറാഫത്തായി മാതൃകാ പുരുഷന്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അത്താണിയാണെന്ന് ഇപ്പോള്‍ യേശുവിനെ വാഴ്ത്തുന്നവരെ ‘നികൃഷ്ടജീവികളാ’യി വിശേഷിപ്പിച്ചവര്‍ക്ക് ഇന്ന് യേശു വിപ്ലവനായകനായി. വിമോചന പ്രസ്ഥാനത്തിന്റെ തേരാളിയും പോരാളിയുമായി. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ചാട്ടവാറു കൊണ്ടടിച്ചവന് യേശു, അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണേശു, യേശുവിന് ശിഷ്യപ്പെടാന്‍ ഞങ്ങള്‍ക്കുള്ള അവകാശത്തെ പറ്റി ആരും ചോദ്യം ചെയ്തു പോകരുതെന്ന അരുളപ്പാടില്‍ ആരും അദ്ഭുതപ്പെടരുത്. ഇന്നലെ അവര്‍ക്ക് മദനിയും സുലൈമാന്‍ സേട്ടും മഹാത്മാക്കളായിരുന്നു. എന്നിട്ടും മഹാത്മാഗാന്ധി അവരുടെ മൂലധനത്തിന്റെ മുതല്ക്കൂട്ടാകാതെ പോയി. മഹാത്മാവേ ഇവര്‍ക്കു മാപ്പു നല്‍കുക.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: