ആലപ്പുഴ: റെയില്‍വെ വികസനത്തിന് ഭൂമി വിട്ടുനല്‍കുന്ന കുടുംബങ്ങളിലെ ഒരംഗത്തിന് റെയില്‍വേയില്‍ ജോലി നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മുനിയപ്പ. ഹരിപ്പാട്-കായംകുളം ഇരട്ടപ്പാതയുടെ ഉദ്ഘാടനവും ഹരിപ്പാട്-അമ്പലപ്പുഴ ഇരട്ടപ്പാതയുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി വിട്ടുനല്‍കാന്‍ കേരളീയര്‍ മടി കാട്ടുന്നതാണ് റെയില്‍-റോഡ് വികസനത്തിന് തടസം. പണം ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണ്. റോഡ്-റെയില്‍വെ വികസനം സാധ്യമായാല്‍ സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇതിലൂടെ കൂടുതല്‍ സാമ്പത്തിക വികസനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സുരക്ഷക്കാണ് റെയില്‍വെ മുന്തിയ പരിഗണന നല്‍കുന്നത്. രാജ്യത്തെ മുഴുവന്‍ ആളില്ലാ ലെവല്‍ക്രോസുകളിലും രണ്ട് വര്‍ഷത്തിനകം ആളെ നിയമിക്കും. 70,000 ആളില്ലാ ലെവല്ക്രോസുകളാണ് രാജ്യത്തൊട്ടാകെയുള്ളത്. കേരളത്തിലെ 400 ആളില്ലാ ലെവല്‍ക്രോസുകളില്‍ 300ലും ആളായി. ശേഷിക്കുന്ന നൂറെണ്ണത്തില്‍ 40 ഇടത്ത് മേല്‍പ്പാലം നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേല്‍പ്പാലങ്ങളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉദ്ദേശ്യം. എന്നാല്‍ ഭൂമി ലഭ്യത ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്.
കേരളത്തില്‍ പുതുതായി 40 റെയില്‍വെ മേല്പാലങ്ങള് നിര്‍മിക്കും. ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍മാണ ചുമതല ഒറ്റ ഏജന്‍സിയെ ഏല്‍പ്പിക്കും. മാര്‍ച്ചിനുള്ളില്‍ റെയില്‍വെ വികസനത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: