കേരളത്തിന്റെ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ആസൂത്രണ വിദഗ്ദ്ധര്‍ക്കും ആയിരം നാവാണ്. കേരളം പണ്ടെന്നോ കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന നേട്ടങ്ങളെക്കുറിച്ചായാലും ഇക്കാലത്തെ വികസന മുരടിപ്പിനെക്കുറിച്ചായാലും ഇത്തരം വാചകമടികള്‍ക്ക് മാറ്റമൊന്നുമില്ല. ഈ വികസന വായാടിത്തം പക്ഷെ കേരളത്തിന്റെ അവസ്ഥയ്ക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ പതിറ്റാണ്ടുകളായി കെട്ടിയ കുറ്റിയില്‍ തന്നെയാണ് കിടന്നു കറങ്ങുന്നത്. ഇടതുമുന്നണി ഭരിച്ചാലും ഐക്യമുന്നണി ഭരിച്ചാലും ഇക്കാര്യത്തിലുള്ള ഐക്യം അസൂയാവഹമാണ്. കേരള മോഡല്‍ പൊടിതട്ടിയെടുത്ത് ആഗോളമൂലധന സാമ്രാജ്യത്വത്തെ നേരിടാന്‍ ഇടതുമുന്നണി ഭരണത്തില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി അവതരിച്ച ഡോ.പ്രഭാത് പട്നായിക്കിന്റെ കാലത്ത് യഥാര്‍ത്ഥത്തില്‍ അരങ്ങേറിയത് വികസന വായാടിത്തമാണ്. വികസന കാര്യത്തില്‍ വിഎസിന്റെ മുദ്രപതിഞ്ഞ ഒരു മേഖലപോലും ഇല്ലെന്നതാണ് ഇടതുമുന്നണി ഭരണത്തിലെ സത്യം. മൂന്നാറില്‍ കണ്ടത് വികസനമല്ല, മറിച്ച് വിധ്വംസനമാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ബഹുദൂരം അതിവേഗം എന്ന മുദ്രാവാക്യവുമായി എ.കെ.ആന്റണിയില്‍നിന്ന് അധികാരമേറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്കും കേരളത്തിന്റെ വികസനത്തെ നേര്‍വഴിക്ക് നയിക്കാനോ എടുത്തുപറയത്തക്ക നേട്ടമുണ്ടാക്കാനോ കഴിഞ്ഞില്ല. അധികാരത്തിന്റെ രണ്ടാമൂഴത്തില്‍ അദ്ദേഹം ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നുകാണുന്നത് ആശാവഹമാണ്. ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷനായി കെ.ചന്ദ്രശേഖരനെ കൊണ്ടുവന്നത് ഇതിന്റെ തുടക്കമായിരുന്നു. ഇപ്പോഴിതാ വികസനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമുള്ള കാഴ്ചപ്പാട് പുലര്‍ത്തുന്ന സാം പിത്രോദയെ വികസനകാര്യങ്ങളിലെ മാര്‍ഗദര്‍ശിയായി കൊണ്ടുവന്നിട്ടുള്ള നടപടി ശ്ലാഘനീയമാണ്. വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുള്ള പിത്രോദയ്ക്ക് കേരളത്തിന്റെയും വികസനത്തിന്റെ നേര്‍വഴി തെളിക്കാന്‍ കഴിയേണ്ടതാണ്.
സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ട് തീരദേശ ജലഗതാഗതം, വൈജ്ഞാനിക നഗരം, അതിവേഗ ട്രെയിന്‍ തുടങ്ങി പത്തിന പദ്ധതികള്‍ സംബന്ധിച്ച് വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം 90 ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന പിത്രോയുടെ പ്രഖ്യാപനം പ്രതീക്ഷ നല്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുകള്‍ കൊണ്ടുവരുന്നതിനുള്ള ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗം എന്ന നിലയില്‍ തീരദേശ ജലഗതാഗതത്തിന്റെ സാധ്യത പരിഗണിക്കുമെന്ന അദ്ദേഹത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യാനും താമസിക്കാനും ഉതകുന്ന സൗകര്യങ്ങള്‍ അടങ്ങുന്നതാണ് വൈജ്ഞാനിക നഗരം. ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തിയാണ് വൊക്കേഷണല്‍ വിദ്യാഭ്യാസമേഖലയില്‍ പദ്ധതികള്‍ക്ക് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മുപ്പത്തിയഞ്ച് ലക്ഷം മൊബെയില്‍ ഫോണ്‍ വരിക്കാര്‍ക്കായി ബില്ലിനൊപ്പം അധികമായി നിശ്ചിത തുക കൂടി ഈടാക്കി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും മന്ത്രിസഭാംഗങ്ങളുമായി പിത്രോദ ചര്‍ച്ച ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍ നടപ്പാക്കുന്നതിന് വിദഗ്ധരുമായി കൂടിയാലോചിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാനും അന്‍പത്തിയഞ്ച് വയസ്സില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം സാമൂഹ്യ സേവന മേഖലയിലടക്കം ഉപയോഗിക്കുന്നതിന് പദ്ധതി തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. കൈത്തറി, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനിക വല്‍ക്കരണം, ഈ ഗവേണന്‍സ്, ആയുര്‍വേദത്തിന്റെ വികസനം എന്നിവക്കും നിര്‍ദ്ദേശം സമര്‍പ്പിക്കും. വളരെയേറെ സാധ്യതയുള്ള അതിവേഗ തീവണ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് പങ്കാളികളെ കണ്ടെത്തി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കും. ഈ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് 90 ദിവസത്തിനകം സമര്‍പ്പിക്കുന്ന ധവളപത്രം പരിശോധിച്ച ശേഷം സര്‍ക്കാരിന് ഉചിതമായി പദ്ധതി പദ്ധതികള്‍ തെരഞ്ഞെടുക്കാമെന്നും പിത്രോദ പറയുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യബോധം പ്രതിഫലിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണെന്ന് പിത്രോദ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ രോഗമെന്താണെന്ന് അദ്ദേഹം തിരിച്ചറിയുന്നു എന്നതിന് തെളിവാണിത്.
കേരളം മാറിമാറി ഭരിച്ച് സംസ്ഥാനത്തിന്റെ വികസനസാധ്യതയുടെ കഴുത്ത് ഞെരിച്ചവര്‍ തന്നെയാണ് പുതിയ വികസനപദ്ധതികള്‍ക്ക് പലപ്പോഴും വിലങ്ങുതടിയാവുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ സമവായമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് സാം പിട്രോഡ പറയുന്നു. ഈ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാനുള്ള കരുതലും കാര്യപ്രാപ്തിയും ഉമ്മന്‍ചാണ്ടിയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതാവും ഉചിതമെന്ന പിത്രോദയുടെ നിര്‍ദ്ദേശത്തില്‍ പ്രായോഗിക വീക്ഷണമുണ്ട്. പദ്ധതികള്‍ കാര്യക്ഷമമായി അവതരിപ്പിച്ചാല്‍ നിക്ഷേപത്തിനായി ആളുകള്‍ മുന്നോട്ടുവരും. ബംഗാളിനെപോലെ കേരളവും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന കാഴ്ചപ്പാട് നിലനിന്ന് പോരുന്നുണ്ട്. എന്നാല്‍ ലോകം മാറുന്നതിന് അനുസരിച്ച് കേരളവും മാറേണ്ടതുണ്ടെന്നുമൊക്കെ പിത്രോദ അഭിപ്രായപ്പെടുമ്പോള്‍ വിയോജിക്കുന്നവര്‍ കുറയും. ഉള്‍നാടന്‍ ജലഗതാഗതവും തീരദേശ ജലഗതാഗതവും രണ്ടും പ്രത്യേകമായാണ് സംസ്ഥാനം നടപ്പാക്കുന്നതെന്ന് പിത്രോദയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കുകയുണ്ടായി. തീരദേശ ജലഗതാഗതത്തില്‍ കടല്‍വഴിയുള്ള ഗതാഗതവും തുറമുഖങ്ങളുടെ നവീകരണവുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഇന്ന് കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതില്‍ പിഴവുകളുണ്ട്. സമ്പന്നരേയും സാധാരണക്കാരേയും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന നോക്കുകൂലി പ്രശ്നം ഉമ്മന്‍ചാണ്ടി ഇവിടെ കാണാതെ പോവുകയാണ്. കുട്ടനാടന്‍ കോള്‍നിലങ്ങളില്‍ തൊഴിലാളികളെ കൊയ്യാന്‍ പോലും അനുവദിക്കാത്ത സ്ഥിതിവിശേഷമുണ്ട്. ഇവ തൊഴില്‍ പ്രശ്നങ്ങളല്ലെങ്കില്‍ മേറ്റ്ന്താണ്? സാമൂഹ്യ രംഗത്ത് കേരളം മുന്‍പന്തിയിലാണെങ്കില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് വളരെ പിന്നിലാണെന്നും വികസനത്തിനുള്ള പല അവസരങ്ങളും നഷ്ടമാക്കിയ അന്തരീക്ഷത്തിന് മാറ്റം വരികയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഈ അവകാശവാദം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഒരു ഭരണം കാഴ്ചവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിയണം. പിത്രോദ അടിവരയിട്ട് പറയുന്നു. രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇക്കാര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: