മുംബൈ: 2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് പാക് സമിതി ഇന്ത്യയിലെത്തുന്നു. ഫെബ്രുവരി മൂന്നിനാണ് പാക്കിസ്താനി ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണത്തിനായി ഇന്ത്യയിലെത്തുന്നത്. മുംബൈ ഭീകരാക്രമണം നടന്ന് മൂന്ന് വംര്ഷത്തിനുശേഷമാണ് അന്വേഷണ സംഘം ഇവിടെയെത്തുന്നത്.
ബോംബെ ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് ജുഡീഷ്യല്‍ കമ്മീഷന് മുംബൈയില്‍ എത്തുന്നതിനുള്ള അനുമതി നല്‍കിയത്. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സംഘം ഇന്ത്യയിലെത്തുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി വിവരം നല്‍കിയിട്ടുണ്ട്.
അഡീഷണല്‍ ചീഫ് മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് ആര്.വി.സാവന്ത് വഗുലെ, അന്വേഷണ ഉദ്യോഗസ്ഥന് രമേഷ് മഹാലെ എന്നിവരില്‍ നിന്നും പാക്കിസ്താനി കമ്മീഷന് മൊഴി രേഖപ്പെടുത്തും. മുംബൈ ആക്രമണത്തിലെ ജീവിച്ചിരിക്കുന്ന ഏക പ്രതി അജ്മല്‍ കസബില് നിന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് മഹാലെ ആയിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാരുടെ മൊഴിയും പാക് അന്വേഷണ സംഘം രേഖപ്പെടുത്തും. പാക്കിസ്താന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെത്തുന്നവരെ സംബന്ധിച്ചുള്ള ഗസറ്റ് വിഞ്ജാപനം ഇതിനോടകം തന്നെ പാക്കിസ്താന് സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു.
ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക അന്വേഷണ സംഘം മേധാവി ഖാലിദ് ഖുറേഷി, മുഹമ്മദ് അസര്‍ ചൗധരി, ചൗധരി സുല്‍ഫിക്കര്‍, രണ്ട് പ്രധാന പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരായിരിക്കും അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: