ഡമാസ്ക്കസ്: പ്രസിഡന്റ് ബാഷര്‍ അല്‍അസദ് അധികാരം കൈമാറണമെന്ന അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ നിര്‍ദേശത്തെ സിറിയക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. ഇത് സിറിയയുടെ പരമാധികാരത്തിന് മേലുള്ള അറബ് ലീഗിന്റെ കൈകടത്തലാണെന്നും ആഭ്യന്തരകാര്യങ്ങളിലുള്ള ഈ ഇടപെടലുകളെ രാജ്യം തിരസ്ക്കരിക്കുന്നതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിറിയയിലുള്ള അറബ് നിരീക്ഷകരുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള തീരുമാനത്തെക്കുറിച്ച് ഏജന്‍സി പരാമര്‍ശിച്ചിട്ടില്ല. അധികാരം ഡെപ്യൂട്ടിയെ ഏല്‍പ്പിക്കാനും പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് പാര്‍ലമെന്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടത്താനുമായിരുന്നു ഞായറാഴ്ച അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ പ്രസിഡന്റിന് നല്കിയ നിര്‍ദേശം.
കഴിഞ്ഞ പത്ത് മാസക്കാലമായി അസദിന്റെ ഭരണത്തിനെതിരെ ജനകീയ രോഷം ആഞ്ഞടിക്കുകയാണ്. സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ 5000ലേറെ പേര് കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. എന്നാല്‍ വിദേശ ശക്തികളുടെ പിന്തുണയുള്ള സായുധരായ ഭീകരര്‍ 2000ലേറെ സുരക്ഷാ ഭടന്മാരെ വധിച്ചതായി ഭരണകൂടം വെളിപ്പെടുത്തുന്നു.
അറബിളെഗ് വിദേശകാര്യ മന്ത്രിമാരുടെ ആവശ്യത്തെ സിറിയക്കെതിരെയുള്ള ഗൂഢാലോചനയായി ഔദ്യോഗികവൃത്തങ്ങള്‍ കരുതുന്നു. സിറിയയിലെ ഭീകരര്‍ക്ക് ആയുധവും പണവും ലഭിക്കുന്നത് നിയന്ത്രിക്കുന്നതിന് പകരം ഇത്തരം സ്ഫോടനാത്മകമായ പ്രസ്താവനകളാണ് അറബ് ലീഗ് നടത്തുന്നതെന്നും വക്താവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: