വാഷിങ്ടണ്‍: പാക്കിസ്ഥാനിലെ താലിബാന്, അല്‍ക്വയ്ദ കേന്ദ്രങ്ങള്‍ക്കു നേരേ ഡ്രോണ്‍ ആക്രമണം നടത്തിയ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അമേരിക്ക ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നത്. പാക്കിസ്ഥാനിലെ ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബല്‍ മേഖലകളില്‍ നിരവധി ഡ്രോണ്‍ ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
പാകിസ്ഥാനിലെ ഗോത്ര വര്‍ഗ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന അല്‍ക്വയ്ദ, താലിബാന് തീവ്രവാദികളെ അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനങ്ങള്‍ (ഡ്രോണ്‍) നിരന്തരം ആക്രമിച്ചു വരികയാണ്. അമേരിക്കയുടെ സൈന്യത്തിന് ചെന്നെത്താന്‍ കഴിയാത്ത വിദൂരപ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ ധാരാളം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അമേരിക്കയുടെ ഭീകര പട്ടികയിലുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്.
അമേരിക്കയെയും അവിടത്തെ ജനതയെയും ശത്രുക്കളായി കാണുന്ന അല്‍ക്വയ്ദയെ തുടച്ചു നീക്കുമെന്നും ഗൂഗിള്‍ പ്ലസ്, യൂ ട്യൂബ് എന്നിവയുമായുള്ള വെബ് സംഭാഷണത്തിനിടെ ഒബാമ പറഞ്ഞു. അമേരിക്കയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചവരായിരുന്നു ഇവര്‍. പാക് സൈന്യത്തിന് ഇവരെ പിടികൂടാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലായിരുന്നു അമേരിക്കന്‍ നടപടി. അഫ്ഗാന്-പാക് അതിര്‍ത്തിയിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്-അഫ്ഗാനിസ്ഥാനിലെ ഗോത്രവര്‍ഗ പ്രദേശം അല്‍ക്വയ്ദ, താലിബാന് ഭീകരരുടെ സുരക്ഷിത കേന്ദ്രമായാണ് അമേരിക്ക കണക്കാക്കുന്നത്. പാക്കിസ്ഥാന് അര്‍ദ്ധ സ്വയം ഭരണാവകാശമുള്ള ഈ ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്ക 64 മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയത്. 2010ല്‍ ഇത് 101 ആയിരുന്നു.
യു.എസ് ചാരസംഘടന സി.ഐ.എയുടെ നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടന്നിരുന്നത്. ഇതിനായി പാക്കിസ്ഥാനിലെ വ്യോമത്താവളം അവര്‍ ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: