തന്റെയോ തന്റെ പത്രാധിപരുടേയോ പടമോ പ്രസംഗമോ പരിപാടിയോ പത്രത്തില്‍ പ്രസിദ്ധീകരിക്കരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു മഹാനായ പത്രം ഉടമ രാംനാഥ് ഗോയങ്കയ്ക്ക്. അന്ത്യനാള്‍ വരെ തന്റെ ഉടമസ്ഥതയിലുളള പത്രങ്ങള്‍ അത് പാലിക്കുന്നതായി അദ്ദേഹം ഉറപ്പ് വരുത്തുകയും ചെയ്തു. പത്രം ഉടമയുടേയും പത്രാധിപരുടേയും പേരും പടവും പരമാവധി പ്രസിദ്ധീകരിക്കുക പതിവായിട്ടുള്ള ഇക്കാലത്തെ പത്രലോകത്തിന് രാംനാഥ് ഗോയങ്ക പരിശീലിപ്പിച്ച ശൈലി പഴഞ്ചനാണ്. പക്ഷെ ആ ശൈലി പിന്തുടര്ന്നിരുന്ന പത്രാധിപന്മാരും പത്രം ഉടമകളും മലയാളത്തിലും വിരളമായിരുന്നില്ല. പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുന്നതിന് വളരെ മുമ്പെ ഞാന്‍ വായിച്ചു തുടങ്ങിയ ഒരു വാരികയാണ് ‘കേസരി’. ആ വാരിക വായിച്ചു തുടങ്ങിയ നാള് മുതല്‍ പരിചിതമാണ് എം.എ.കൃഷ്ണന് എന്ന അതിന്റെ പത്രാധിപരുടെ പേര്. ബിരുദാനന്തരബിരുദമെന്ന് തോന്നിക്കുന്ന രണ്ടക്ഷരങ്ങള്‍ ഇനിഷ്യലുകളായി ആദ്യം വരുന്നതുകൊണ്ടാവാം കേട്ടപ്പോള്‍ തന്നെ കൗതുകം തോന്നി ആ പേരില്‍. വാരിക വായിക്കുംതോറും പത്രാധിപരെ കാണാനുള്ള കൗതുകവും എനിക്ക് കൂടി വന്നു. പക്ഷെ ‘കേസരി’യില്‍ ഒരിക്കല്‍പോലും പത്രാധിപരുടെ ചിത്രം പ്രസിദ്ധീകരിച്ചു കാണാത്തതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒരു രൂപവും മനസ്സിലുണ്ടായില്ല.
വളരെയേറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം കിട്ടിയത്. പ്രതീക്ഷിച്ചതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ആ പത്രാധിപരുടെ രൂപവും ഭാവവും പെരുമാറ്റവും. കൃശഗാത്രന്‍, സ്ത്രൈണ ശബ്ദം, സര്‍വോപരി പത്രലോകത്തെ ജാടകളില്ലാത്ത സാധാരണക്കാരന്റെ സമീപനവും സംസാരവും. “ഇതാണ് എംഎ സാര്‍” എന്നു പറഞ്ഞുകൊണ്ടാണ് എം.എ.കൃഷ്ണന് എന്ന ‘കേസരി’ പത്രാധിപരെ, ജനേട്ടന് എന്ന ഞാന്‍ സ്നേഹപൂര്‍വം, അതിലേറെ ആദരപൂര്‍വം വിളിച്ചിരുന്ന വി.പി. ജനാര്ദ്ദനന് എനിക്കു പരിചയപ്പെടുത്തി തന്നത്, മൂന്നര പതിറ്റാണ്ടിലേറെ മുമ്പ്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹത്തോട് എന്തോ ഒരിഷ്ടവും അടുപ്പവും തോന്നി. ഒരു ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ആവാം. അതല്ല ഞാനും അദ്ദേഹവും ഒരേ നക്ഷത്രക്കാരായതിനാലാണോ ആ ഇഷ്ടം എന്ന സംശയവും ഉദിച്ചു അദ്ദേഹത്തിന്റെ നക്ഷത്രം ഉതൃട്ടാതിയാണെന്ന് കഴിഞ്ഞ ദിവസം കവി രമേശന് നായര്‍ വെളിപ്പെടുത്തിയപ്പോള്‍. എന്നിരുന്നാലും എല്ലാക്കാലത്തും ഞാനദ്ദേഹവുമായി ഒരകലം എന്തുകൊണ്ടോ പാലിച്ചുപോന്നു.
എംഎ സാര്‍ വെറുമൊരു പത്രാധിപരല്ല, പ്രതിഭാസമാണെന്ന് മനസ്സിലായത് പില്ക്കാലത്താണ്. യാദൃച്ഛികമായാണത്രെ അദ്ദേഹം പത്രാധിപരായത്. പ്രസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആ പണി ഏറ്റെടുക്കുകയായിരുന്നു. തന്നെ ഏല്‍പ്പിച്ച പ്രസിദ്ധീകരണത്തിന്റെ ജീവാത്മാവും പരമാത്മാവുമായി കാലക്രമേണ അദ്ദേഹം. മലയാളത്തിന്റെ സാംസ്ക്കാരിക വാരികയാക്കി എംഎ സാര്‍ ‘കേസരി’യെ വളര്‍ത്തി. ‘കേസരി’യ്ക്ക് രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചാല്‍ സംസ്ക്കാരത്തിന്റെ രാഷ്ട്രീയമുണ്ട് എന്ന ഉത്തരമായിരിക്കും ശരി. എംഎ സാറിനൊപ്പം ‘കേസരി’യും ‘കേസരി’യ്ക്കൊപ്പം എംഎ സാറും വളരുകയായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളവാരികയായി ‘കേസരി’, ഒന്നര പതിറ്റാണ്ടുമുമ്പ് അദ്ദേഹം അതിന്റെ പടിയിറങ്ങുമ്പോള്‍. അതിനിടയില്‍ കേരളത്തിന്റെ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളില്‍ സര്‍ഗാത്മകമായി ഇടയ്ക്കിടെ എംഎ സാറും കേസരിയും ഇടപെട്ടുകൊണ്ടിരുന്നു. ആരവങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ.
അത്തരം അനശ്വരമായ ഇടപെടലുകളില്‍ ഒന്നുമാത്രമാണ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനമായി പടര്‍ന്ന് പന്തലിച്ച ‘ബാലഗോകുലം’. മറ്റൊരു മഹത്തായ ഇടപെടലാണ് ഇന്ത്യയിലൊട്ടാകെയും ഇന്ത്യാക്കാരുള്ളിടത്തൊട്ടാകെയും അഷ്ടമിരോഹിണി നാളില്‍ നാടും നഗരവും അമ്പാടിയാക്കി മാറ്റിക്കൊണ്ടുള്ള ശ്രീകൃഷ്ണജയന്തിയാഘോഷം. രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിലെ ബുദ്ധിരാക്ഷസന്മാര് സൗകര്യപൂര്‍വം ഗവേഷണം നടത്താനും ‘ക്ഷീരബല’ സേവിക്കാനും മറ്റും പോയ അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിലായിരുന്നു എം.എ.കൃഷ്ണന് എന്ന കൃശഗാത്രന്റെ സ്ത്രൈണശബ്ദം മലയാളത്തിലെ സ്വാതന്ത്ര്യദാഹികളായ സാഹിത്യകാരന്മാര്ക്കും സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കും അപ്രതീക്ഷിതമായി ആശയും ആവേശവുമായത്. അക്കാലത്ത് ഒരു സായാഹ്നത്തില്‍ വി.എം.കോറാത്തിന്റേയും അക്കിത്തത്തിന്റെയുമൊക്കെ സഹായസഹകരണങ്ങളോടെ കോഴിക്കോട്ടെ കടല്‍ത്തീരത്ത് സാഹിത്യ, സാംസ്ക്കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയ്ക്ക് എംഎ സാര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പില്ക്കാലത്ത് അതൊരു കനപ്പെട്ട സാന്നിധ്യമായി കേരളത്തിന്റെ കലാ, സാഹിത്യരംഗത്ത്-‘തപസ്യ’ എന്ന പേരില്‍. വിഭിന്ന ധാരകളില്‍പ്പെട്ട പ്രതിഭകളെ അദ്ദേഹം ആ വേദിയില്‍ അണിനിരത്തി. വ്യത്യസ്ത ആശയഗതികളുള്ള പ്രഗത്ഭരെ അദ്ദേഹം അവതരിപ്പിച്ചു. വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനും മാത്രം. ആ വേദിയിലൂടെയാണ് എംഎ സാറുമായി അടുക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി പരിചയപ്പെടാനും ഇടക്കാലത്ത് എനിക്കും അവസരമുണ്ടാവുന്നത്. അന്നും ഇന്നും എനിക്ക് അദ്ദേഹത്തെക്കുറിച്ച് അനുഭവപ്പെട്ടിട്ടുള്ളത്, ഈ മനുഷ്യന് സാംസ്ക്കാരികമായി മാത്രം ചിന്തിക്കുന്നു, സാംസ്ക്കാരികമായി പ്രവര്‍ത്തിക്കുന്നു, എന്തിനേറെ അദ്ദേഹത്തിന്റെ ശ്വാസോഛ്വാസം പോലും സാംസ്ക്കാരികമാണെന്നുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പ്രത്യയശാസ്ത്രവുമൊക്കെ അടിമുടി സാംസ്ക്കാരികമാണ്. അതുകൊണ്ടാണ് എംഎ സാറിന്റെ കാഴ്ചപ്പാടും നിലപാടും സാംസ്ക്കാരികമയമാവുന്നത്. ആ സാംസ്ക്കാരിക മൗലികതമൂലമാണ് നിര്‍ദ്ദിഷ്ട മലയാള സര്‍വകലാശാല മലപ്പുറത്ത് പാടില്ലെന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍, മലപ്പുറത്താണ് മലയാണ്മയുടെ ഈറ്റില്ലമെന്നും അതവിടെത്തന്നെ വേണമെന്നും അദ്ദേഹം വാദിച്ചത്. ഇത്തരം സാംസ്ക്കാരിക വ്യക്തിത്വങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ഇന്ന് വളരെ വിരളം. സാങ്കേതികാര്‍ത്ഥത്തില്‍ എം.എ.കൃഷ്ണന് സാഹിത്യകാരനോ, ബുദ്ധിജീവിയോ, സാംസ്ക്കാരിക പ്രതിഭയോ ഒന്നുമായിരിക്കില്ല. അതിനെക്കാളുപരി അവരെയൊക്കെ വാര്‍ത്തെടുക്കാനും വളര്‍ത്താനും നയിക്കാനും അസാധാരണ പാടവമുള്ള സാധാരണക്കാരനാണ് അദ്ദേഹം. അതുകൊണ്ടാണ് എംഎ സാര്‍ ഒരു പ്രതിഭാസമാണെന്ന് ആമുഖമായി പറഞ്ഞുവെച്ചത്.
തപസ്യയും ബാലഗോകുലവും കൂടാതെ എത്രയെത്ര വേദികള്‍ക്ക് എംഎ സാര്‍ രൂപവും ഭാവവും നല്കി. അമൃതഭാരതി, ബാലസാഹിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നിങ്ങനെ. അര ഡസനോളം വാര്‍ഷിക പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി സാംസ്ക്കാരിക കേരളത്തെ സമ്പുഷ്ടമാക്കി. എണ്‍പത്തിനാല് തികയുമ്പോഴും ‘ഇദം ന മമ’ എന്ന് ഉരുവിട്ടുകൊണ്ട് എംഎ സാര്‍ എന്ന ഋഷി കര്‍മപഥത്തിലാണ്. ഇനി അദ്ദേഹത്തിന്റെ യജ്ഞം നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിലാണ്. പ്രസിദ്ധമായ ഡിസ്നിലാന്റിനെ വെല്ലുന്ന, ശ്രീകൃഷ്ണ ചൈതന്യം തുടിച്ചു നില്ക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ഒരു പ്രവര്‍ത്തനകേന്ദ്രമാണ് എംഎ സാറിന്റെ മസ്തിഷ്ക്കത്തിലുദിച്ച്, ഇപ്പോള്‍ പ്രായോഗികമായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ആശയം. അതിനിടയില്‍ അദ്ദേഹം അടുത്ത ശനിയാഴ്ച ശതാഭിഷിക്തനാവുന്നു. അതെന്നോട് മൂന്നാഴ്ച മുമ്പ് വെളിപ്പെടുത്തിയതും കവി രമേശന് നായര്‍ തന്നെ. പ്രചാരകന്റെ ജീവിതം സ്വീകരിച്ച ആര്‍എസ്എസുകാരുടെ ജന്മദിനവും മറ്റും പരമരഹസ്യമാണ്. പക്ഷെ എംഎ സാറിനോടുള്ള അടക്കാനാവാത്ത ആദരവ് മൂലം രമേശന്‍നായര്‍ അത് പരസ്യമാക്കി. അപ്പോഴേക്കും എംഎ സാര്‍ ആയിരം പൂര്ണചന്ദ്രന്മാരെ ദര്‍ശിച്ചിരിക്കും. എംഎ സാര്‍ ദര്‍ശിച്ച ആ പൂര്ണചന്ദ്രന്മാര്ക്ക് പ്രകാശം കൂടുമെന്നെനിക്കുറപ്പാണ്.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: