കൊച്ചി: കുറ്റാന്വേഷണത്തിലും വിചാരണയിലും ഫോറന്‍സിക് സയന്‍സിന്റെ പ്രസക്തി സംബന്ധിച്ച ദേശീയ ശില്പശാലക്ക് എറണാകുളം മഹാരാജാസ് ഗവണ്മെന്റ് ലോ കോളേജില്‍ തുടക്കമായി. ഭീകരപ്രവര്‍ത്തനവും ഫോറന്‍സിക് സയന്‍സും എന്ന ആദ്യസെഷനില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗമായ റോയുടെ മുന്‍മേധാവി ഹോര്‍മിസ് തരകന് പ്രഭാഷണം നടത്തി. ഫോറന്‍സിക്, ഫോറന്‍സിക് സയന്‍സ് എന്നീ വാക്കുകള്‍ ഒരേ അര്‍ഥത്തിലാണ് ഉപയോഗിച്ചുവരുന്നതെങ്കിലും ഇവ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് എന്ന വാക്ക് നിയമവും പ്രത്യേകിച്ച് ക്രിമിനല്‍ കേസുകളിലെ നിയമവശവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കില്‍ ഫോറന്‍സിക് സയന്‍സ് എന്നത് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമ്പോള്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയമായ കുറ്റാന്വേഷണമാണെന്നുംഅദ്ദേഹം വ്യക്തമാക്കി.
ലോകത്ത് വിവിധ രാജ്യങ്ങളുടെ നിയമനിര്‍മാണത്തില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദം വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തമ ഉദാഹരണമാണ് അമേരിക്ക തീവ്രവാദവുമായി ബന്ധപ്പെട്ട് നടത്തിയ നിയമനിര്‍മാണങ്ങള്‍. 9/11 സംഭവത്തെ തീവ്രവാദപ്രവര്ത്തനങ്ങളേക്കാള് ഉപരി അമേരിക്കയോടുള്ള യുദ്ധപ്രഖ്യാപനമായാണ് കണ്ടത്. ഭീകരതക്കെതിരായ യുദ്ധമെന്ന് അമേരിക്കതന്നെ അതിനെ വിശേഷിപ്പിച്ചു. നിയമപരമായി നേരിടുന്നതിനുപകരം സൈനിക ശക്തി ഉപയോഗിച്ച് അത് ഇല്ലാതാക്കുകയാണ് അമേരിക്ക ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ യൂറോപ്പിലാകട്ടെ ഭീകരപ്രവര്‍ത്തനങ്ങളെ ഇപ്പോഴും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്പ്പെടുത്തി തന്നെയാണ് നേരിടുന്നത്. ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുള്ള ഈ രണ്ടു സമീപനങ്ങളും പരിഗണിക്കുമ്പോള്‍തന്നെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളും വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്വാണ്ടിനാമോ തടവുകാരോട് അമേരിക്ക സ്വീകരിച്ച മനുഷ്യത്വ രഹിത നിലപാടിനെ ലോകമാകെ എതിര്‍ത്തപ്പോള്‍ മാഡ്രിഡ് സ്ഫോടനത്തിനുത്തരവാദികളായവര്ക്കുനേരെ എടുത്ത ശിക്ഷാനടപടികള്‍ ഭീകരവാദ സംഘടനകള്‍തന്നെ അംഗീകരിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍തന്നെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കാതെതന്നെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ എപ്രകാരം നേരിടാമെന്ന ചോദ്യവും നിയമങ്ങള്‍ നടപ്പിലാക്കുന്ന ഏജന്‍സികള്‍ അവ എങ്ങനെ നടപ്പിലാക്കും എന്നതും പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് ചോദ്യം ചെയ്യലിന്റെ പ്രാധാന്യം എന്ന ചര്‍ച്ച നടന്നു. ഇന്റലിജന്റ്സ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടറും ഹൈദരാബാദിലെ സെന്‍ട്രല്‍ ഡിറ്റക്ടീവ് ട്രെയിനിങ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ കെ.വി.തോമസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കൊച്ചി സര്‍വകലാശാലാ നിയമ പഠന വിഭാഗം ഡയറക്ടര്‍ പ്രഫ. ഡോ. വി.എസ്.സെബാസ്റ്റ്യന്‍ മോഡറേറ്ററായി. സൈബര്‍ കുറ്റകൃത്യങ്ങള്‍, കീ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ ഇ ട്രാന്സാക്ഷന് എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ നടന്നു. ഫ്രീലാന്‍സ് കുറ്റാന്വേഷക ധന്യ, ബംഗ്ലൂര് സി ഡാകിലെ സീനിയര്‍ സ്റ്റാഫ് സയന്റിസ്റ്റ് മുഹമ്മദ് മിസ്ബാഹുദ്ദീന്‍ എന്നിവര്‍ ക്ലാസെടുത്തു. നുവാല്‍സ് മുന്‍പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. എം. സി.വല്‍സനായിരുന്നു മോഡറേറ്റര്‍. ശില്പശാല ബുധനാഴ്ച വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം ജസ്റ്റിസ് തോമസ് പി.ജോസഫ് ഉല്‍ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: