കേരളം ജീവിക്കുന്നത് കപ്പലില്‍നിന്ന് -വായിലേയ്ക്ക് എന്ന നിലയിലാണെന്ന പ്രസിദ്ധ കൃഷി ശാസ്ത്രജ്ഞന് എം.എസ്.സ്വാമിനാഥന് പറഞ്ഞിട്ടുണ്ട്. കപ്പല്വഴിയോ ലോറികള്‍ വഴിയോ വരുന്ന അരിവാങ്ങി വിശപ്പടക്കുന്ന മലയാളിയ്ക്കും ഭക്ഷണത്തിനുള്ള ഭരണഘടനാപരമായ അവകാശം ഇന്നും സാര്ത്ഥകമാകാത്തത് കേരളത്തില്‍ കൃഷി അന്യംനില്‍ക്കുന്നത് കാരണമാണ്. കൃഷി ചെയ്ത് വന്‍ നഷ്ടത്തില്‍ കലാശിച്ച് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന പ്രവണത കേരളത്തില്‍ പുനര്‍ജീവിച്ചു എന്നു തെളിയിച്ച് വ്യാഴാഴ്ചയും വയനാട്ടില്‍ ഒരു കര്ഷകന് ആത്മഹത്യ ചെയ്തിരിക്കുന്നു. പക്ഷെ രാഷ്ട്രീയ വാഗ്ദാനം ഒരു കിലോഅരിയ്ക്ക് ഒരുരൂപ എന്നതായി തുടരുന്നു. ബംഗാള്‍ ഭക്ഷ്യക്ഷാമത്തില്‍ രണ്ടുദശലക്ഷം ആളുകള്‍ മരിച്ചശേഷമാണ് ഭക്ഷണം മനുഷ്യാവകാശമായി പ്രഖ്യാപിക്കപ്പെട്ടത്. പക്ഷെ ഉപഭോഗ സംസ്ഥാനമായ കേരളം ഉല്‍പ്പാദനരംഗത്ത് പൂജ്യമാണ്. ഭൗതിക ജീവിതമേഖലയില്‍ കേരളം മുന്നിലാണെങ്കിലും ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കേരളം ഇന്ത്യയില്‍ ആറാം സ്ഥാനത്താണ്. മഴ ലഭിക്കാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയും മറ്റും ആശ്രയിച്ചു ജീവിക്കുന്ന തമിഴ്നാടാണ് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മുന്നില്‍. തമിഴ്നാടിന്റെ ഉല്‍പ്പാദനം 9.76 ശതമാനമാണെങ്കില്‍ കേരളത്തിന്റേത് 8.74 ശതമാനമാണ്. കേരളത്തിലെ ജനങ്ങളില്‍ 16 ശതമാനം ദാരിദ്ര്യരേഖയ്ക്കും താഴെ ജീവിക്കുന്നവരാണ്. എന്നിട്ടും ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ബിപിഎല്‍ കാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
അനര്‍ഹമായി നേടിയ ബിപിഎല്‍ കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്പ്പിക്കപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കാര്‍ഷിക ആത്മഹത്യകള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനായിട്ടില്ല എന്നു മാത്രമല്ല, ആത്മഹത്യ ചെയ്ത കര്‍ഷകന്റെ പേരിലും ബാങ്കുകള്‍ ഇപ്പോഴും ജപ്തി നോട്ടീസ് അയയ്ക്കുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് ആശ്വാസം പ്രഖ്യാപിച്ചെങ്കിലും പല കുടുംബങ്ങളിലും ഈ ധനസഹായം ഇനിയും എത്തിയിട്ടുമില്ല. കേരളം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുടെ പരാതി സ്വീകരിച്ച് പരിഹാരം കാണാന്‍ ശ്രമിച്ചും ഗിന്നസ് ബുക്കില്‍ ഇടം നേടിയ മുഖ്യമന്ത്രി പക്ഷെ വയനാട്ടിലോ പാലക്കാട്ടോ ആത്മഹത്യ ചെയ്ത ഒരു കാര്‍ഷിക കുടുംബത്തെ സന്ദര്ശിക്കുകയാകട്ടെ ആശ്വാസവാക്കുകള്‍ ഓതുകയാകട്ടെ ചെയ്തില്ല എന്ന പരാതി പ്രബലമാണ്. ഇപ്പോള്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാനുള്ള പരാതികളും കാലപരിധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. 2011 ഒക്ടോബര്‍ 31വരെയുള്ള കടങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അംഗീകാരം നല്‍കുന്നതിന് കാര്‍ഷിക കടാശ്വാസ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 2005 ജനുവരിയില്‍ നിലനില്‍ക്കുന്ന കടങ്ങള്‍ പരിശോധിക്കാന്‍ മാത്രമേ ഈ കമ്മീഷന് അധികാരമുണ്ടായിരുന്നുള്ളൂ. സമയപരിധി ദീര്‍ഘിപ്പിച്ച് ഇതില്‍ വരുന്ന പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് അധികാരം നല്‍കും.
കാര്‍ഷിക കടാശ്വാസ കമ്മീഷന് വ്യവസ്ഥകള്‍ പരിമിതമാണെന്നും അതിനാല്‍ എഴുതിതള്ളേണ്ട കടങ്ങള്‍ എഴുതിത്തള്ളാതെ ജനങ്ങള്‍ക്ക് ആത്മഹത്യയിലേയ്ക്ക് തിരിയേണ്ടിവന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കാന്‍ ആന്ധ്രയുമായി കേരള സര്‍ക്കാര്‍ ധാരണയിലെത്തിയിരിക്കുകയാണ്. 40,000 ടണ്‍ അരിയാണ് കേരളത്തിന് പ്രതിമാസം ആവശ്യം. ഇതോടൊപ്പം എഫ്സിഐ സംസ്ഥാനത്തിന് നല്കുന്ന അരിവിഹിതവും കൂട്ടാന്‍ ധാരണയായിട്ടുണ്ട്. എഫ്സിഐ അരി 14.7 രൂപയ്ക്കാണ് നല്‍കിവരുന്നത്. അപ്പോഴും അനര്‍ഹര്‍ അരിവിഹിതം തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ സര്‍ക്കാരും സജ്ജമാകേണ്ടതുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി നേടിയ 22,058 കാര്‍ഡുകള്‍ തിരികെ ലഭിച്ചെങ്കിലും 1942 കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്പ്പിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഐടി മേഖലയിലുള്ളവരും എന്‍ആര്‍ഐ കുടുംബങ്ങളുംവരെ ബിപില്‍ കാര്‍ഡുകള്‍ തെറ്റായ വിവരങ്ങള്‍ നല്കിനേടിയിട്ടുണ്ട്. യഥാര്‍ത്ഥ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോള്‍ എപിഎല്‍ കാറ്റഗറിയില്‍ പെട്ടത് മാറ്റിക്കിട്ടാനുള്ള അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക് പരിപാടിയില്‍ ലഭിച്ചിരുന്നു. കേരളത്തിന്റെ ഭക്ഷ്യസംബന്ധമായ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്, തകരുന്ന കാര്‍ഷിക മേഖലയെ ഉദ്ധരിക്കാനും നഷ്ടക്കച്ചവടമായ കൃഷി ഉപേക്ഷിക്കുന്ന പുതിയ തലമുറയെ ഉല്‍ബുദ്ധരാക്കാനും കൂടി ശ്രമം വേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: