എന്റെ എല്ലാമായിരുന്ന, എന്റെ കൂട്ടുകാരന് പിള്ളേച്ചന് നേരത്തെ പോയി. എന്റെ ജീവിതാനുഭവങ്ങള്‍ മറ്റൊരു പേരില്‍ ലോകത്തുള്ളവര്‍ക്ക് കാണിച്ചുകൊടുത്ത ആ നല്ല കൂട്ടുകാരന് നേരത്തെ പോകരുതായിരുന്നു?. തിരക്കഥാകൃത്തും സംവിധായകനുമായ പി.പദ്മരാജന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും കളിക്കൂട്ടുകാരനുമായ മുതുകുളം കിഴക്കേവീട്ടില്‍ കിഴക്കതില്‍ ശിവരാമന് ഇത് പറയുമ്പോള്‍ ശബ്ദം പുറത്തേക്കു വന്നില്ല. ചുണ്ടുകള്‍ വിറച്ചു. കണ്ണിന്റെ കോണില്‍ നനവുകള്‍ കണ്ടു. ശിവരാമനെ മുതുകുളത്തുകാര്‍ക്ക് മാത്രമേ അറിയൂ. എന്നാല്‍ ശിവരാമനെ മറ്റൊരുപേരില്‍ കേരളത്തിലെ പ്രേക്ഷകലക്ഷങ്ങള്‍ തിരിച്ചറിയും, തകരയെ. തകരയെന്ന സിനിമയിലെ തകരയെന്ന കഥാപാത്രത്തിന്റെ ജീവിക്കുന്ന പ്രതിരൂപമാണ് ശിവരാമന്.ചിലപ്പോഴൊക്കെ സിനിമ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാകാറുണ്ട്. സിനിമ ജീവിതഗന്ധിയാകുന്നതും അപ്പോള്‍മാത്രമാണ്. ഒരാളുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ സൂക്ഷ്മാംശങ്ങള്‍ ചോര്‍ന്നു പോകാതെ വേണം അവതരിപ്പിക്കപ്പെടേണ്ടത്. ഇത്തരത്തില്‍ പത്മരാജന്റെ തിരക്കഥയില്‍ പിറന്ന ചിത്രമാണ് തകര. ബുദ്ധി സ്ഥിരതയില്ലാത്ത, അനാഥനായ യുവാവാണ് തകരയിലെ കേന്ദ്ര കഥാപാത്രം. തകരയ്ക്ക് തന്റെ ഗ്രാമത്തിലെ ഏറ്റവും സുന്ദരിയായ സുഭാഷിണിയോട് തോന്നിയ അടുപ്പത്തിന്റേയും പ്രതികാരത്തിന്റേയും കഥയാണിത്. തകരയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് പ്രതാപ് പോത്തനാണ്. സുരേഖയെന്ന പുതുമുഖ നടിയാണ് സുഭാഷിണിയെ അവതരിപ്പിച്ചത്. മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ തകരയില്‍ കഥാനായകന് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ് കഥാന്ത്യം. യഥാര്‍ത്ഥ സംഭവവും സിനിമയും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒന്ന് ഇതാണ്.
തകര ഇന്നും മുതുകുളത്ത് തന്നെയുണ്ട്. പക്ഷേ, ഇന്ന് സുഭാഷിണിയില്ല, ചെല്ലപ്പനാചാരിയില്ല, സുഭാഷിണിയുടെ അച്ഛന് മാതു മൂപ്പനുമില്ല. കപ്പ വിറ്റ കടവ് ഇന്നും ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിലും കടവിന്റെ രൂപവും ഭാവവും മാറി. തകരയെന്ന ശിവരാമന് മാത്രം മാറ്റമില്ല.
പദ്മരാജനും ചെല്ലപ്പനാചാരിയും തകരയും വട്ടുകളിച്ച് നടന്നതും, നാട്ടില്‍ കാട്ടിക്കൂട്ടിയ വികൃതികളും തകര ഇന്നും ഇന്നലത്തേതുപോലെ ഓര്‍ക്കുന്നു. ഇന്ന് ഒരുനേരത്തെ വിശപ്പടക്കാനായി പലരുടെ മുന്‍പിലും കൈനീട്ടുന്ന തകര മുതുകുളംകാര്‍ക്ക് ചീരയാണ്. ചീരയെ അറിയുന്നവര്‍ അഞ്ചോ, പത്തോ രൂപ കയ്യില്‍ കൊടുക്കും. ചിലര്‍ ഒരുനേരത്തെ ചോറ് വാങ്ങി നല്‍കും. ആരോടും പരിഭവമില്ലാതെ ഇന്നും സുഭാഷിണിയുടെ വീടിന് സമീപമുള്ള തോട്ടിന്കരയില് തകരയെത്തും. ഒരുദിവസം പോലും മുടങ്ങാതെ. തനിക്ക് സ്വപ്നങ്ങള്‍ നല്കിയ, തന്റെ യൗവനത്തെ തിരിച്ചറിഞ്ഞ സുഭാഷണിയെ ഓര്‍ക്കും, വീണ്ടും മടങ്ങും. തൊട്ടടുത്ത കടത്തിണ്ണയില്‍ കിടന്നുറങ്ങും. സ്വപ്നങ്ങള്‍ കാണും.
കപ്പ കച്ചവടക്കാരനായ മാതു മൂപ്പന്റെ മകള്‍ സുഭാഷിണി മുതുകുളംകാരുടെ സ്വപ്ന റാണിയായിരുന്നു. യൗവനത്തിന്റെ സര്‍വ ലക്ഷണങ്ങളുമൊത്ത സുഭാഷിണിയെ സ്വപ്നം കാണാത്ത, ആഗ്രഹിക്കാത്ത ചെറുപ്പക്കാരില്ലായിരുന്നു. രതിസുഖങ്ങളെ കുറിച്ചും, തന്റെ വീരസാഹസികതയെ കുറിച്ചും കൗമാര പ്രായക്കാരായ ചീരയേയും, പിള്ളേച്ചനേയും (പദ്മരാജന്) ഇക്കിളിപ്പെടുത്തിയ ചെല്ലപ്പനാചാരിയെ കുറിച്ച് ഓര്‍ത്തപ്പോഴും തകരയുടെ കണ്ണില്‍ ഈറനണിഞ്ഞു. തങ്ങളുടെ കഥയാണ് പിള്ളേച്ചന് തകരയിലൂടെ പുറംലോകത്തെത്തിച്ചത്. തങ്ങള്‍ മൂവരും നാട്ടില്‍ കാട്ടിയ വികൃതിത്തരങ്ങള്‍ അതിര്‍വരമ്പുകളില്‍ നിന്നുകൊണ്ട് തന്മയത്വത്തോടെ അവതരിപ്പിച്ച പദ്മരാജന് ഇല്ലാത്തതൊന്നും കഥയില്‍ പറഞ്ഞിട്ടില്ലെന്ന് തകര സാക്ഷ്യപ്പെടുത്തുന്നു. തന്നേയും പദ്മരാജന് സിനിമ കാണിച്ചിരുന്നതായി തകര ഓര്‍ക്കുന്നു.
തനിക്ക് സുഭാഷണിയുടെ വീട്ടിലെ സ്വാതന്ത്ര്യം ചെല്ലപ്പനാചാരിയുടെ പ്രേരണയാല്‍ പ്രയോജനപ്പെടുത്തിയത് തകര ഓര്‍ക്കുന്നു. ഇത് പറയുമ്പോള്‍ 69ല്‍ എത്തിനില്‍ക്കുന്ന തകരയുടെ മുഖത്ത് നാണം.
പതിനാറ് വയസുകാരനായ ബുദ്ധി ഉറയ്ക്കാത്ത ചെറുപ്പക്കാരന് ഇരുപത് വയസുകാരിയോട് തോന്നിയ അടുപ്പം. ചെല്ലപ്പനാചാരി പകര്‍ന്ന് നല്കിയ പാഠങ്ങളാണ് താന്‍ പ്രായോഗികമാക്കിയതെന്ന് തകര പറയുന്നു. ചെല്ലപ്പനാചാരിയും, പിള്ളേച്ചനും പറയുന്നത് അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കിയ ശേഷം വള്ളിപുള്ളി വിടാതെ ചെല്ലപ്പനാചാരിയോട് വിവരിച്ച് കേള്‍പ്പിക്കണം. അതിനുശേഷം കൂടുതല്‍ അറിവുകള്‍ തനിക്ക് പകര്‍ന്നു നല്‍കുകയാണ് പതിവെന്നും ചീര പറഞ്ഞു.
സുഭാഷിണിക്ക് തന്നോട് വലിയ സ്നേഹമായിരുന്നു. ഒരുദിവസം പോലും തന്നെ കാണാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായിരുന്നു. എന്നാല്‍ അവള് ഒരുദിവസം തന്നോട് യാത്രപോലും പറയാതെ എന്നന്നേക്കുമായി പോയി. മാതു മൂപ്പന് കപ്പക്കച്ചവടത്തിന് സഹായായി നിന്ന തന്നെ പലപ്പോഴും അടിക്കുമായിരുന്നു. ത്രാസിന് അടിച്ച പാടുകള്‍ ഇപ്പോഴുമുണ്ടെന്ന് ചീര പറഞ്ഞു. മുന്‍കോപിയായിരുന്നു മാതുമൂപ്പന്‍. (സിനിമയില്‍ മാതുമൂപ്പനെ തകര കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.)
മാതുമൂപ്പന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മകള്‍ സുഭാഷിണി മറ്റൊരു വിവാഹത്തിന് തയാറായത്. കല്യാണം കഴിച്ചയാളുടെ പേര് താനിപ്പോള്‍ ഓര്‍ക്കുന്നില്ലെന്ന് തകര പറഞ്ഞു. വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ ബന്ധം ഉപേക്ഷിച്ച് പോയി. സുഭാഷിണിയുടെ വിവാഹശേഷവും താന്‍ സുഭാഷിണിയുമായി ബന്ധം തുടര്‍ന്നിരുന്നുവെന്നും തകര പറഞ്ഞു. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു അവള്‍ക്ക്.
പലപ്പോഴും താന്‍ സുഭാഷണിയെ തന്റെ ഭാര്യയായി വരാന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛനെ പേടിച്ച് അവള് തയാറായില്ല. ഒരുദിവസം അവള് വീട്ടില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ലെന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ മദ്യപാനമില്ല, മറ്റു ദുശീലങ്ങളുമില്ല. ഇപ്പോള്‍ മുരുക ഭക്തനായി കഴിയുകയാണെന്നും, ആള്ക്കാര് അറിഞ്ഞുതരുന്ന അഞ്ചോ പത്തോ രൂപകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെന്നും തകര പറയുമ്പോള്‍ ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര് അടര്‍ന്നു വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: