മലിനീകരണത്തില്‍ ലോകത്തിലെ ഏറ്റവും മോശമായ പത്ത് രാജ്യങ്ങളില്‍ മുന്പന്തിയിലാണെന്ന 2011 ലെ മലിനീകരണ നിലവാര സൂചിക ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്നതാണ്. ലജ്ജ എന്ന വികാരം എന്തെന്നറിയുന്നവര്‍ തീര്‍ച്ചയായും ഇത് വായിച്ച് തലതാഴ്ത്തും. ഇന്ത്യ മോശം 110 രാജ്യങ്ങളില്‍ ഒന്നാണെങ്കില് കേരളം ഇന്ത്യയില്‍ ഈ വിഷയത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണെന്നാണ് ലാലൂരും ബ്രഹ്മപുരവും വിളപ്പില്‍ശാലയും എല്ലാം തെളിയിക്കുന്നത്.
മലിനീകരണ നിയന്ത്രണം, പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യല്‍ മുതലായവ അനുസരിച്ചാണ് ഈ പട്ടിക നിര്‍ണയിച്ചിരിക്കുന്നത്. അതിദ്രുത വികസിത രാഷ്ട്രങ്ങളായ ഇന്ത്യയും ചൈനയും 125 ഉം 116 ഉം സ്ഥാനങ്ങളിലാണ്. അന്തരീക്ഷ-വായു മലിനീകരണത്തിലും ഇന്ത്യ മുന്നില്‍ത്തന്നെയാണ്. ഇന്ത്യയുടെ സഹയാത്രികര്‍ ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്, ഇറാഖ്, തുര്‍ക്കുമെനിസ്ഥാന്‍ മുതലായ രാജ്യങ്ങളാണ്. പരിസ്ഥിതി, ആരോഗ്യം, കുടിവെള്ളം, വായു മലിനീകരണം, വാസസ്ഥലം, കൃഷി മുതലായ വിഷയങ്ങളില്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ റിപ്പോര്‍ട്ട്.
കേരളം ആരോഗ്യ വികസന സൂചികകളില്‍ ഒരുകാലത്ത് മുന്നിലായിരുന്നു. അതിന് കാരണമായി പറഞ്ഞിരുന്നത് കേരളത്തിലെ ജനങ്ങളുടെ സാക്ഷരതയാണ്. പക്ഷെ ഈ സാക്ഷര കേരളമാണ് ഇന്ന് മലിനീകരണത്തില്‍ അഗ്രഗണ്യ സ്ഥാനത്ത് എന്ന് തിരിച്ചറിയേണ്ട ഗതികേടിലാണ് കേരളം. വ്യക്തി ശുചിതത്വത്തില് മാത്രം ശുചിത്വം ഒതുക്കുന്ന മലയാളി തങ്ങളുടെ ഗാര്‍ഹിക മാലിന്യം പൊതുനിരത്തുകളിലും ഒഴിഞ്ഞ പറമ്പുകളിലും ഓടകളിലും ജലസ്രോതസ്സുകളിലും നിക്ഷേപിച്ച് അഴുക്കുജലം കെട്ടിക്കിടന്ന് കുടിവെള്ളം മലിനീകൃതമാക്കുമെന്നോ ഈ അഴുക്കുചാലുകളും അടഞ്ഞ ഓടകളും കുന്നുകൂടുന്ന മാലിന്യങ്ങളും എലിയെയും കൊതുകിനെയും മറ്റും വളര്‍ത്തി എലിപ്പനി, ഡെങ്കിപ്പനി മുതലായവ പടര്‍ത്തി അനാരോഗ്യ കേരളമാകുന്നു എന്ന തിരിച്ചറിവ് സാക്ഷരതയും വിദ്യാഭ്യാസവും അറിവും നേടിയ മലയാളിക്കില്ല.
തലസ്ഥാനത്തെ വിളപ്പില്‍ശാല മാലിന്യ വികസന കേന്ദ്രത്തിലെ മാലിന്യവല്‍ക്കരണം സഹിക്കാനാവാതെ പഞ്ചായത്ത് കേന്ദ്രം അടച്ചുപൂട്ടി മാലിന്യങ്ങള്‍ അപ്പോഴും റോഡില്‍ കുന്നുകൂടിയപ്പോള്‍ പെയ്ത മഴയില്‍ പുഴുക്കള്‍ ഇഴയുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ കാണിച്ചപ്പോഴും മലയാളിയുടെ ശുചിത്വ ബോധം ഉണര്‍ന്നില്ല.
ഇപ്പോള്‍ വിളപ്പില്‍ശാല, എറണാകുളത്തെ ബ്രഹ്മപുരം, കണ്ണൂരിലെ ലാലൂര്‍, കോഴിക്കോട്ടെ മാലിന്യം തള്ളുന്ന സ്ഥലം എല്ലാം പരിസരവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഈ വിഷയത്തില്‍ റോഡില്‍ മാലിന്യം തള്ളുന്ന ശൈലി നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല. ദ്രവമാലിന്യവും ഖരമാലിന്യവും വേര്‍തിരിച്ച് സംസ്ക്കരിക്കണമെന്നും പ്ലാസ്റ്റിക് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നുമുള്ള നിബന്ധനകളും കാറ്റില്‍ പറന്നു. മലയാളി പുഛത്തോടെ കാണുന്ന മധുരയിലെ തമിഴര്‍ പോലും ‘പ്ലാസ്റ്റിക്കിനെ നിരാകരിക്കൂ- ഭൂമിയെ രക്ഷിക്കൂ’ എന്ന ഉല്‍ബോധനം അംഗീകരിക്കുമ്പോള്‍ കേരളം ഇതും അവഗണിക്കുന്നു.
ഇപ്പോള്‍ ലാലൂരില്‍ മാലിന്യങ്ങള്‍ക്ക് തീപിടിച്ച് മലിനവായു ശ്വസിച്ച് ആളുകള്‍ ആശുപത്രിയിലെത്തുന്നു. കേരളത്തിലെ എല്ലാ മെട്രോകളിലും സ്ഥിതി ഇതുതന്നെ. ഇവിടെ റീസൈക്ലിംഗ് എന്ന സങ്കല്‍പ്പം നിലവിലില്ല. ഒരു സ്ഥലത്ത് മാലിന്യം നിരോധിച്ചാല്‍ മലയാളി മറ്റൊരു സ്ഥലം മാലിന്യം വലിച്ചെറിയാന്‍ കണ്ടെത്തുന്നു. ഇത്രയധികം സഹജീവികളോട് പരിഗണനയില്ലാത്ത ഒരു സമൂഹം ലോകത്ത് വേറെ കാണില്ല.
ഇവിടെ ഗാര്‍ഹിക മാലിന്യം മാത്രമല്ല പൊതുസ്ഥലങ്ങളിലും ഓടകളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നത്, ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവും ആണ്. അവകാശങ്ങളെപ്പറ്റി (നോക്കുകൂലി, അട്ടിമറി കൂലി) ഉള്‍പ്പെടെ, ശുദ്ധജലത്തിനും ആഹാരത്തിനും താമസത്തിനുമുള്ള അവകാശങ്ങളെപ്പറ്റി സമരത്തിന്വരെ മുതിരുന്നവര്‍ക്ക് കടമകളെപ്പറ്റി യാതൊരു സങ്കല്‍പ്പവും ഇല്ല എന്നതാണ് മലയാളിയുടെ സവിശേഷത.
യേല്‍ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി നിയമനയ കേന്ദ്രവും കൊളംബിയ യൂണിവേഴ്സിറ്റിയും 132 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യ 116-ാമതായി വന്നിരിക്കുന്നത്. സ്വിറ്റ്സര്‍ലണ്ടാണ് ഏറ്റവും മികച്ച മാലിന്യവിമുക്ത രാജ്യം. അനുകരണപ്രേമികളായ മലയാളികള്‍ മാതൃകകളെ അനുകരിക്കാറില്ല.
അശ്രദ്ധയുടെ ഇരകള്‍
വാഹനാപകടങ്ങളില്‍ യുവാക്കള്‍ മരിക്കുന്നു എന്ന വാര്‍ത്ത ഇന്ന് പത്രവായനക്കാര്‍ ഒന്നാം പേജില്‍ പ്രതീക്ഷിക്കുന്ന വാര്‍ത്തയായി മാറുകയാണ്. ശനിയാഴ്ച ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ രക്തം വാര്‍ന്ന് മരിച്ചു.
2011 ല്‍ കേരളത്തില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 4100 ആയിരിക്കുന്നു. പരിക്കേറ്റവര്‍ 41420 പേരാണ്. മരിച്ചവരില്‍ ഭൂരിഭാഗം ഇരുചക്രവാഹനം ഓടിക്കുന്നവരാണ്. ചെന്നൈക്കടുത്ത് ബൈക്കപകടത്തില്‍ ശനിയാഴ്ച മരിച്ച രണ്ട് യുവാക്കളും മലയാളികള്‍തന്നെയായിരുന്നു.
ഒരു പുതിയ പ്രതിഭാസം പ്രഭാതസവാരിക്കിറങ്ങുന്നവര്‍ വാഹനമിടിച്ച് മരിക്കുന്നതാണ്. കഴിഞ്ഞയാഴ്ച പ്രഭാതസവാരിക്കിറങ്ങിയ മൂന്ന് ചെറുപ്പക്കാരെയാണ് അജ്ഞാതവാഹനം ഇടിച്ച് കൊലപ്പെടുത്തിയത്. പ്രഭാതങ്ങളില്‍ ട്രാഫിക് കുറയുന്നത് അമിതവേഗത്തില്‍ ഓടിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അശ്രദ്ധമായി നടക്കുന്നവര്‍ ഇരകളാകുന്നു.
കേരളത്തില്‍ റോഡുകളും വീതിക്കുറവും വാഹനപെരുപ്പവും മരണകാരണമാണെങ്കിലും കേരളത്തില്‍ കൂടിവരുന്ന മദ്യോപയോഗവും മദ്യപിച്ചുള്ള വാഹനമോടിക്കലും റോഡപകടങ്ങള്‍ കൂട്ടുന്നുണ്ട്. ഇതില്‍ ആശങ്ക വളര്‍ത്തുന്ന മറ്റൊരു കാര്യം മരിക്കുന്നവരില്‍ ഭൂരിപക്ഷവും 25-നും 40-നും ഇടയിലുള്ളവരാണ് എന്ന വസ്തുതയാണ്.
മരണനിരക്കില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. സിറ്റിയിലും റൂറലിലും മാത്രമായി 515 പേര് മരിച്ചു. വാഹനമോടിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു സ്വഭാവം അക്ഷമയാണ്. എങ്ങനെയെങ്കിലും മുമ്പിലുള്ള വാഹനത്തെ മറികടക്കാനുള്ള വ്യഗ്രതയില്‍ അക്ഷമമായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സ്വയം മരണമടയുക മാത്രമല്ല, ഇടിക്കുന്ന വാഹനത്തിലുള്ളവരെയും പരിക്കേല്‍പ്പിക്കുന്നു.
കേരളത്തില്‍ വേഗതാ നിയന്ത്രണ ബോധവല്‍ക്കരണം നല്‍കുന്നില്ല. സ്കൂളുകളിലും കോളേജുകളിലും ഈ ബോധവല്‍ക്കരണം നിര്‍ബന്ധമാക്കേണ്ടതുണ്ട്. കുട്ടികള്‍ മുതല്‍ ബൈക്ക് ഉപയോഗിക്കുകയും വേഗതയുള്ള ആധുനിക ബൈക്കുകള്‍ നിരത്തിലെത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: