ടോക്കിയോ: സുനാമിയില്‍ തകരാറു സംഭവിച്ച ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ആണവ വികിരണ നിയന്ത്രണ ശ്രമങ്ങള്‍ വിലയിരുത്താന്‍ ഒരു സ്ഥിരം ഓഫീസ് സ്ഥാപിക്കാന്‍ ജപ്പാന് ഐക്യരാഷ്ട്രസഭയോടഭ്യര്ത്ഥിച്ചു. അന്തര്‍ദ്ദേശീയ ആണവ ഏജന്‍സിയിലെ വിദഗ്ദ്ധര്‍ ആണവ സുരക്ഷയില്‍ ജപ്പാന് സ്വീകരിക്കുന്ന നടപടികള്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്. ജപ്പാന് ആണവ നിലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ഒരു അന്താരാഷ്ട്ര അംഗീകാരം അത്യന്താപേക്ഷിതമായ സന്ദര്‍ഭമാണിത്. ഇത്തരം ഒരു അംഗീകാരത്തിന്റെ ബലത്തില്‍ വീണ്ടും ആണവശക്തിയിലേക്ക് രാജ്യം തിരിയുന്നത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ കരുതുന്നു. ഫുക്കുഷിമ ആണവനിലയത്തിനുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തെ 54 ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പൊതുജന രോഷമുയര്‍ന്നിരുന്നു.
മാര്‍ച്ചില്‍ ഉണ്ടായ സുനാമിയിലും ഭൂചലനത്തിലും ഫുക്കുഷിമ ആണവനിലയത്തിന് തകരാറു സംഭവിച്ചു. ആയിരക്കണക്കിന് സമീപവാസികളെ നിലയത്തിനടുത്തുനിന്നു മാറ്റി പാര്‍പ്പിച്ചിരുന്നെങ്കിലും അണുവികിരണം മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതിഭീകരമായിരുന്നു. ആണവനിലയത്തിന് കിലോമീറ്ററുകള്‍ അകലെനിന്നുല്പ്പാദിപ്പിക്കപ്പെട്ട പാലിലും ധാന്യങ്ങളിലും മാംസത്തിലും അണുവികിരണം കണ്ടെത്തിയിട്ടുണ്ട്. വികിരണത്തെത്തുടര്ന്ന് മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ തങ്ങള്‍ക്ക് സ്വന്തം സ്ഥലത്തേക്ക് എന്നു മടങ്ങാനാകുമെന്നറിയാതെ ആശങ്കയിലാണ്.
ആണവ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവെച്ചാല്‍ ജപ്പാനിലെ പല വ്യവസായങ്ങളും പ്രതിസന്ധിയിലാകുകയും ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: