അബൂജ: നൈജീരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 160 ആയി. മരിച്ചവരില്‍ ഒരു ഇന്ത്യാക്കാരനും ഉള്‍പ്പെടുന്നു. ഗുജറാത്ത് സ്വദേശി കേവല്‍ കുമാര്‍ കാളിദാസ് രാജ്പുത് ആണ് മരിച്ചത്. രണ്ട് കുട്ടികളടക്കം ആറ് ഇന്ത്യാക്കാര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കാനോയിലെ ഒരു കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു രാജ്പുത്. രാജ്പുതിനൊപ്പം ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശികളായ ബരിപ്രസാദ് ഭുസല്, രാജ് സിംഗ് എന്നിവരും മരണപ്പെട്ടു. ബോംബ് സ്ഫോടനത്തിന് പിന്നാലെ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ രൂക്ഷമായ വെടിവയ്പുണ്ടായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബൊക്കോ ഹറം തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്.
തടവില്‍ കഴിയുന്ന സംഘാംഗങ്ങളെ വിട്ടയയ്ക്കാത്തത്ലുള്ള പ്രതികാരമാണ് അക്രമത്തിന്റെ പിന്നിലെന്ന് ബൊക്കോ ഹറം വക്താവ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് മേഖലയില്‍ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മുസ്ലീം യാഥാസ്ഥിതിക സംഘടനയായ ബൊക്കോ ഹറം നൈജീരിയയില്‍ നടത്തിവരുന്ന അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: