അകേരളത്തിന്റെ കലാ സാംസ്കാരിക രംഗം ആകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന മഹത്തായ ഒരുത്സവം അരങ്ങേറുകയാണിപ്പോള്‍. സംസ്ഥാന സ്കൂള്‍ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം. ഇതുപോലെ ഒന്ന് വേറെ എങ്ങുമില്ലെന്ന് അതനുഭവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 52 വര്‍ഷങ്ങളായി കലോത്സവം നടത്തുന്നു. ഓരോ സ്കൂള്‍ കലോത്സവവും അതില്‍ പങ്കുചേരുന്നവര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന വലിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അനേകം അനഭിലഷണീയമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയെ ആകെ ബാധിച്ചിരിക്കുന്ന പുഴുക്കുത്തുകള്‍ കലോത്സവത്തെയും ബാധിച്ചിട്ടുണ്ട്. അതെല്ലാം പരിഹരിക്കുമെന്നും കലോത്സവത്തെ തികച്ചും കലയുടെ ഉത്സവമാക്കി മാറ്റുമെന്നും അതാതു കാലത്തെ സര്‍ക്കാരുകളും മന്ത്രിമാരും പറയാറുണ്ട്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഓരോ കലോത്സവവും അവരുടെ സ്വന്തം മേളയാക്കി മാറ്റാനാണ് ശ്രമിക്കാറ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേരളം ഭരിച്ചിരുന്നത് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭയാണ്. എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയും. സാംസ്കാരിക വകുപ്പിന്റെ കൂടി ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് അടയാളമിടത്തക്ക രീതിയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനായില്ലെങ്കിലും തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയുന്നതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലീം ലീഗില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രി അമ്പേ പരാജയമാകുമ്പോള്‍ എം.എ.ബേബിക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു. മന്ത്രി അബ്ദുറബ്ബിന്റെ മണ്ടത്തരങ്ങള്‍ എം.എ.ബേബിയെ നല്ലവനെന്നു വിളിക്കാന്‍ പ്രേരിപ്പിക്കുന്നു.
ബേബിയുടെ ഭരണകാലത്ത് സ്കൂള്‍ കലോത്സവങ്ങളെ അടക്കി ഭരിച്ചിരുന്നതും നടത്തിപ്പില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതും സിപിഎമ്മുകാരാണ്. ഇപ്പോള്‍ മുസ്ലീം ലീഗിന്റെ ഭരണത്തില്‍ ആ സ്ഥാനം ലീഗുകാര്‍ കയ്യടക്കുന്നു. തൃശ്ശൂരില്‍ കാണാന്‍ കഴിയുന്നതും അതാണ്. സാധാരണ അടുത്ത വര്‍ഷത്തെ കലോത്സവത്തിന്റെ സ്ഥലം ഈ കലോത്സവത്തില്‍ തീരുമാനിക്കാറുണ്ട്. സ്ഥലം തീരുമാനിക്കുമ്പോള്‍ എല്ലാ പ്രദേശത്തിനും പ്രാതിനിധ്യം ഉണ്ടാകാന്‍ ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ അതിനു മാറ്റം വന്നു. ഇപ്പോള്‍ തൃശ്ശൂരില്‍ നടക്കുന്ന കലോത്സവം അടുത്ത കൊല്ലം തൊട്ടടുത്ത ജില്ലയായ മലപ്പുറത്താണെത്തുന്നത്. അത് മുസ്ലീം ലീഗിന്റെ താല്പര്യപ്രകാരമാണെന്നത് സ്പഷ്ടം. വരുന്ന നാലു വര്‍ഷവും മലപ്പുറം ജില്ലയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുമോ എന്നതില്‍ മാത്രമാണിപ്പോള്‍ സംശയം.
1957ലാണ് സംസ്ഥാന തലത്തില്‍ സ്കൂള്‍ കലോത്സവം ആരംഭിക്കുന്നത്. 1957 ജനുവരി 26ന് എറണാകുളമാണ് ആ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിെന്റ നടത്തിപ്പ് ചുമതല. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ അലങ്കാര പന്തല്‍ അന്നുണ്ടായിരുന്നില്ല. പതിനായിരക്കണക്കിന് കലാസ്വാദകരുമില്ല. മത്സരാര്‍ഥികളുടെ തള്ളിച്ചയില്ല. പത്തും പതിനഞ്ചും വേദികളില്ല. ഗേള്‍സ് സ്കൂളിലെ ക്ലാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. പ്രസംഗം, പദ്യപാരായണം, ഉപകരണ സംഗീതം, ശാസ്ത്രീയ സംഗീതം, സിംഗിള്‍ ഡാന്‍സ്, ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലേ എന്നിവയായിരുന്നു ഇനങ്ങള്‍. രണ്ട് ദിവസമായിരുന്നു കലോത്സവം. മത്സരാര്ഥികളും, അധ്യാപകരും എസ്.ആര്.വി സ്കൂളിലായിരുന്നു ഈ ദിവസങ്ങളില്‍ താമസിച്ചിരുന്നത്.
ആദ്യ കലോത്സവത്തില്‍ നിന്ന് ഇപ്പോള്‍ അന്പത്തിരണ്ടാം കലോത്സവത്തിലെത്തി നില്ക്കുമ്പോള് എല്ലാ അര്‍ത്ഥത്തിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓരോ വര്‍ഷവും നിറപ്പകിട്ട് കൂടിക്കൂടി വരികയായിരുന്നു. അതിനനുസരിച്ച് പരാതികളും പരിഭവങ്ങളും കൂടി. കോടതിയും കേസുമൊക്കെയായി. പ്രതിഭയും തിലകവുമുണ്ടായപ്പോള്‍ മത്സരബോധം വളര്‍ന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മത്സരം രക്ഷിതാക്കളിലേക്കെത്തി. വിജയിക്കുന്നതിന് വളഞ്ഞവഴി സ്വീകരിക്കുന്നവരുണ്ടായി. കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതുവരെ കാര്യങ്ങളെത്തി. സന്തോഷത്തിന്റെ കലോത്സവം പൊട്ടിക്കരച്ചിലിനു വഴിമാറി.
1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭപട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്. വിനീതും, കലാതിലകപട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. പിന്നീട് അറിയപ്പെടുന്ന സിനിമാ താരങ്ങളായിമാറി ഇരുവരും. ഇതോടെ കടുത്ത മത്സരത്തിന് വഴിമാറുകയായിരുന്നു കലോത്സവങ്ങള്‍. കലോത്സവത്തില്‍ തിലകവും പ്രതിഭയുമാകുന്നത് സിനിമയിലേക്കുള്ള വഴിതുറക്കലായാണ് പലരും കണ്ടത്. തിലക, പ്രതിഭാ പട്ടങ്ങള്‍ നേടിയെടുക്കാന്‍ അതിനാല്‍ തന്നെ പണം വാരിക്കോരി ചെലവിടാനും തുടങ്ങി.
നൃത്തനൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്ക് മാത്രം പ്രതിഭാ, തിലക പട്ടങ്ങള്‍ നല്കിയാല് മതിയെന്ന പരിഷ്കാരം നിലവില്‍ വന്നത് 1999 മുതലാണ്. ഈ നിബന്ധന പാലിക്കാന്‍ പലര്‍ക്കും കഴിയാതെ വന്നതോടെ തുടര്‍ന്നുള്ള പലവര്‍ഷങ്ങളിലും കലാപ്രതിഭാ പട്ടത്തിന് അവകാശികളില്ലാതെയായി. പിന്നീടുള്ള കലോത്സവ വേദികളില്‍ കലാതിലക പട്ടത്തിനായുള്ള പിടിവലി മത്സരാര്‍ഥികളുടെ രക്ഷിതാക്കളും നൃത്ത അധ്യാപകരും ഏറ്റെടുത്തു. അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ ഒഴിവാക്കുന്നതിെന്റ ഭാഗമായാണ് പട്ടങ്ങള്‍ നല്‍കുന്നത് നിറുത്തലാക്കിയത്.
പിന്നീട് 2006ലാണ് ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നത്. ഇതിന് മുന്‍കൈയെടുത്തത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ്. കഴിഞ്ഞ അഞ്ചുകൊല്ലങ്ങളായി ഈ രീതി തുടരുകയാണ്. ഒരു മത്സരത്തിനും ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനുമില്ല. കഴിവുകള്‍ മാറ്റുരയ്ക്കപ്പെടുന്നുണ്ടെങ്കിലും അനാരോഗ്യകരമായ മത്സരങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ അതിലൂടെ കഴിഞ്ഞു. തിലകവും പ്രതിഭയും ഇല്ലാതിരുന്നിട്ടും കലോത്സവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. ഓരോ വര്‍ഷവും കൂടുതല്‍ വര്‍ണ്ണാഭമാകുകയും പ്രശസ്തിയിലേക്ക് ഉയരുകയുമാണ് സ്കൂള്‍ കലോത്സവം.
ഇപ്പോള്‍ മുസ്ലീം ലീഗുകാരനായ വിദ്യാഭ്യാസ മന്ത്രി പറയുന്നു തിലകവും പ്രതിഭയും തിരിച്ചു കൊണ്ടു വരുമെന്ന്. മന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് കുറെ പേര് രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്കും മന്ത്രിക്കും ഇതിലുള്ള താല്പര്യം എന്താണെന്നറിയില്ല. കലോത്സവം മലപ്പുറത്തെത്തുമ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരുടെ മക്കള്‍ക്ക് കൂടുതല്‍ മാര്‍ക്കു നല്കി കലാതിലകവും കലാപ്രതിഭയുമാക്കാമെന്നാണോ എന്നറിയില്ല. എന്തായിരുന്നാലും തീരുമാനം കലോത്സവത്തിന്റെ നല്ല നടത്തിപ്പിനെ ബാധിക്കുമെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
വിദ്യാര്‍ത്ഥികളെ ഒന്നാമതെത്തിക്കാന്‍ മത്സരിക്കുന്ന രക്ഷിതാക്കളുടെ വീറും വാശിയും വര്ദ്ധിക്കുമെന്നതിലുപരി ഇപ്പോഴുള്ള ഉത്സവാന്തരീക്ഷത്തെ ഇല്ലാതാക്കാനും തിലകവും പ്രതിഭയും തിരികെ കൊണ്ടു വരുന്നതിലൂടെ ഇടവരും. കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്നത് വിദ്യാര്ത്ഥികളായിരിക്കുമെന്നതാണ് ദുഃഖകരമായ വസ്തുത. അവരുടെ പഠനത്തെയും മാനസിക നിലയെയും കൂടി അതു ബാധിച്ചേക്കാം. ആ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കരുത്.
കുട്ടികള്‍ കലോത്സവത്തിനെത്തട്ടെ. എല്ലാ കലകള്‍ക്കും കഴിവു പ്രകടമാക്കട്ടെ. സന്തോഷം പങ്കു വയ്ക്കട്ടെ. ഓരോരുത്തരും തമ്മില്‍ മത്സരിച്ച് സൗഹൃദവും സ്നേഹവും ഇല്ലാതാക്കാനുള്ള അവസരം ഉണ്ടാക്കരുത്. കലോത്സവ വേദികളെ സംഘര്‍ഷത്തിന്റെയും അനാരോഗ്യ പ്രവണതകളുടെയും വേദിയാക്കി മാറ്റരുത്.
“….കൂടെയല്ല ജനിക്കുന്ന നേരത്തും
കൂടെയല്ല മരിക്കുന്ന നേരത്തും
മധ്യേ ഇങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന്ന് നാം വൃഥാ…..”
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: