ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഒളിമ്പിക്സ് സംഘാടക സമിതി മുന്‍ ചെയര്മാന് സുരേഷ് കല്‍മാഡി, ഗെയിംസ് കമ്മറ്റി ഡയറക്ടര്‍ ജനറല്‍ വി.കെ. വര്‍മ്മ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവക്കണം. ഇരുവരും രാജ്യം വിട്ട് പോകരുതെന്നും കോടതിനടപടികളില്‍ കൃത്യമായി ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ജസ്റ്റിസ് മുക്ത ഗുപ്തയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
2011 ഏപ്രില്‍ മാസത്തില്‍ അറസ്റ്റിലായ കല്‍മാഡി ഒന്‍പത് മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന് വിവിധ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതിലെ ക്രമക്കേടും അഴിമതിയുമാണ് കല്‍മാഡിയെ തിഹാര്‍ ജയിലില്‍ എത്തിച്ചത്. ടൈം-സ്കോര്‍-റിസര്‍ട്ട് സംവിധാനം സ്ഥാപിക്കാന്‍ സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയതുവഴി സര്‍ക്കാരിന് 90 കോടിരൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.
സ്പെക്ട്രം കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കല്‍മാഡി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞെന്നും വിചാരണ നടപടികള്‍ വേഗത്തില്‍ ആരംഭിക്കുവാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും കല്‍മാഡി ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സിബിഐ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: