കാബൂള്‍: അഫ്ഗാനില്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഭീകര സംഘടനയായ താലിബാനുമായി പ്രസിഡന്റ് ഹമീദ് കര്‍സായി നേരിട്ടു ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കു തയാറാണെണ് താലിബാന് വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ വച്ചായിരിക്കും ചര്‍ച്ച. കൂടിക്കാഴ്ചയുടെ തിയതി സംബന്ധിച്ചു തീരുമാനമായില്ല.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അഫ്ഗാന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. താലിബാനുമായുള്ള ചര്‍ച്ചകള്‍ക്കു സൗദി നേരത്തെയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് ചര്‍ച്ച സൗദിയില്‍ നടത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
അമേരിക്കയുമായി ചര്‍ച്ചയാവാമെന്നും അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറല്ലെന്നുമുള്ള നിലപാടാണ് താലിബാന് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ താലിബാന് പ്രതിനിധികളും യു.എസ്. ഉദ്യോഗസ്ഥരും നേരിട്ടുള്ള അനുരഞ്ജന ചര്‍ച്ച ആരംഭിച്ചതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലാണു ചര്‍ച്ച.
ഗ്വാണ്ടനാമോ തടവറയിലുള്ള താലിബാന്‍കാരെ മോചിപ്പിക്കുന്നതുസംബന്ധിച്ചാണ് ഇപ്പോള്‍ സംഭാഷണം നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: