കടുത്തുരുത്തി: പെരുവ ടെലിഫോണ്‍ എക്സ്ചേഞ്ചിനു കീഴിലുള്ള മുളക്കുളം – മണ്ണുക്കുന്ന് ഭാഗത്തുള്ള ടെലിഫോണ്‍ കണക്ഷനുകള്‍ കേടായിട്ട് ഒരുവര്ഷത്തോളമായെന്നു നാട്ടുകാരുടെ പരാതി. ഇതുസംബന്ധിച്ച നിവേദനം തിരുവനന്തപുരത്തു ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ക്കു നല്കി. ഈ പ്രദേശത്തെ കണക്ഷനുകള്‍ പൂര്‍ണമായോ ഭാഗികമായോ തകരാറിലാണെന്നു നാട്ടുകാര്‍ പറയുന്നു. പലപ്പോഴും ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. എങ്കിലും വാടക അടയ്ക്കേണ്ടിവരുന്നു. ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കിലും മാസങ്ങളായി വാടക അടയ്ക്കേണ്ട നിസ്സഹായാവസ്ഥയിലാണു പല വീട്ടുകാരും. മഴക്കാലത്തു ഫോണ്‍ തകരാര്‍ കൂടുതല്‍ രൂക്ഷമാകും. ഈ ബുദ്ധിമുട്ടു കാരണം ബിഎസ്എന്‍എല്‍ കണക്ഷന് ഉപേക്ഷിച്ചു പലരും സ്വകാര്യ ടെലിഫോണ്‍ ഉപഭോക്താക്കളായി മാറുകയാണ്. പെരുവ, മേവെള്ളൂറ് എക്സ്ചേഞ്ചുകളിലും കോട്ടയം ജനറല്‍ മാനേജരുടെ ഓഫിസിലും പലതവണ പരാതിപ്പെട്ടെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ലെന്നും ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും നിവേദനത്തിലൂടെ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ജോസ് കെ. മാണി എംപി, കോട്ടയം ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍, തലയോലപ്പറമ്പ് ഡിവിഷനല്‍ ഓഫിസര്‍, പെരുവ സബ് ഡിവിഷനല്‍ ഓഫിസര്‍ എന്നിവര്‍ക്കു നിവേദനത്തിണ്റ്റെ പകര്‍പ്പു നല്‍കിയെന്നും നാട്ടുകാര്‍ വ്യക്തമാക്കി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: