ബെന്‍ഗാസി: ലിബിയയിലെ ഏകാധിപതി കൊല്ലപ്പെട്ട മു അമര്‍ ഗദ്ദാഫിയുടെ അനുയായികള്‍ ബാനി വാലിദ് പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ഗദ്ദാഫിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ബാനി കഴിഞ്ഞ വര്‍ഷമാണ് ലിബിയന്‍ വിമതസേന പിടിച്ചെടുത്തത്. അതിനുശേഷം ആദ്യമായാണ് ഗദ്ദാഫി അനുകൂലികള്‍ ആക്രമണത്തിലൂടെ ബാനിയുടെ നിയന്ത്രണം കൈക്കലാക്കിയിരിക്കുന്നത്.
ലിബിയന്‍ ജനതയെ ഒരുമിപ്പിച്ച്നിര്‍ത്തുന്നതില്‍ ദേശീയ പരിവര്‍ത്തന സമിതിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതിന് തെളിവാണ് ഈ സംഭവം. ഗദ്ദാഫിയുടെ നൂറുകണക്കിന് വിശ്വസ്ത സൈനികര്‍ സര്‍ക്കാര്‍ സേനയുമായി എട്ടു മണിക്കൂറോളം ഏറ്റുമുട്ടിയാണ് നഗരം കൈയടക്കിയത്. ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗദ്ദാഫിയുടെ പതനത്തിനുശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ ഇത്തരമൊരു സംഘടിത നീക്കം നടത്തുന്നത്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പൊളിയിലും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബെന്‍ഗാസിയിലും വെടിയൊച്ചകള്‍ കേട്ടതും ആശങ്ക വര്‍ധിപ്പിച്ചു.
പുതിയ സംഭവവികാസം സമാധാനാന്തരീക്ഷം ഒരുക്കുന്നതിന് പരിശ്രമിക്കുന്ന ലിബിയയിലെ പരിവര്‍ത്തിത സര്‍ക്കാരിന് തലവേദനയാകുമെന്നാണ് കരുതപ്പെടുന്നത്. യുദ്ധം അവസാനിച്ചിട്ടും പരിവര്‍ത്തിത സര്‍ക്കാരിന്റെ നയങ്ങള്‍ ഫലം കാണാതെ വന്നതിനെത്തുടര്‍ന്ന് ബെന്‍ഗാസിയില്‍ ജനങ്ങള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഗദ്ദാഫി അനുകൂലികള്‍ ബാനി നിയന്ത്രണത്തിലാക്കിയത്.
ഗദ്ദാഫിയുടെ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നേരിട്ടുള്ള ശ്രമങ്ങള്‍ നടത്തിയതിന് സൂചനയൊന്നുമില്ല. അധികാരം നഷ്ടപ്പെട്ടതിനുശേഷം ഒക്ടോബറില്‍ ഗദ്ദാഫിയെ വധിച്ചിരുന്നു. എന്നാല്‍ ഭാര്യയും മക്കളെയുംകുറിച്ച് ഒരു അറിവും ഇല്ല. ഒന്നുകില്‍ ഇവര്‍ മരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും രാജ്യത്ത് ഒളിച്ചുതാമസിക്കുകയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: