കണ്ണൂര്‍: എബിവിപിയുടെ 29-ാം സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള വിദ്യാര്‍ത്ഥിറാലി ഇന്ന് വൈകുന്നേരം 3 മണിക്കാരംഭിക്കും. സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന വിദ്യാര്‍ത്ഥിറാലി സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.റാലിയില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് അണിനിരക്കുക. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം എബിവിപി അഖിലേന്ത്യാ സെക്രട്ടറി കടിയംരാജു ഉദ്ഘാടനം ചെയ്യും. എബിവിപി സംസ്ഥാന പ്രസിഡണ്ട് പി.ആര്.ബാബു അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എന്‍.പി.ശിഖ, സംസ്ഥാന ജോയന്റ് സെക്രട്ടറി എം.അനീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 21, 22 തീയ്യതികളില്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 300 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മുന്‍ കേന്ദ്ര മന്ത്രിയും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മുന്‍ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ.സുബ്രഹ്മണ്യന് സ്വാമി, എബിവിപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി കെ.എന്‍.രഘുനന്ദന്, ദക്ഷിണ ഭാരത സംഘടനാ സെക്രട്ടറി എന്‍.രവികുമാര്‍ തുടങ്ങിയ പ്രമുഖര്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
2010 ഡിസംബര്‍ മാസം മുതല്‍ എബിവിപി നടത്തിവരുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനുമുള്ള പരിപാടികള്‍ സമ്മേളനം ആസുത്രണം ചെയ്യും. ഭാരതത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന ഓള് ഇന്ത്യാ ഫീസ് സ്ട്രെക്ചര്‍ സര്‍വ്വെയുടെ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. കൂടാതെ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും സമ്മേളനം ആസൂത്രണം ചെയ്യും.വിദ്യാര്‍ത്ഥി മുന്നേറ്റം അഴിമതി വിമുക്ത കേരളത്തിന്, വിവേകാനന്ദ ദര്‍ശനം സമഗ്രപരിവര്‍ത്തനത്തിന്”എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.
സമ്മേളനത്തോടനുബന്ധിച്ചുള്ള ‘പ്രദര്‍ശിനി’യുടെ ഉദ്ഘാടനം ഇന്നലെ സമ്മേളനസ്വാഗതസംഘം വൈസ് ചെയര്‍മാനും ലാകാരനുമായ വി.പി. ശശികല നിര്‍വ്വഹിച്ചു. പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ എബിവിപി നഗര്‍ പ്രസിഡണ്ട് സനീഷ് അധ്യക്ഷത വഹിച്ചു. വിവേകാനന്ദന്റെ ജീവിതയാത്ര, അഴിമതി വിരുദ്ധ സമരങ്ങള്‍, കണ്ണൂരിന്റെ സാംസ്കാരിക പാരമ്പര്യം, എബിവിപിയുടെ 62 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം എന്നിവ പ്രദര്‍ശിനിയില്‍ ഒരുക്കിയിട്ടുണ്ട്. കണ്ണൂരില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാനുളള തയ്യാറെടുപ്പിലാണ് കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: