എരുമേലി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായി രൂപീകരിച്ച ജനകീയ പോലീസ് കമ്മറ്റിയെക്കൊണ്ട് ഇരുമ്പൂന്നിക്കര കോയിക്കക്കാവ് മേഖലയിലെ ജനങ്ങള്‍ പൊറുതിമുട്ടി. ജനകീയ പോലീസ് കമ്മറ്റി സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി വീടുകളിലെത്തി പ്രശ്നങ്ങള്‍ തീര്ക്കുന്നയാള്ക്കെതിരെ നാട്ടുകാര്‍ രണ്ടുപരാതികളാണ് സ്ഥലത്തെ പോലീസില്‍ നല്‍കിയിരിക്കുന്നത്. നാട്ടുകാരുടെ കടുത്ത പരാതിയെത്തുടര്‍ന്നാണ് വീട്ടുമുറ്റത്ത് പണംവച്ച് ചീട്ടുകളിച്ച ജനകീയ പോലീസ് നേതാവും വനസംരക്ഷണ സമിതി നേതാവുമടക്കം നാലുപേരെ പോലീസ് അറസ്റ്റുചെയ്തത്. വീട്ടുടമസ്ഥനായ മാതിരംപള്ളിയില്‍ രാജപ്പന്, മകന് രതീഷ്, തുമരം പാറ കുളത്തിങ്കല്‍ നൗഷാദ്, ഇരുമ്പൂന്നിക്കര കരിപ്പായില്‍ കുര്യന് എന്നിവരെയാണ് ൨൨൦൦രൂപ സഹിതം കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ജനകീയ പോലീസിണ്റ്റെ മറവില്‍ പലവീടുകളിലും പ്രശ്നങ്ങള്‍ തീര്‍ക്കാനെന്ന പേരില്‍ കയറിച്ചെന്ന് അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതികളുണ്ട്. ഒരു വീട്ടമ്മ ഇത്തരത്തില്‍ പരാതി നല്കിയ കേസ് കോടതിവരെ എത്തിയിരിക്കുകയാണ്. കുടുംബവഴക്ക് തീര്‍ക്കാനെത്തിയ ജനകീയ പോലീസ് സെക്രട്ടറി വീട്ടില്‍കയറി മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് മറ്റൊരു കേസ് എരുമേലി പോലീസ് സ്റ്റേഷനിലുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. ജനകീയ പോലീസിണ്റ്റെ അധികാരമുപയോഗിച്ച് ചിലയാളുകള്‍ ജനജീവിതത്തെ ഭയാശങ്കയിലാഴ്ത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജനകീയ പോലീസ് കമ്മറ്റിയില്‍ വിലസി നടക്കുന്നതില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും ഇത്തരക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തി മേഖലയില്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു. ജനകീയ കമ്മറ്റിയുണ്ടെങ്കില്‍ അത് പിരിച്ചുവിടുകയും സത്സ്വഭാവികളായവരെ ഉള്‍പ്പെടുത്തി പുതിയ കമ്മറ്റി ആവശ്യമെങ്കില്‍ രൂപീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: