കൊച്ചി: 1980-ലെ കേരളാ ആഴക്കടല്‍ മത്സ്യബന്ധന നിയമമുള്പെടെയുള്ള വിഷയങ്ങളില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാണെന്ന് മത്സ്യത്തൊഴിലാളി ക്ഷേമവും അനുബന്ധ മേഖലകളും സംബന്ധിച്ച നിയമസഭാ സമിതി അഭിപ്രായപ്പെട്ടു.
കൊച്ചി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്തു.
നിലവിലുള്ള നിയമങ്ങളില്‍ ഒട്ടേറെ പോരായ്മകളുണ്ട്. മത്സ്യബന്ധന ബോട്ടുകളുടേയും യാനങ്ങളുടേയും വലുപ്പം, യന്ത്രസംവിധാനം, ഇന്‍ഷ്വറന്‍സ്, ജീവന്രക്ഷോപാധികള് തുടങ്ങിയവയെ സംബന്ധിച്ച് നിയമം വ്യക്തമായി നിഷ്കര്‍ഷിക്കുന്നില്ല. ജില്ലയില്‍ തന്നെ കോടികള്‍ മുടക്കി നീരിലിറക്കിയ മൂന്ന് ബോട്ടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നതും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാതെ ഉടമകള്‍ വഴിയാധാരമായതും ചെയര്മാന് ചൂണ്ടിക്കാട്ടി. ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ നിലവാരവും ശേഷിയും പരിശോധിക്കാനും ക്രമീകരണം ഏര്‍പെടുത്തണം. ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തിയുള്ള സമഗ്ര നിയമനിര്‍മാണത്തിനായി സമിതി ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് മുഖാന്തരം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികാനുകൂല്യം യഥാസമയം തൊഴിലാളികള്‍ക്ക് ലഭിക്കാതെ വരുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സമിതി വിലയിരുത്തി. ഈയിനത്തിലെ തുക മത്സ്യഫെഡ് മുഖാന്തരം സംഘങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും വിതരണം ചെയ്യാന്‍ കൈക്കൊണ്ട നടപടിക്രമങ്ങളിലെ സാങ്കേതികത്വമാണ് വീഴ്ചയ്ക്ക് കാരണം. ഈ വിഷയം പരിശോധിക്കാന്‍ മത്സ്യഫെഡ് അധികൃതരേയും വകുപ്പ് സെക്രട്ടറിമാരേയും സമിതിമുമ്പാകെ വിളിക്കുമെന്ന് ചെയര്മാന് വെളിപ്പെടുത്തി. സമിതിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മത്സ്യഫെഡ് മുഖാന്തരമുള്ള വായ്പാ പദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കാനും നിര്‍ദേശം നല്കി.
മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനായി നല്കി വരുന്ന 50,000 രൂപയുടെ ധനസഹായം അനുവദിച്ചവര്‍ വാങ്ങിയിട്ടില്ലെങ്കില്‍ ലിസ്റ്റില്‍ ശേഷിക്കുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ തുകനല്‍കാന്‍ നടപടി കൈക്കൊള്ളണം. ഈയിനത്തില്‍ രണ്ടു ലക്ഷം രൂപ നല്കുന്ന പുതിയ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കടലില്‍ തോട്ട പൊട്ടിച്ച് മീന്‍ പിടിക്കുന്നവരെ തടയാന്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ക്ക് സമിതി നിര്‍ദേശം നല്കി.
തീരദേശ മേഖലയില്‍ കുടിവെള്ള പദ്ധതികളുടെ നിലവിലുള്ള സ്ഥിതിയും സമിതി വിലയിരുത്തി. എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളില്‍ ജിഡയുടെ സഹായത്തോടെ 12.50 കോടി ചെലവില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കായി തീരദേശ വികസന കോര്പറേഷന് മുഖാന്തരം അഞ്ചു കോടി രൂപ നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി കമ്മീഷന് ചെയ്യുന്നത് ഉറപ്പു വരുത്താന്‍ സമിതി ആവശ്യപ്പെട്ടു.
സുനാമി പുനരധിവാസ പദ്ധതിയില്‍ 12.50 കോടിയുടെ സ്പെഷ്യല്‍ പാക്കേജ് വഴി നടപ്പാക്കിയ പദ്ധതികളും സമിതി അവലോകനം ചെയ്തു. എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലായി പണിയുന്ന 64 ഫ്ലാറ്റുകള്‍ മാര്‍ച്ചിനകം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ഡപ്യൂട്ടി കളക്ടര്‍ പി.ഇന്ദിരാദേവി അറിയിച്ചു. ഇത്തരം ഭവന പദ്ധതികളില്‍ ഡ്രെയിനേജ്, സാനിട്ടേഷന്‍ സംവിധാനം നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദേശിച്ചു. സുനാമി പ്രതിരോധത്തിന്റെ ഭാഗമായി ചെല്ലാനത്തും വൈപ്പിനിലും കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 13-ാം ധനകാര്യകമ്മീഷന്റെ സഹായത്തോടെ ചെല്ലാനത്ത് 650-ഉം വൈപ്പിനില്‍ 450-ഉം മീറ്റര്‍ കൂടി കടല്‍ ഭിത്തി നിര്‍മിക്കും. മത്സ്യഗ്രാമമായി നിശ്ചയിച്ച ചെല്ലാനത്ത് 3.60 ലക്ഷം രൂപ വീതം ചെലവില്‍ 197 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് തീരദേശ വികസന കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം കുടിവെളള പദ്ധതികള്‍ ഏറ്റെടുക്കും. ചെല്ലാനം തീരദേശ മേഖലയില്‍ കുടിവെളള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായുളള എസ്റ്റിമേറ്റുതയാറാക്കി അനുബന്ധനടപടികള്‍ കൈക്കൊളളാന്‍ ജലഅതോറിറ്റി അധികൃതര്‍ക്ക് ചെയര്മാന് നിര്‍ദേശം നല്കി. സാഫ് പദ്ധതി വഴി ജില്ലയില്‍ 20 യൂണിറ്റുകള്‍ക്ക് 180 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇതില്‍ 80 ശതമാനവും സബ്സിഡിയായിരിക്കും.
മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുടെ യോഗം സമിതി വിളിക്കും. സുനാമി ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിര്‍മിച്ച വീടുകളുടെയും അനുബന്ധ പദ്ധതികളുടെയും സ്ഥിതി വിലയിരുത്താന്‍ സമിതി ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് ചെയര്മാന് അറിയിച്ചു. എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന് (ഉദുമ) എ.ടി.ജോര്‍ജ്, കെ.ദാസന്, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, നഗരസഭാ സെക്രട്ടറി അജിത് പാട്ടീല്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: