പെരുമ്പാവൂര്‍: കേരളത്തിലെ പ്രമുഖമായ അയ്യപ്പക്ഷേത്ര മുറ്റത്ത് ഗോഹത്യ നടത്തിയ പ്രതികള്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ ദൃശ്യമാധ്യമങ്ങളെ സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുകയായിരുന്നുവെന്നും ഇത് തീര്‍ത്തും അപലപനീയവും ഖേദകരവുമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. പെരുമ്പാവൂരില്‍ ഗോഹത്യ നടന്ന ക്ഷേത്രമൈതാനം സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടാണ് മനുഷ്യഹത്യക്ക് തുല്യമായി നടന്ന സംഭവം തമസ്കരിക്കാന്‍ ശ്രമിച്ചതെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ നടന്ന ഈ സംഭവത്തെ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഇത് ഒരു ഹിന്ദുമുസ്ലീം വര്‍ഗ്ഗീയ പ്രശ്നമല്ല, മറിച്ച് ദേശീയവികാരവും ഇന്ത്യന്‍ ഭരണഘടനക്കെതിരായുള്ള കടന്നുകയറ്റവുമാണ് നടന്നിട്ടുള്ളത്. അതിനാല്‍ മൃഗസംരക്ഷണ നിയമമനുസരിച്ച് ഇത്തരക്കാര്‍ക്കെതിരെ കേസ്സെടുക്കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള എസ്പിസിഎ പോലുള്ള സംഘടനകളും ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് പെരുമ്പാവൂരില്‍ ആര്‍ക്കും എവിടെയും കശാപ്പ്ശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ തന്നെ മൗനാനുവാദം നല്‍കുകയാണെന്നും ആയിരങ്ങളുടെ വിശ്വാസങ്ങളെ മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാമെതിരെ ഗോരക്ഷാ പ്രവര്‍ത്തനം പെരുമ്പാവൂരില്‍ നിന്നുതന്നെ ആരംഭിക്കുകയാണെന്നും അതിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറായിവരുന്നതായും അദ്ദേഹം അറിയിച്ചു.
ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കെ.പി. രമേഷ്, ഹിന്ദുഐക്യവേദി നേതാക്കളായ ആര്.വി. ബാബു, ഇ.എസ്. ബിജു, എം.കെ. കുഞ്ഞോല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: