ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് അടച്ചിട്ട അഫ്ഗാന് പാത തുറന്നുകൊടുക്കാന്‍ പാക്കിസ്ഥാന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പാക് വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎസ് ഉള്‍പ്പെട്ട നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പാക്കിസ്ഥാന് പാത അടച്ചത്. രാജ്യത്തുകൂടി അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതു തടയുകയായിരുന്നു. പാത തുറന്നുകൊടുക്കുന്നതിനുള്ള നിബന്ധകളില്‍ തീരുമാനമായില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അബ്ദുള്‍ ബാസിത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉഭയകക്ഷിബന്ധം പാര്‍ലമെന്റ് പുനഃപരിശോധിക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുന്നതുവരെ യുഎസ് നയതന്ത്ര പ്രതിനിധി മാര്‍ക് ഗ്രോസ്മാന്റെ പാക്കിസ്ഥാന് സന്ദര്‍ശനം നീട്ടണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രോസ്മാന്റെ സന്ദര്‍ശനം നിഷ്ഫലമാകുമെന്ന് കരുതുന്നില്ല. എന്നാല്‍ സന്ദര്‍ശനത്തിനുമുന്‍പ് പാക് സര്‍ക്കാരിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്ഥാന് ആഗ്രഹിക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി ഫോണില്‍ ഉഭയകക്ഷി ബന്ധം ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: